April 25, 2024

കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു

0
Img 20210929 Wa0033.jpg
കൽപ്പറ്റ: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് കളക്ടറേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്റെ 2019 – 20 പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ജിം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ജിംനേഷ്യത്തിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ്. വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വിവരിക്കുന്ന ബോര്‍ഡും, ലഘുവ്യായാമത്തിന് സഹായിക്കുന്ന യന്ത്രങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആബ് ട്രെയിനര്‍, റോവര്‍, ഷോള്‍ഡര്‍ പ്രസ്, സൈക്കിള്‍, സ്റ്റെപ്പ് ട്രെയിനര്‍, ഷോള്‍ഡര്‍ വീല്‍, ലെഗ് പ്രസ് കം സ്റ്റാന്റിങ് ട്വിസ്റ്റര്‍, ഔട്ട്ഡോര്‍ ഫിറ്റ്നസ് ഹിപ് സ്‌ക്വാട്ട്, ചെസ്റ്റ് പ്രസ് തുടങ്ങിയവയാണ് ഓപ്പണ്‍ ജിംനേഷ്യത്തില്‍ സജ്ജീകരിച്ചത്. ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ജിം ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയം ക്രമീകരണം നടത്തി ജിം ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം പരിസരങ്ങളിലും ഓപ്പണ്‍ ജിം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തില്‍ നടക്കും.  
ദിവസേന അരമണിക്കൂര്‍ നടക്കുക, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, എസ്‌കലേറ്ററും ലിഫ്റ്റും പരമാവധി ഒഴിവാക്കി പടികള്‍ കയറുക, ഇരുന്ന് ജോലി ചെയ്യുന്നവര്‍ നിശ്ചിത ഇടവേളകളില്‍ ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക, വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപേക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ഹൃദയാരോഗ്യ ദിനത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്നത്.
കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, എന്‍.എച്ച്.എം ഡി.പി.എം. ഡോ. സമീഹ സൈതലവി, എന്‍.സി.ഡി നോഡല്‍ ഓഫിസര്‍ ഡോ. പ്രിയ സേനന്‍, ഡി.എസ്.ഒ സാവന്‍ സാറ മാത്യൂ, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അംജിത് രവീന്ദ്രന്‍, ഡി.ടി.പി.സി മാനേജര്‍ പി.എം രതീഷ് ബാബു, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഐ.സി.ഡി.എസ് സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ് നിജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *