April 20, 2024

കേരളത്തിൽ പാർട്ടി സെൽ ഭരണമെന്ന് ശോഭാ സുരേന്ദ്രൻ

0
Img 20210719 Wa0023.jpg
കേരളത്തിൽ പാർട്ടി സെൽ ഭരണമെന്ന് ശോഭാ സുരേന്ദ്രൻ
കോഴക്കേസിൽ ഒരു രേഖയും ലഭിച്ചിട്ടില്ല,  പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം

കൽപ്പറ്റ: കേരളത്തിൽ നടക്കുന്നത് പാർട്ടി സെൽ ഭരണമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. വയനാട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തി അഴിമതി നടത്തിയിട്ടും സർക്കാർ ഇടപെടാത്തത് പാർട്ടി സെൽ ഭരണമാണ് നടക്കുന്നത് എന്നതിന് തെളിവാണ്. മന്ത്രിമാരുടെ മുകളിൽ അദൃശ്യ ശക്തിയായി പാർട്ടി സെൽ പ്രവർത്തിക്കുന്നു. പാർട്ടി നേതാക്കളെ മന്ത്രിമാരുടെ ഓഫീസുകളിൽ കുത്തിനിറച്ചിരിക്കുകയാണ്. ഈ അഴിമതികളെല്ലാം നടത്തുന്നത് സിപിഐയും സിപിഎമ്മും ഒത്തുചേർന്നാണ്. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രൻ മരംമുറി വിഷയത്തിൽ മാത്രം മൗനം പാലിക്കുകയാണ്. മരംമുറി ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് കൊണ്ടാണ് കാനത്തിന് മൗനം പാലിക്കേണ്ടി വരുന്നത്. ഈ തീവെട്ടിക്കൊള്ളക്ക് കഴിഞ്ഞ റവന്യൂ, വനം വകുപ്പ് മന്ത്രിമാരാണ് ഒത്താശ ചെയ്തു കൊടുത്തത്. ഇവർക്കെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യണം എന്നാണ് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നത്. ഇവർക്കെതിരെ കേസ് എടുക്കാതെ പാവപ്പെട്ട വനവാസികൾക്ക് എതിരെ കേസെടുത്തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവരാണ് അവർ. ഇവിടെ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകിയവരെ ചുമതലയിൽ നിന്നും മാറ്റുകയാണ്. മാത്രമല്ല നിർബന്ധിച്ച് അവധിയിൽ പ്രവേശിപ്പിക്കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാരിനെയും പാർട്ടിയെയും, വമ്പൻ സ്രാവുകളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജാനുവും സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് കെട്ടുകഥമാത്രമാണ്. യാതൊരുവിധ രേഖകളും ഇതുവരെയും ലഭിച്ചിട്ടില്ല. വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലുകൾ പ്രഹസനമായി മാത്രം മാറി. ആഭ്യന്തരവകുപ്പിന് ബിജെപിയെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢലക്ഷ്യം ആണുള്ളത്. എന്നാൽ ഭാരതീയ ജനതാ പാർട്ടി പ്രതിസന്ധികൾ തരണം ചെയ്താണ് കേരളത്തിൽ വളർന്നത്. കോഴ വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തു കൊണ്ടുവരേണ്ടത് മന്ത്രിസഭ തന്നെയാണ്. എന്നാൽ ഇതുവരെയും അവർക്കതിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് സിപിഎം ഇല്ലാക്കഥകൾ മെനയുന്നതെന്നും എന്നാൽ സത്യാവസ്ഥ പൊതുജനങ്ങൾക്ക് അറിയാം. കൊടകര കേസിൽ പുകമറ സൃഷ്ടിച്ച് വനംകൊള്ളക്ക് കൂട്ടുനിൽക്കുകയാണ് മുഖ്യമന്ത്രി. കൊടകര കേസിൽ ബിജെപിയുടെ നയം നേരത്തെ പറഞ്ഞതാണ്. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അത് തെളിയുകയും ചെയ്തു. ബിജെപിയെ പ്രതിരോധത്തിൽ ആക്കുവാനുള്ള സിപിഎം തന്ത്രം മാത്രമാണ് അത്. പിണറായി വിജയന്റെ പ്ലാനിങ് ആണ് ഇതിനു പിന്നിൽ. കൊടകര കേസ് മാത്രമല്ല, വയനാട്ടിലെ കോഴ വിവാദവും കെട്ടി ചമച്ചതാണ്. ഭരണപക്ഷത്തിന് കുട പിടിച്ചു കൊടുക്കുന്ന ചുമതലയാണ് പ്രതിപക്ഷത്തിന് ഉള്ളത്. കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി പരസ്പരം സഹായിക്കുകയാണ് ഇരുകൂട്ടരും. സാധാരണക്കാർക്ക് ഇവിടെ ഭൂമിയില്ല. സർക്കാരിന്റെ കയ്യിൽ ഭൂമി ഉണ്ടായിട്ടും അവ സാധാരണ ജനങ്ങൾക്ക് കിട്ടുന്നില്ല. പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹമാണ് കേരളത്തിലുള്ളത്. അവർക്ക് ആവശ്യമുള്ള ഭൂമി സർക്കാർ നൽകണം. പെട്രോൾവില യുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ആണ് ബിജെപിക്കെതിരെ ഉയരുന്നത്. എന്നാൽ യഥാർത്ഥത്തിൽ കൊള്ള നടത്തുന്നത് കേരള സർക്കാരാണ്. പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാണ്. എന്നാൽ കേരള സർക്കാർ അതിനു വിമുഖത കാട്ടുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *