മന്ത്രി മുഹമ്മദ് റിയാസിൻ്റെ വയനാടിനായുള്ള ഇടപെടൽ അഭിനന്ദനാർഹം : ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി
മന്ത്രി മുഹമ്മദ് റിയാസിൻ്റെ വയനാടിനായുള്ള ഇടപെടൽ അഭിനന്ദനാർഹം : ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി
കൽപ്പറ്റ: കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നൂറ് ശതമാനം വാക്സിനേഷന്‍ നടപ്പിലാക്കുന്ന പ്രവർത്തനത്തിൽ വയനാട് ജില്ലയ്ക്ക് ആദ്യ ഘട്ടത്തിൽ തന്നെ പ്രത്യേക പരിഗണന നൽകിയ ഇടതുപക്ഷ സർക്കാരിനേയും ഇതിനായി പ്രത്യേക താല്പര്യമെടുത്ത വയനാടിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിനേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. വലിയ കരുതലാണ് ഇടതുപക്ഷ സർക്കാർ വയനാടിനോട് കാണിക്കുന്നത് എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. വയനാടിൻ്റെ ഭാവി പ്രതീക്ഷ ടൂറിസം മേഖലയാണ്. കേരള ടൂറിസത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതാണ് വയനാട് ജില്ല. യുവജനങ്ങളെ സംബന്ധിച്ചും തൊഴിൽ സാധ്യതയുൾപ്പെടെ പ്രതീക്ഷിക്കുന്നതാണ് ടൂറിസം മേഖല. വയനാടിൻ്റെ ടൂറിസം വികസനത്തിനായി വലിയ ഇടപെടലാണ് ടൂറിസം മന്ത്രി നടത്തുന്നത്. കഴിഞ്ഞ ദിവസം ജില്ലാതല യോഗം വിളിച്ച് ചേർത്ത് ടൂറിസം വികസനത്തിനായുള്ള പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
വയനാടിൻ്റെ ടൂറിസം രംഗത്തെ വികസനം പ്രത്യേക താല്പര്യമെടുത്ത് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ളതാണ് എന്ന് തെളിയിച്ച് കൊണ്ടാണ് കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ വയനാടിനെ പരിഗണിച്ച നടപടി.
“കേരള ടൂറിസത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വയനാട് ജില്ലയ്ക്ക് പ്രത്യേക പരിഗണനകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡാനന്തരം ടൂറിസം മേഖലയെ തുറന്നുകൊടുക്കുന്നതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ വൈത്തിരിയിലും മേപ്പാടിയിലും വാക്സിനേഷന്‍ പ്രവര്‍ത്തനം നടത്തും ” – മന്ത്രിയുടെ ഈ വാക്കുകൾ വയനാടൻ ടൂറിസം മേഖലയ്ക്ക് പുത്തനുനർവ്വ് നൽകും. മന്ത്രിസഭയിൽ വയനാടിൻ്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ മുഹമ്മദ് റിയാസിൻ്റെ ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.
Leave a Reply