March 28, 2024

കേരള ചിക്കൻ പദ്ധതി; എണ്ണൂറ് ഫാമുകൾക്ക് അമ്പതിനായിരം രൂപ വീതം 4 കോടി സബ്സിഡി

0
Img 20210814 Wa0030.jpg
കേരള ചിക്കൻ പദ്ധതി;

എണ്ണൂറ് ഫാമുകൾക്ക് അമ്പതിനായിരം രൂപ വീതം 4 കോടി സബ്സിഡി

ബ്രഹ്മഗിരിക്ക് റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ 19 കോടി
കൽപ്പറ്റ: കേരള ചിക്കൻ പദ്ധതിയിൽ കർഷക സബ്‌സിഡിയായി എണ്ണൂറ് കോഴി ഫാമുകൾക്ക് അമ്പതിനായിരം രൂപ വീതം 4 കോടി സർക്കാർ അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസൻസുള്ള ഫാമുകൾക്കുമാണ് സബ്സിഡി ലഭിക്കുക. ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതി വിപുലപ്പെടുത്തുന്നതിനായി 19 കോടിയും സർക്കാർ അനുവദിക്കും. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) യോഗത്തിലാണ് തീരുമാനം. നേരത്തെ മുഖ്യമന്ത്രിയുമായി ബ്രഹ്മഗിരി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പദ്ധതി വിപുലപ്പെടുത്തുന്നതിനുള്ള പിന്തുണ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വരുന്ന അഞ്ച് മാസത്തിനുള്ളിൽ മലബാർ മേഖലയിൽ എണ്ണൂറ് ഇറച്ചി കോഴി ഫാമുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 300 ഫാമുകൾ വയനാട്ടിലും,100 വീതം ഫാമുകൾ പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും തുടങ്ങും. സ്വകാര്യ സംരംഭകൾ വളർത്തുകൂലിയായി കിലോഗ്രാമിന് 6 രൂപ നൽകുമ്പോൾ ബ്രഹ്മഗിരി 8 മുതൽ 11 രൂപ വരെ കേരള ചിക്കൻ പദ്ധതിയിലൂടെ കർഷകർക്ക് നൽകുന്നു. തുടക്കത്തിൽ ഒരു കോഴിക്കുഞ്ഞിന് 130 രൂപ എന്ന നിരക്കിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കോഴിത്തീറ്റ, മരുന്ന്, മൃഗ ഡോക്ടർമാരുടെ സേവനം എന്നിവ പദ്ധതി പ്രകാരം ലഭിക്കും. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്ന ഘട്ടത്തിൽ കർഷകന് കോഴിക്കുഞ്ഞിന് നൽകിയ മുതൽ മുടക്ക് തിരികെ ലഭിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറ് കോഴി വളർത്തുന്ന കർഷകന് നാൽപത് ദിവസത്തെ ഒരു ബാച്ചിൽ നിന്നും അറുപത്തി അയ്യായിരം രൂപ വരെ വരുമാനം ലഭിക്കുന്നു. ആറ് ബാച്ച് ഉത്പ്പാദനത്തിലൂടെ 3.9 ലക്ഷത്തിൻ്റെ വാർഷിക വരുമാനം കർഷകന് കണ്ടെത്താനാകും. ഒരു വർഷത്തിനുള്ളിൽ നിക്ഷേപ തുക കർഷകന് ഇതുവഴി തിരികെ നേടാനാകും. ആദ്യഘട്ടത്തിൽ സ്വന്തമായി ഫാമുകളുള്ള കർഷകരെയായിരിക്കും പരിഗണിക്കുക. കർഷകർക്ക് സഹകരണ സ്ഥാപനങ്ങൾ വഴി മൂലധന വായ്പ നൽകി പഞ്ചായത്ത് കമ്മറ്റികൾ വഴി സബ്‌സിഡി ഉറപ്പാക്കും. അപേക്ഷകൾ ലഭിക്കുന്നതിനനുസരിച്ച് ആദ്യഘട്ടത്തിൽ ജില്ലയിലെ സാധ്യതാ ബ്ലോക്കുകളിൽ പദ്ധതി നടപ്പിലാക്കും. തുടർന്ന് മറ്റ് ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തിലാണ് പുതുതായി ഫാം നിർമ്മിച്ച് പദ്ധതിയിൽ ഭാഗമാകാൻ താത്പര്യമുള്ളവരെ പരിഗണിക്കുക. ഫാം നിർമ്മാണത്തിനും കോഴിക്കുഞ്ഞ് മൂലധനത്തിനുമുള്ള വായ്പസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുക. കോഴിക്കുഞ്ഞ് ഉത്പാദനത്തിൽ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് 8.5 കോടി ചെലവിട്ട് അട്ടപ്പാടിയിൽ തുടങ്ങുന്ന ബ്രഹ്മഗിരി വെങ്കൊബ് ബ്രീഡർ ഫാമിൻ്റെ നിർമ്മാണപ്രവത്തനത്തനങ്ങൾ ഉടൻ തുടങ്ങും. ബ്രഹ്മഗിരി സ്വന്തമായി ഉത്പ്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞും തീറ്റയും കേരള ചിക്കൻ പദ്ധതിയുടെ മറ്റ് നിർവ്വഹണ ഏജൻസികൾക്കും സ്വകാര്യ ഫാമുകൾക്കും നൽകുന്ന രീതിയിൽ വിപുലപ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ 7 കേരള ചിക്കൻ ഔട്ലെറ്റുകൾക്ക് കൂടാതെ 5 മാസത്തിനുള്ളിൽ നൂറ് കേരള ചിക്കൻ ഔട്ലെറ്റുകൾ വിവിധ ജില്ലകളിലായി സ്ഥാപിക്കും.
ചെറുകിട ചിക്കൻ വ്യാപാരികൾക്ക് സ്ഥിരം വരുമാനം ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഇറച്ചി ന്യായവിലക്ക് ഉറപ്പ് വരുത്തുന്നു എന്നതാണ് കേരള ചിക്കൻ ഔട്ലെറ്റുകളുടെ പ്രത്യേകത. പദ്ധതി ഫണ്ട്‌ ഉപയോഗപ്പെടുത്തി കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് ഔട്ലെറ്റുകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കും. ഇതുവഴി കേരള ചിക്കനെ പരിസ്ഥിതി സൗഹൃദ പദ്ധതിയായി മാറ്റിയെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *