April 19, 2024

പെണ്‍കരുത്തായി വനിതാ മതില്‍: ചുരമിറങ്ങിയത് പതിനായിരങ്ങള്‍

0
Prd 4266
കൽപ്പറ്റ: 

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ കേരളമങ്ങോളം അലയടിച്ച  വനിതാ മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നും ചുരമിറങ്ങിയത് നാല്‍പ്പതിനായിരത്തിലേറെ വനിതകള്‍. ആദിവാസികളും കര്‍ഷക തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള സ്ത്രീകള്‍ കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് കരുത്തായി കോഴിക്കോട് ദേശീയ പാതയില്‍ വനിതാ മതിലിന്റെ ഭാഗമായി. വെസ്റ്റ് ഹില്‍ മുതല്‍ മാവൂര്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ മൂന്നും നാലും വരികളായാണ് ഇവര്‍ തോളോട് തോള്‍ ചേര്‍ന്ന്  നിന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധികളില്‍ നിന്നും ചൊവ്വാഴ്ച രാവിലെ മുതല്‍ വനിതാ മതിലിന്റെ ഭാഗമാകാന്‍ സ്ത്രീകള്‍ സംഘങ്ങളായി യാത്ര തിരിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളിലും പ്രത്യേകം ബസ്സുകളും ഇതിനായി വിവിധ കൂട്ടായ്മകള്‍ തയ്യാറാക്കിയിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ കോഴിക്കോട് നഗരത്തില്‍ വയനാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ എത്തിതുടങ്ങി. മൂന്നരയോടെ നടന്ന റിഹേഴ്‌സലിലും മുഴുവന്‍ പേരും പങ്കാളികളായി. തുടര്‍ന്ന് നാലോടെ വനിത മതിലിന്റെ ഭാഗമായുള്ള പ്രതിജ്ഞ നടന്നു. വിവിധ പോയിന്റുകളിലായി വനിതകള്‍ തന്നെ മതിലില്‍ അണിനിരന്നവര്‍ക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി പ്രായമായ സത്രീകള്‍ വരെയും ആവേശത്തോടെയാണ് വനിത മതിലില്‍ പങ്കെടുത്ത് നവോത്ഥാന മൂല്യങ്ങള്‍ക്കായി പെണ്‍ കരുത്ത് തെളിയിച്ചത്. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു തുടങ്ങി വയനാട്ടില്‍ നിന്നുള്ള സാമൂഹ്യ,സാസ്‌കാരിക ,സംഘടന രംഗത്തുള്ള നിരവധി പേരും വനിതാ മതിലിന് അഭിവാദ്യം അര്‍പ്പിക്കാന്‍ കോഴിക്കോട് എത്തിയിരുന്നു. മുപ്പതിനായിരത്തോളം സ്ത്രീകളാണ് വയനാട് ജില്ലയില്‍ നിന്നും വനിത മതലില്‍ പങ്കെടുക്കാന്‍ കോഴിക്കോട് നഗരത്തില്‍ എത്തുമെന്ന് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇതെല്ലാം കവിഞ്ഞ് പതിനായിരങ്ങള്‍ വനിത മതിലിന്റെ ഭാഗമാവുകയായിരുന്നു.  
 
വിവിധ രാഷ്ട്രീയ കക്ഷികളിലും പുരോഗമന പ്രസ്ഥാനങ്ങളിലും സര്‍വീസ് സംഘടനകളിലും കുടുംബശ്രീ തൊഴിലുറപ്പ്, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരും ദിവസങ്ങള്‍ക്ക് മുമ്പേ വനിതാ മതിലിന്റെ പ്രചാരണത്തില്‍ പങ്കാളികളായിരുന്നു.    സാക്ഷരതാ പ്രവര്‍ത്തകര്‍, എസ്.സി.-എസ്.ടി. പ്രൊമോട്ടര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗ്രാമങ്ങള്‍ തോറും ആശയ പ്രചാരണം നടത്തി. ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സംഘാടക സമിതി യോഗങ്ങള്‍ ചേരുകയും വിവിധ പ്രചാരണ പരിപാടികള്‍  സംഘടിപ്പിക്കുകയും ചെയ്തു. ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, സിഗ്നേച്ചര്‍ കാമ്പെയിന്‍, മാതൃകാ മതില്‍, ചുമരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം, ബൈക്ക് റാലി, വിളംബര ഘോഷയാത്ര, സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news