സി.കെ ജാനുവിന് കോഴ; സുരേന്ദ്രൻ്റെയും പ്രസിതയുടെയും ശബ്ദ പരിശോധന നടത്തും
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെയും ശബ്ദ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം. സുല്‍ത്താന്‍ ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.കെ. ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് നടപടി.
പരിശോധനയ്ക്കായി ശബ്ദ സാംപിളുകള്‍ അടുത്ത മാസം 11ാം തിയതി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സി.കെ ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത പറഞ്ഞിരുന്നു.





Leave a Reply