March 29, 2024

വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; നീതി ലഭിക്കാതെ കുടുംബം

0
Img 20210928 Wa0045.jpg
കല്‍പ്പറ്റ: മാസങ്ങള്‍ പിന്നിട്ടിട്ടും നീതി ലഭിക്കാതെ നിസാമിന്റെ കുടുംബം. സ്വകാര്യ വ്യക്തി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റ് മുഹമ്മദ് നിസാം എന്ന യുവാവ് മരണപ്പെട്ടിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. കല്ലൂര്‍ തിരുവന്നൂര്‍ പുത്തന്‍ചിറ ആലിയുടെ മകന്‍ മുഹമ്മദ് നിസാം (27) ജൂണ്‍ ഏഴിനാണ് അയല്‍വാസി കൃഷിയിടത്തില്‍ സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്നും ഷോക്കേറ്റ് മരണപ്പെടുന്നത്. വന്യമൃഗത്തെ പിടിക്കുവാന്‍ ഉയര്‍ന്ന വൈദ്യുതപ്രവാഹം കടത്തിവിട്ട് അനധികൃതമായി സ്ഥാപിച്ച ഫെന്‍സിംഗില്‍ ചവിട്ടിയാണ് മുഹമ്മദ് നിസാം മരണത്തിനിരയായതെന്ന് അന്നേ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ പറഞ്ഞിരുന്നതാണ്. ആരോപിതനായ അയല്‍വാസി മുന്‍കൂര്‍ ജാമ്യവും നേടി.
നിസാമിന്റെ കുടംബത്തിന് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാെതു പ്രവർത്തകനും നാട്ടുകാരനുമായ മനോജ് അമ്പാടി ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. വിവരാവകാശ പ്രകാരം വനം വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള വിവരങ്ങള്‍ കൂടി കിട്ടിയ ശേഷമാണ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുകയെന്ന് മനോജ് പറഞ്ഞു. നിരവധി പൊതു പ്രവര്‍ത്തകരും ജനപ്രതിനിധികളും നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല.
അനധികൃതമായി വൈദ്യുതിവേലി സ്ഥാപിക്കുകയും ഒരാളുടെ ജീവന്‍ നഷ്ടമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അമാന്തം കാണിക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധം വരെ സംഘടിപ്പിച്ചിരുന്നു. മനഃപൂര്‍വം അല്ലാത്ത ഒരു കൊലപാതകം കഴിഞ്ഞു മൂന്ന് മാസം പിന്നിടുമ്പോഴും പ്രതികളെ പിടിക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരു നാടു മുഴുവന്‍ നിസ്സാമിന്റെ മരണത്തില്‍ തേങ്ങുമ്പോള്‍ കുടുംബത്തിന് നീതി നല്‍കുവാന്‍ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പ്രതിയെ കിട്ടുന്നില്ല എന്ന മറുപടിയാണ് നല്‍കുന്നത്. ഒരു തുമ്പും ഇല്ലാത്ത നിരവധി കേസുകള്‍ തെളിയിച്ച കേരള പോലീസിന് ഇത്രയും ഗൗരവമുള്ള ഒരു കേസിലെ പ്രതിയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതിന്റെ പൊരുള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാടിന് ഭീഷണിയായി വളര്‍ന്നുവരുന്ന മണ്ണു മാഫിയയും വന്യമൃഗ ശല്യം തടയാന്‍ എന്നപേരില്‍ നടക്കുന്ന അനധികൃതമായ വേട്ടയാടലും അനധികൃത ഫെന്‍സിങ്ങുമെല്ലാം മനുഷ്യ ജീവന് ഭീഷണിയാണ്. മൃഗശല്യം തടയാന്‍ എന്നപേരില്‍ ഉയര്‍ന്ന വൈദ്യുതി പ്രവഹിപ്പിച്ചിരുന്ന വേലിയില്‍ നിന്നും ഷോക്കേറ്റ് നൂല്‍പ്പുഴ പഞ്ചായത്തില്‍ മുമ്പും രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *