കൽപ്പറ്റ: ഇന്ന് സാക്ഷരതാ ദിനം; ചിപ്പി അമ്മ ഇനി നിരക്ഷരയല്ല എൺപതാം വയസ്സിൽ എഴുതാൻ പഠിക്കുന്ന തിരക്കിലാണ്


Ad
കല്‍പ്പറ്റ: എണ്‍പതാം വയസിൽ പഠിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു ചിപ്പി അമ്മയുണ്ട് സുഗന്ധഗിരി പ്ലാന്റേഷനിൽ. അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് എഴുതാൻ പഠിക്കുന്ന ചിപ്പി അമ്മ ആണ് ഈ സാക്ഷരതാ ദിനത്തിലെ താരം. പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി എട്ടാം വാര്‍ഡിലെ പ്ലാന്റേഷനിലെ സാക്ഷരതാ ക്ലാസില്‍ നിന്നുമാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് ചിപ്പി മല്ലന്‍ അക്ഷരങ്ങളുടെ ലോകത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ലോക സാക്ഷരതാ ദിനമായ ഇന്ന് പുതുതലമുറക്ക് പ്രചോദമാണ് ഈ വൃദ്ധ. ഈ പ്രായത്തിലും ജീവിതത്തില്‍ ആദ്യമായി തന്റെ പേര് കൃത്യമായി എഴുതിയതിന്റെ സന്തോഷത്തിലാണ് ചിപ്പിയമ്മ. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി സാക്ഷരതാ പഠിതാക്കളെയും വലച്ചു. സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയിലൂടെ വിദ്യ അഭ്യസിക്കാനെത്തിയ ചിപ്പി അമ്മയെ പോലുള്ള നിരവധി പഠിതാക്കള്‍ക്ക് ഇപ്പോള്‍ ക്ലാസുകള്‍ ലഭിക്കാത്തതില്‍ വിഷമമുണ്ട്. തുടര്‍ച്ചയായി ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ പഠിച്ചതത്രയും മറന്ന് തുടങ്ങിയിരിക്കുന്നു. ക്ലാസുകള്‍ ആരംഭിച്ച് ഒരു മാസം തികയും മുന്നേ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. പിന്നീട് 2021 ഫെബ്രുവരി മാസത്തില്‍ വീണ്ടും ആരംഭിച്ചെങ്കിലും തുടരാനായില്ല. പഠിക്കാന്‍ ഏറെ ഇഷ്ടമാണ് ചിപ്പി അമ്മക്ക്. എട്ടാം വാര്‍ഡിലെ ക്ലാസില്‍ ചിപ്പി അമ്മ അടക്കം 20 പേരുണ്ട്. അതില്‍ 13 പേര്‍ സ്ഥിരമായി വരുന്നവരാണ്. 30 വയസ് മുതല്‍ 80 വയസ് വരെ പ്രായമുള്ളവര്‍ പഠനത്തിനായി എത്തുന്നുണ്ടെന്ന് ഇന്‍സ്ട്രക്ടര്‍ മേരിക്കുട്ടി പറഞ്ഞു.
പൊഴുതന പഞ്ചായത്തില്‍ നിരക്ഷരരായ 823 ആദിവാസി പഠിതാക്കളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കുമായി ട്രെയിനിംഗ് നേടിയ 38 ഇന്‍സ്ട്രക്ടര്‍മാരുണ്ട്. സുഗന്ധഗിരിയില്‍ 216 പഠിതാക്കളും 11 ഇന്‍സ്ട്രക്ടര്‍മാരുമാണുള്ളത്. മൂന്ന് മാസത്തെ പ്രൊജക്ടിലൂടെ നിരക്ഷരരായവരെ ഇന്‍സ്ട്രക്ടര്‍മാര്‍ പഠിപ്പിച്ച് പ്രായോഗിക പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നതെന്ന് പ്രേരക് കെ ഫാത്വിമ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ നിരക്ഷരരായ ആദിവാസികളെയും സാക്ഷരരാക്കുകയും അതുവഴി തുല്യതാപഠനത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പ്രേരക്മാരുടെ മേല്‍നോട്ടത്തിലാണ് പഠനം തുടരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *