കൽപ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് …. സെപ്തംബർ 10 രൂപീകരണ ദിനം


Ad
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ അറുപതാം വയസ്സിലേക്ക് കടക്കുകയാണ്.
1962 സെപ്റ്റംബർ 10 നാണ് പരിഷത്ത് എന്ന പ്രസ്ഥാനം കോഴിക്കോട് ദേവഗിരി കോളേജ് അങ്കണത്തിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ഡോക്ടർ കെ ഭാസ്കരൻ നായർ പ്രസിഡണ്ടും ഡോക്ടർ കെ ജി അടിയോടി സെക്രട്ടറിയും എൻ വി കൃഷ്ണവാരിയർ ട്രഷററുമായി രൂപംകൊണ്ട ആ സംഘടന ആദ്യം ശാസ്ത്രജ്ഞന്മാരുടെ മാത്രം സംഘടനയായിരുന്നു.
നാലു വർഷങ്ങൾക്കു ശേഷം 1966 ൽ പി ടി ഭാസ്കരപ്പണിക്കർ സെക്രട്ടറിയായി വന്നതോടെയാണ് ശാസ്ത്രജ്ഞർ  അല്ലാത്ത ശാസ്ത്ര താൽപര്യം ഉള്ള വരെയും അംഗത്വത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.  അവിടുന്നാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലയിലുള്ള പരിഷത്തിന്റെ വളർച്ച ആരംഭിക്കുന്നത്.
ശാസ്ത്രത്തിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിജ്ഞാനം ലളിതമായും സരസമായും മാതൃഭാഷയിലൂടെ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.  യുറീക്ക ശാസ്ത്രകേരളം ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണവും  വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള  ആയിരക്കണക്കിന് പുസ്തകങ്ങളും പരിഷത്ത് പുറത്തിറക്കുകയുണ്ടായി.
സാധാരണക്കാരായ വീട്ടമ്മമാരുടെ ദുരിതം ലഘൂകരിക്കാൻ ശാസ്ത്രം എങ്ങനെ സഹായിക്കും എന്ന ചിന്തയിൽ നിന്നാണ് അടുപ്പിന്റെയും ചൂടാറാപ്പെട്ടിയുടെയും പിറവി.
പിന്നീടാണ് അതിന് ഊർജ്ജസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാനങ്ങൾ കൈവന്നത്.
ഗ്രാമീണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന്  ഐ ആർ ടി സി എന്ന ഗവേഷണ സ്ഥാപനം വലിയ പങ്കു വഹിച്ചു.
പാലക്കാട് മുണ്ടൂരിൽ ഉള്ള ഐആർടിസി ഇന്നു പരിഷത്തിന്റെ അഭിമാന സ്ഥാപനമാണ്.
വിജ്ഞാനോത്സവം, ആരോഗ്യ സർവ്വേകൾ, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം, ലിംഗനീതി പഠനം, പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ പരിഷത്തിനെ ജന ഹൃദയങ്ങളിൽ എത്തിച്ച പരിപാടികളിൽ ചിലതാണ്. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ കൂട്ടായ്മയായ AlPSN ന് നേതൃത്വം നൽകുന്നതും പരിഷത്താണ്. കേരളത്തെ ജ്ഞാന സമൂഹമാക്കി രൂപപ്പെടുത്താനുള്ള ബഹുജന പരിപാടിക്കാണ് വജ്ര ജൂബിലി വർഷത്തിൽ പരിഷത്ത് മുൻ കൈ എടുക്കുന്നത്.
വജ്രജൂബിലി യിലേക്ക് പ്രവേശിക്കുന്ന സെപ്റ്റംബർ പത്തിന് കേരളത്തിലെ മുഴുവൻ പരിഷത്ത് യൂണിറ്റുകളും പഴയകാല പ്രവർത്തകരെയും ഒന്നിച്ചു ചേർത്ത് യൂണിറ്റ് സംഗമം സംഘടിപ്പിക്കുകയാണ്.   വയനാട് ജില്ലയും അതിന് ഒരുങ്ങിക്കഴിഞ്ഞു.
മുന്നോടിയായി ആദ്യകാല പ്രവർത്തകരുടെ സംഗമം ഇന്ന് 08.09.21 ന് ഗൂഗിൾ മീറ്റ് വഴി നടക്കുകയാണ്. 1962 ൽ പരിഷത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന യോഗത്തിൽ അക്കാലത്ത് ദേവഗിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കേ പങ്കെടുത്ത എം ചന്ദ്രൻ മാസ്റ്ററാണ് മുഖ്യ അതിഥിയായി എത്തുന്നത്.  
അനുബന്ധമായി നടന്ന പരിപാടികളിൽ പരിഷത്ത് നയസമീപനങ്ങളും പ്രസക്തിയും എന്ന വിഷയത്തിൽ മുൻ ജനറൽ സെക്രട്ടറി കെ കെ ജനാർദ്ദനൻ, പരിഷത്തിനെ തുടക്കവും കുതിപ്പും എന്ന വിഷയത്തിൽ എംഎസ് മോഹൻ എന്നിവരും പ്രഭാഷണം നടത്തുകയുണ്ടായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *