September 13, 2026

പുനരധിവാസവും പുനർനിർമ്മാണവും ദീർഘവീക്ഷണത്തോടെ ആവണം :: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് കണ്ട  ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങൾക്കു ശേഷം നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ സുസ്ഥിരമായ പുനർനിർമ്മാണത്തിലേയ്ക്കു വഴിതെളിക്കുന്നതാകണം എന്ന് ശാസ്ത്രസാഹിത്യ പരിഷത് വയനാട് ജില്ലാ കമ്മിറ്റി ജില്ലാ ഭരണകൂടത്തോട്  നിർദേശിച്ചു. 
താല്ക്കാലിക പരിഹാരങ്ങൾക്കു പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ കഴിയണം. ഒപ്പം  പുനർ നിർമ്മാണം പരിസ്ഥിതി സൗഹൃദപരമായിരിക്കുകയും വേണം. .

പുഴയോരത്തെ വീടുകളിലും  ഉരുൾപൊട്ടിയ പ്രദ്ദേശത്തെ വീടുകളിലും താമസിക്കുന്നവരെ സുരക്ഷിതമായ പാർപ്പിട  സമുച്ചയങ്ങളുണ്ടാക്കി അങ്ങോട്ട് മാറ്റി താമസിപ്പിക്കണം. 
പാർപ്പിട സമുച്ഛയങ്ങൾ നിർമ്മിക്കുന്നത് കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്താനും അതെ സമയം  റോഡ് വെള്ളം വൈദ്യുതി എന്നിവ ലഭ്യമാക്കുന്ന കാര്യത്തിൽ ചിലവ് ചുരുക്കാനും  സൗകര്യപ്രദമാണ്. 

പുഴയുടെ പുറമ്പോക്കുകൾ തിരിച്ചുപിടിക്കണം. വർഷക്കാലത്ത് പുഴക്ക് വ്യാപിക്കാൻ അത്തരം പ്രദേശങ്ങൾ അനിവാര്യമാണ്. അത്തരം സ്ഥലങ്ങൾ വീട് വച്ച് താമസിക്കുന്നത്തിന് അനുയോജ്യമല്ല.  പുഴയോരം, തോടുകൾ എന്നിവ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന അശാസ്ത്രീയ രീതിയ്ക്കു പകരം കൈത, ആറ്റുവഞ്ചി തുടങ്ങിയ സസ്യങ്ങളുപയോഗിച്ചു് ജൈവാവരണം സൃഷ്ടിച്ച് സംരക്ഷിക്കണം. 

ഇത്തവണ വെള്ളം കയറിയ പ്രദേശങ്ങളെല്ലാം മാർക്കു  ചെയ്ത് അപകട സാധ്യതാ മേഖലയായി പ്രഖ്യാപിക്കണം..  അത്തരം  സ്ഥലങ്ങളിൽ താമസിക്കുന്നവർ  അപകട മുന്നറിയിപ്പ് ലഭിച്ചാൽ പെട്ടന്ന് വീടൊഴിയാൻ തക്ക പരിശീലനം ലഭിച്ചവർ ആയിരിക്കണം.  കൂടെ കൂടെ വെള്ളം കയറുന്ന സ്ഥലത്തെ വീടുകൾ നിർബന്ധമായും മാറ്റി സ്ഥാപിക്കണം. 

കനത്ത ഉരുൾപൊട്ടാൽ ഉണ്ടായ  പ്രദേശങ്ങളായ കുറിച്യർമല, പഞ്ചാരക്കൊല്ലി, മക്കിമല, ഭൂമി പിളർന്നു കിടക്കുന്ന തൃശിലേരി തുടങ്ങിയ പ്രദേശങ്ങളിൽ വിദഗ്ധ  ഭൗമ ശാസ്ത്ര പഠനം നടത്തണം. 

വയനാടിന്റെ പരിസ്ഥിതിക്കാഘാതം ഏൽപ്പിക്കുന്ന കുന്നിടിക്കൽ, പാറ പൊട്ടിക്കൽ, മണൽ ഖനനം, വയൽ നികത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ കർശനമായി നി യന്ത്രിക്കണം. ഏതെല്ലാം പ്രദേശങ്ങളിൽ ഏത് അളവിൽ പാറ  പൊട്ടിക്കാം എന്ന് നിശ്ചയിച്ച് അത് സർക്കാർ നിയന്ത്രണത്തിൽ മാത്രം പൊട്ടിക്കണം. സ്വകാര്യ മുതലാളിമാർക്ക് ലൈസൻസ് കൊടുക്കുന്ന രീതി അവസാനിപ്പിക്കണം. 

വയനാടിന്റെ ഇക്കോളജി പഠിച്ച് സുസ്ഥിരമായ  ഭൂവിനിയോഗ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം. 
അതീവ പരിസ്ഥിതി ലോല പ്രദേശശങ്ങളിൽ  നിർമ്മാണ  പ്രവർത്തികൾ  അനുവദിക്കരുത് എന്ന നിർദേശം ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എങ്കിലും നടപ്പാക്കണം.
കെട്ടിട നിർമ്മാണത്തിന് കർശന സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തണം.  മണ്ണിന്റെ ഉറപ്പു പരിശോധിക്കാതെയും വേണ്ടത്ര എൻജിനീയറിങ് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താതെയും  പണിത കെട്ടിടങ്ങൾ ആണ് തകർന്നു വീഴുന്നത്.  പുഴയോരങ്ങളിൽ വെള്ളപ്പൊക്കവും മലയോരങ്ങളിൽ ഉരുൾപൊട്ടലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം . അതാണ് ഇക്കൊല്ലം സംഭവിച്ചത് . അത് വൻ ദുരന്തമായി മാറുന്നത് അത്തരം സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദപരമല്ലാത്ത വികസന പ്രവർത്തനങ്ങൾ  നടത്തുന്നത് കൊണ്ടാണ്. ഇതു തിരിച്ചറിഞ്ഞ് സുസ്ഥിര വികസനം ലക്ഷ്യമാക്കി പുനർനിർമ്മാണത്തിന് സർക്കാർ തയ്യാറാകണം.  ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. 

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉണ്ടായ സമ്പൂർണ്ണ സഹകരണം  പുനർനിർമ്മാണത്തിലും ഉണ്ടാകണം എന്ന് പരിഷത്ത് അഭ്യർത്ഥിക്കുന്നു.  
ആഗസ്ത് 30 നു  നടക്കുന്ന മിഷൻ ക്ലീൻ വയനാട് പരിപാടിക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാവും. 

പ്രസിഡന്റ് മാഗി വിൻസെന്റ് അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ബാലഗോപാലൻ, കെ.ടി. ശ്രീവത്സൻ, എം.എം.ടോമി, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *