March 28, 2024

വെച്ച് നീട്ടിയ സ്ഥാനം വേണ്ടെന്ന് വെച്ച് പി.കെ.ജയലക്ഷ്മി

0
Img 20210829 Wa0023.jpg
-നിഷ മാത്യു-
മാനന്തവാടി: വയനാട് ഡി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസ് നേതൃത്വം പ്രധാനമായും പരിഗണിച്ച പേരായിരുന്നു മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടേത്. യുവനേതാവ് ,വനിത, മുൻ മന്ത്രി, പട്ടിക വർഗ്ഗ വിഭാഗം തുടങ്ങിയവ പരിഗണിച്ച് ഡി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയലക്ഷ്മിയെ കൊണ്ടുവരുന്നതിന് ഗ്രൂപ്പിനധീതമായും എ.ഐ. സി.സി. ഭാഗത്തു നിന്നും ആദ്യം മുതൽ ശ്രമം ഉണ്ടായി. എന്നാൽ ഇതിനെതിരെ പരസ്യമായി ആരും രംഗത്ത് വന്നില്ലങ്കിലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തന്നെ തോൽപ്പിച്ചവർ തനിക്ക് പുതിയ പദവി ലഭിച്ചാലും പിന്നിൽ നിന്ന് കുത്തുമെന്ന് ഭയന്നാകാം പ്രസിഡണ്ട് സ്ഥാനം വേണ്ടെന്ന് ജയലക്ഷ്മി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അഡ്വ.ടി.ജെ. ഐസക്, അഡ്വ.പി.ഡി.സജി, കെ.കെ. അബ്രാഹം, എന്നീ പേരുകളും വനിതകൾക്ക് പ്രാധാന്യം ലഭിച്ചാൽ സിൽവി തോമസ് എന്നീ പേരുകളും കെ.പി.സി.സി. നേതൃത്വം പരിഗണിച്ചു. അവസാനം പേരുകൾ തമ്മിൽ തർക്കം മുറുകിയപ്പോഴും ഒത്തുതീർപ്പായി ജയലക്ഷ്മിയെ തന്നെ രംഗത്തിറക്കാൻ പാർട്ടി അനുനയ നീക്കം നടത്തിയെങ്കിലും പ്രസിഡണ്ട് സ്ഥാനം വേണ്ടെന്ന വാശിയിലായി അവർ. തർക്കങ്ങൾക്കിടെ സ്ഥാനത്ത് വന്നാൽ കാലുവാരൽ പ്രതീക്ഷിച്ചാണ് സ്ഥാന ത്യാഗം ചെയ്യാൻ ജയലക്ഷ്മിയെ പ്രേരിപ്പിച്ചത്. വനിതാ പ്രാതിനിധ്യവും പട്ടിക വിഭാഗങ്ങൾക്കുള്ള പരിഗണനയും പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരവസരമായിരുന്നു പാർട്ടി നേതൃത്വം ഇതുകൊണ്ട് ഉദ്ദേശിച്ചത്.  
അവർക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ലന്നും വിവാഹം, വീടുപണി, നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ട് തോൽവികൾ എന്നിവ മൂലം നല്ല സാമ്പത്തിക ബാധ്യതയുണ്ടന്നും പുതിയ പദവിക്ക് സാമ്പത്തിക ഭദ്രത ഒരു പ്രശ്നമാവുമെന്നതിനാലാവാം അവർ പ്രസിഡണ്ട് സ്ഥാനം വേണ്ടെന്ന് വെച്ചതെന്നും ജയലക്ഷ്മിയോട് അടുപ്പമുള്ളവർ പറഞ്ഞു.
  2016-ലെയും 2021 ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസുകാർ തന്നെയാണ് ജയലക്ഷ്മിയെ തോൽപ്പിക്കാൻ സജീവമായി ഇടപ്പെട്ടത്. ചില നേതാക്കൾക്കും ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായി കാണിച്ച് അവർ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. ഈ പരാതികളിൽ കാര്യമായ അന്വേഷണം നടക്കാത്തതിലും ജയലക്ഷ്മിക്ക് അതൃപ്തിയുണ്ട്.  
രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും ജയലക്ഷ്മിയോട് പ്രത്യേക മമത ഉണ്ടായിട്ടും അവർ ജയിക്കാത്തതും ഉയർന്ന സ്ഥാനങ്ങളിലെത്താതിനാലും സജീവ പാർട്ടി കാർക്കും നിരാശയുണ്ട്. രാഹുൽ ഗാന്ധി മാനന്തവാടിയിൽ കഴിഞ്ഞ തവണ എത്തിയപ്പോൾ ജയലക്ഷ്മി നേരിട്ട് പരാതി നൽകിയതായി വാർത്തയുണ്ടായിരുന്നു. 
ജില്ലയിൽ കോൺഗ്രസിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നവരിൽ മുൻ നിരയിലുള്ള എൻ.ഡി. അപ്പച്ചൻ ഡി.സി.സി. പ്രസിഡണ്ടായതോടെ ഒരു ഉയിർത്തെഴുന്നേൽപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ആദ്യം ഐ ഗ്രൂപ്പിലും പിന്നീട് ഡി.ഐ.സി.യിലും കോൺഗ്രസിൽ തിരിച്ച് വന്ന് എ ഗ്രൂപ്പിലും സജീവമായ എൻ.ഡി. അപ്പച്ചൻ ഇപ്പോൾ ഗ്രൂപ്പുകൾക്കതീതമായാണ് പ്രവർത്തിക്കുന്നത്. മുൻ എം.എൽ.എ. എന്ന നിലയിലും യു.ഡി.എഫ്. കൺവീനർ എന്ന നിലയിലും ജില്ലയിലെ എല്ലാ പ്രദേശത്തും ഓടിയെത്തി പ്രവർത്തകരെ നയിക്കുന്നതിൽ മികവ് കാട്ടിയുണ്ട്. അതു കൊണ്ട് പ്രായം അദ്ദേഹത്തിനൊരു വെല്ലുവിളിയാകാനിടയില്ല .ആരോപണങ്ങളിൽ നിന്ന് മുക്തൻ എന്ന നിലയിലാണ് പ്രായം പരിഗണിക്കാതെ രാഹുൽ ഗാന്ധി അദ്ദേഹത്തെ പരിഗണിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *