May 9, 2026

സമഗ്ര ശുചീകരണ യജ്ഞം പൊതുജനങ്ങള്‍ മുന്നിട്ടിറങ്ങണം : ജില്ലാ കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
                                                                                                   
    മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി മെയ് 11,12 തിയ്യതികളില്‍ നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ നാടൊന്നാകെ അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട്  തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കളക്‌ട്രേറ്റില്‍  ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമില്ലാത്ത വയനാടാണ് ലക്ഷ്യമിടുന്നത്.പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനകീയ പങ്കാളിത്തത്തോടൊപ്പം ജീവനക്കാരും പങ്കാളികളാകണം. കുടംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍,യുവജന ക്ലബ്ബുകള്‍,സംഘടനകള്‍,മത മേലധ്യക്ഷന്‍മാര്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സ്വകാര്യ സ്താപന പ്രതിനിധികള്‍ തുടങ്ങിയ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അണിനിരക്കണം. മാലിന്യ സംസ്‌ക്കരണത്തിലൂടെ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന വസ്തുത ഓരോ വ്യക്തിയിലും എത്തിക്കാന്‍ യജ്ഞത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു. എ.ഡി.എം കെ. അജീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.എസ്. ടിംപിള്‍ മാഗി എന്നിവര്‍ സംസാരിച്ചു. 
   ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം  എന്ന സന്ദേശവുമായി നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ ആദ്യദിനം പൊതുയിടങ്ങളും 12 ന് വാര്‍ഡ് തലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിച്ചിട്ടുളളത്. രാവിലെ 8 മണി മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. ഇതിന്റെ ഭാഗമായി നാളെ   വിദ്യാലയങ്ങളില്‍ പി.ടി.എ യോഗം ചേരും.അമ്പത് വീടുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു ക്ലസ്റ്റര്‍,വാര്‍ഡുകള്‍ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവല്‍ കര്‍മ്മപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍,സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍  ഓരോ വാര്‍ഡുകളിലും പ്രദേശങ്ങളെ വേര്‍തിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കുക. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളിള്‍ (എം.സി.എഫ്)  സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ജില്ലയെ മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുളള മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി സാംക്രമിക രോഗങ്ങളുടേയും മറ്റ് രോഗങ്ങളുടെയും ഭീഷണിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *