March 29, 2024

ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ഉപവാസ സമരം നടത്തി

0
Img 20210727 Wa0129.jpg
ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ഉപവാസ സമരം നടത്തി

കൽപ്പറ്റ : സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലെയും ബസ്സ്റ്റാന്‍ഡുകളില്‍ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസുടമകള്‍ ഉപവാസ സമരം നടത്തി. രാവിലെ 10 മണി മുതൽ 5 വരെയാണ് സമരം.
   2020 ല്‍ 66 രൂപ വിലയുണ്ടായിരുന്ന ഡീസലിന് ഇന്ന് 31 രൂപ വര്‍ദ്ധിച്ച് 97 രൂപയോളമായി. അതോടൊപ്പം തന്നെ ടയര്‍, സ്‌പെയര്‍ പാര്‍ട്ട്‌സ്, ഓയില്‍ മുതലായവയ്ക്കും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ ലോക് ഡൗണിനു ശേഷം ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞതും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ മേഖലയ്ക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പിനു മുന്‍പ് കഴിഞ്ഞ വര്‍ഷം 3 ക്വാര്‍ട്ടറിലെ റോഡ് നികുതി ഒഴിവാക്കി നല്‍കിയതൊഴിച്ചാല്‍ യാതൊരു വിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്‍കിയിട്ടില്ല.എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിനു ശേഷം, ലോക് ഡൗണ്‍ ഉള്‍പ്പടെയുള്ള കാലത്തെ നികുതി പോലും ഒഴിവാക്കാതെ അടയ്ക്കുവാനുള്ള സാവകാശം നീട്ടി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതേ സമയം കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 5000 കെ എസ് ആർ ടി സി ബസുകള്‍ക്ക് 6000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്.
കോവിഡിന് മുന്‍പ് 12500 സ്വകാര്യബസുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 1000-ല്‍ പരം ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ബാക്കി വരുന്ന 10000-ല്‍ അധികം ബസുകള്‍ ഇന്നും നിരത്തിലിറക്കാന്‍ സാധിക്കാത്ത വിധത്തില്‍ കട്ടപ്പുറത്താണ്. ഈ ബസുകള്‍ നിരത്തിലിറങ്ങുന്നതിനു തന്നെ ബസൊന്നിന് 3 ലക്ഷം രൂപയോളം ചെലവ് വരും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ബസുടമകള്‍ അടച്ചതായിട്ടുള്ള 1000 കോടിയിലധികം രൂപ നിലവിലുണ്ട്. ഈ ഫണ്ടില്‍ നിന്നും പലിശരഹിത വായ്പ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
 യാത്രാനിരക്ക് വര്‍ദ്ധനയ്ക്കായി ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ള ജ.രാമചന്ദ്രന്‍ കമ്മീഷന്‍ 25-06-2020-ല്‍ ബഹു. ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതേ വരെ അതില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നത് ഖേദകരമാണ്. ചെലവിന് ആനുപാതികമായി വിദ്യാര്‍ത്ഥികളുടേതടക്കമുള്ള ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനും കോവിഡ് കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കുന്നതിനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇപ്പോള്‍ നിരത്തിലോടുന്ന ബസുകളില്‍ മിക്കതിനും ഡീസലടിക്കാന്‍ പണമില്ലാതെയും പകുതി ശമ്പളം പോലും ജീവനക്കാര്‍ക്ക് കൊടുക്കാനാകാത്ത സ്ഥിതിയുമാണുള്ളത്.
ഈ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ 140 മണ്ഡലങ്ങളിലെയും എം എൽ എ മാരെയും എം പി മാരെയും നേരില്‍ കണ്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും ഇതേ വരെ ബഹു. ഗവണ്‍മെന്റ് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തെ എം എൽ എ മാര്‍ നിയമസഭയില്‍ വിഷയം അവതരിപ്പിച്ചിട്ടും യാതൊരു തീരുമാനവും ഇതേ വരെ സ്വീകരിച്ചിട്ടില്ല.പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബഹു.ഗതാഗത മന്ത്രി ജൂലായ് 6 ന് ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലും യാതൊരു തീരുമാനവും കൈക്കൊള്ളാത്തത് പ്രതിഷേധാര്‍ഹമാണ്.
140 കിലോമീറ്ററിലധികം ദൂരത്തില്‍ ഓടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതെയുള്ള അവസ്ഥയും സംസ്ഥാനത്ത് നിലനില്‍ക്കുന്നു.
സര്‍ക്കാരിന്റെ ഈ നിഷേധാത്മക സമീപനം കാരണമാണ് രണ്ടു ബസുടമകള്‍ക്ക് ജീവനൊടുക്കേണ്ടി വന്നത് .അതോടൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി തൊഴിലാളികള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്നു എന്നുള്ളതും ഒരു സര്‍ക്കാരിന് ഭൂഷണമല്ല. ഇനിയും ആത്മഹത്യകള്‍ വര്‍ദ്ധിക്കാതിരിക്കാനായി
ഗവണ്‍മെന്റ് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗമായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
ഉപവാസ സമരത്തിന്റെ ഭാഗമായി ജില്ലയിലെ കല്‍പ്പറ്റ,പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡുകളില്‍ ബസ്സുടമകള്‍ ഉപവസിച്ച് സമരം ചെയ്തു. കല്‍പ്പറ്റ നടന്ന സമരം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി. കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് സെക്രട്ടറി സി.എ.മാത്യു സ്വാഗതം പറഞ്ഞു. ഐ. യു. എം. എല്‍ ജില്ലാ സെക്രട്ടറി യഹിയാഖാന്‍ തലയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഗിരീഷ് കല്‍പ്പറ്റ (ഐ.എന്‍.ടി.യു.സി), ഹരിദാസ് (ബി.എം.എസ്), പി. കെ. അനില്‍ കുമാര്‍ (എച്ച്.എം. എസ്),രഞ്ജിത്ത് റാാം(വയനാട് ജില്ലാ സെക്രട്ടറി, പി ബി ഒ എ) പൈലി (രക്ഷാധികാരി, വൈത്തിരി താലൂക്ക്), ബീരാന്‍ കുട്ടി ഹാജി അല്‍ മുബാറക് (ജില്ലാ ജോയിന്റ് സെക്രട്ടറി, പി. ബി. ഒ. എ), ടി.വി.ശ്രീജേഷ് (ജില്ലാ കമ്മിറ്റി അംഗം), വിശ്വനാഥന്‍ (മീനങ്ങാടി യൂണിറ്റ് സെക്രട്ടറി) ബിനുരാജ്(ബത്തേരി താലൂക്ക് സെക്രട്ടറി), പി. കെ. പ്രേമന്‍(ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വൈത്തിരി താലൂക്ക് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം നന്ദി രേഖപ്പെടുത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *