സർക്കാരിന്റെ അവഗണന:യൂത്ത്‌ലീഗ് വയനാട് ചുരം സംരക്ഷണ യാത്ര ജനുവരി ആറിന്
കല്‍പ്പറ്റ: വയനാട് ചുരത്തിലെ തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ആറിന് 'തകര്‍ന്ന ചുരം ഒറ്റപ്പെടുന്ന വയനാട്' എന്ന മുദ്രാവാക്യമുയര്‍ത്തി ചുരം സംരക്ഷണ യാത്ര നടത്തുമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ചുരത്തിന്റെ ശോചനീയാവസ്ഥക്ക് അടിയന്തിര പരിഹാരം കാണുക, ചുരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടികള്‍ ആവിഷ്‌കരിക്കുക, ഹെയര്‍പിന്‍ വളവുകളില്‍ വീതി കൂട്ടി ഇന്റര്‍ലോക്ക് പതിക്കുക, ഹെവി വാഹനങ്ങള്‍ ചുരത്തിലൂടെ കടത്തി വിടാതിരിക്കുക, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത്‌ലീഗ് ചുരം സംരക്ഷണ യാത്ര നടത്തുന്നത്. ജനുവരി ആറിന് വൈകുന്നേരം മൂന്നിന് ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന ചുരം സംരക്ഷണ യാത്ര ചുരത്തിലൂടെ കാല്‍നടയായി സഞ്ചരിച്ച് വൈകുന്നേരം അറിന് അടിവാരത്ത് സമാപിക്കും. റാലി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഫ്ലാഗ് ഓഫ് ചെയ്യും.
ചിപ്പിലിത്തോട്, പൂഴിത്തോട്, കടിയങ്ങാട് തുടങ്ങി നാലോളം ബദല്‍ പാതകള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകുന്നില്ല. വയനാടിന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജും ചരമം പ്രാപിച്ച അവസ്ഥയിലാണ്. ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ ദിനേന ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ്. വയനാട്ടില്‍ നിന്നും രോഗികളെയും കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും ചുരത്തില്‍ മണിക്കൂറുകളോളം ബ്ലോക്കാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര നടത്തുന്നത്.
ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ വിവിധ പഞ്ചായത്ത്, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തും. യാത്രയുടെ പ്രചരണാര്‍ത്ഥം ജനുവരി അഞ്ചിന് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തും. നാളെ മണ്ഡലംതല സ്‌പെഷല്‍ കണ്‍വെന്‍ഷനുകള്‍ ചേരും. ജനുവരി മൂന്നിന് ജില്ലാ നേതാക്കള്‍ പഞ്ചായത്ത്തല പര്യടനം നടത്തും. ഇതിന്റെ ഭാഗമായി വിവിധ യൂത്ത്‌ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിക്കും. വയനാട് ചുരത്തിന്റെ വളവുകള്‍ വീതി കൂട്ടുകയും ഇന്റര്‍ ലോക്ക് പതിക്കുകയും ചെയ്ത് മാതൃക കാണിച്ച മുന്‍ പൊതുമരാമത്ത് മന്ത്രിമാരായ എം.കെ. മുനീറിനും വി.കെ. ഇബ്‌റാഹിം കുഞ്ഞിനും ലക്കിടിയില്‍ വെച്ച് നടക്കുന്ന സമാപന പരിപാടിയില്‍ ഒപ്പുകളടങ്ങിയ നിവേദനം സമര്‍പ്പിക്കും. വയനാട് ചുരത്തിലൂടെയുള്ള ജനങ്ങളുടെ ദുരിതയാത്രക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ്പ്രസിഡന്റുമാരായ ഷമീം പാറക്കണ്ടി, വി.എം. അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.






Leave a Reply