മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രാഹുല്‍ഗാന്ധി എം പി അഭിനന്ദിച്ചു


Ad
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രാഹുല്‍ഗാന്ധി എം പി അഭിനന്ദിച്ചു

കല്‍പ്പറ്റ: എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ നൂല്‍പ്പുഴ രാജീവ്ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രാഹുല്‍ഗാന്ധി എം പി അഭിനന്ദിച്ചു. സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അമല്‍രാജ് പി എന്ന വിദ്യാര്‍ത്ഥിയെ എം പി പ്രത്യേകം അഭിനന്ദിച്ചു. പഠനത്തിന്റെ പാതിവഴിയില്‍ ലോകത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് നൂല്‍പ്പുഴ ആര്‍ ജി എം ആര്‍ എച്ച് എസ് എസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിന് തന്നെ പ്രതീക്ഷയായി നിലകൊള്ളുന്നതെന്നും അദ്ദേഹം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. അമല്‍രാജിനെ പോലുള്ള വിദ്യാര്‍ത്ഥികളുടെ തിളക്കമാര്‍ന്ന വിജയം യുവതലമുറക്കുണ്ടാക്കുന്ന പ്രതീക്ഷയും പ്രചോദനവും ചെറുതല്ല. അതുകൊണ്ട് തന്നെ ഈ നേട്ടത്തിന് അടിത്തറയിട്ട അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഗോത്രവിഭാഗത്തിലെ കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രം പഠനം നടത്തുന്ന സ്‌കൂളാണ് ഇത്. 2001 മുതല്‍ എസ് എസ് എല്‍ സി ബാച്ചുള്ള ഈ സ്‌കൂളില്‍ 20 വര്‍ഷത്തിനിടെ ആദ്യമാണ് ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിച്ച് മോട്ടിവേഷന്‍ ക്ലാസുകളടക്കം നടത്തിയിരുന്നുവെന്ന് ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ പറഞ്ഞു. പരപ്പന്‍പാറയിലെ ചോലനായ്ക്ക വിദ്യാര്‍ത്ഥിനിയായ ശോഭയെ തണ്ടര്‍ബോള്‍ട്ടിന്റെയും, പൊലീസ് സേനയുടെയും സഹായത്തോടെയാണ് അവിടെയെത്തി സ്‌കൂളിലേക്ക് കൊണ്ടുവന്നത്. ശോഭക്കും എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടാനായി. വയനാട്ടിലെ 93 കോളനികളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിലാദ്യമായി ഒരു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ എ പ്ലസ് നേടാനായത് ഇനിയുള്ള കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *