March 29, 2024

കോവിഡ് മഹാമാരി കാലത്തും കർമനിരതമായി ‘സ്നേഹിത’

0
Snehitha Counselling.jpeg
കോവിഡ് മഹാമാരി കാലത്തും കർമനിരതമായി 'സ്നേഹിത' ; ഗാര്‍ഹിക പീഡനങ്ങൾ, ഗോത്രവർഗ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയിൽ കൃത്യമായ ഇടപെടലുകൾ 

കൽപ്പറ്റ: ഏഴ് വർഷങ്ങൾക്ക് മുമ്പാണ് കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബേഗൂരില്‍ നിന്ന് 15 വയസ്സുകാരി കൽപ്പറ്റയിലെ കുടുംബശ്രീ സ്‌നേഹിതയില്‍ എത്തുന്നത്. പിതാവിനുണ്ടായ വെറുപ്പ് കാരണം പിതൃ സഹോദരന്റെ വീട്ടിലാണ് വളർന്നത്. അവിടെ നിന്നും ശാരീരികവും, മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതിനാൽ കർണാടകയിലെ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നു. ഒൻപതാം ക്ലാസ് വരെ അവിടെ കന്നട ഭാഷയിലായിരുന്നു പഠനം. പിന്നീട് മാതാപിതാക്കൾക്കൊപ്പം തിരികെ നാട്ടിലെത്തി. ഇവിടെയും വെല്ലുവിളികളായിരുന്നു ഇവളെ കാത്തിരുന്നത്. ഇതിനേത്തുടർന്നാണ് തിരുനെല്ലി ജി.ആര്‍.സി മുഖാന്തിരം സ്നേഹിതയിലേക്ക് എത്തുന്നത്. സ്നേഹിതയിൽ അനേകം പേർക്കൊപ്പം ഇവൾക്കും പുതുജീവിതമാണ്. ഒൻപതാം തരം വരെ പഠിച്ച കന്നടക്കൊപ്പം മലയാളവും ഇവിടെ നിന്ന് പഠിച്ചു. സാക്ഷരതാമിഷന്‍ തുല്യതാ പരീക്ഷയും എഴുതി. സ്വയം തൊഴിൽ എന്ന നിലയിൽ തയ്യലും പഠിച്ചു. ഇതിലൂടെ ഇന്ന് വരുമാനവുമുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ സേവ് ദ ചില്‍ഡ്രന്‍ പ്രോഗ്രാമുമായി ചേര്‍ന്ന് നടത്തിയ പ്ലൈവുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് തയ്യല്‍ മെഷീന്‍ ലഭിച്ചത്. ഇതിനെല്ലാം കൈത്താങ്ങായത് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ആയിരുന്നു.  

അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയ കേന്ദ്രമായി 2015 ലാണ് കുടുംബശ്രീയുടെ കീഴിൽ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുന്നത്. സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾക്കും, കുട്ടികൾക്കും അടിസ്ഥാനപരമായ സുരക്ഷിതത്വം നൽകുക എന്നതാണ് സ്നേഹിതയുടെ ലക്ഷ്യം. കൗണ്‍സിലിംഗ്, ബോധവല്‍ക്കരണം, താത്ക്കാലിക അഭയം, നിയമ സഹായം, സെമിനാറുകള്‍, ജെന്‍ഡര്‍ ക്യാമ്പയിനുകള്‍ എന്നിങ്ങനെ 24 മണിക്കൂർ സേവനമാണ് സ്‌നേഹിത നൽകുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും ആധുനിക സാങ്കേതിക വിദ്യയും, കുടുംബശ്രീ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി സ്നേഹിത കർമനിരതമാണ്. ഇതര വകുപ്പുകൾ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാർ, ആനിമേറ്റർമാർ, കുടുംബശ്രീയുടെ മറ്റ് പിന്തുണ സംവിധാനങ്ങൾ എന്നിവയും സ്നേഹിതയ്ക്ക് പിന്തുണയാകുന്നു. ഗാര്‍ഹിക പീഡനങ്ങൾ, ഗോത്രവർഗ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയിൽ കൃത്യമായ ഇടപെടലുകളാണ് സ്നേഹിത നടത്തുന്നത്.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സഹായത്തോടെ രണ്ടായിരത്തിലധികം ആദിവാസി കുടുംബങ്ങൾക്ക് കോവിഡ് ബോധവത്കരണവും, മാനസിക പിന്തുണയും നല്‍കി. 'ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട്' എന്ന ടെലി കൗണ്‍സിലിങ് പരിപാടിയും നടത്തുന്നുണ്ട്. ഇതിനോടകം 11,233 പേർക്കാണ് ഇതിനകം കൗൺസലിംഗ് നൽകിയത്. കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനായി ഗ്രാമ പ്രദേശങ്ങളിൽ തുറന്ന ഹെല്‍പ് ഡെസ്‌കും നിരവധി പേർക്ക് ആശ്വാസമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *