കൃഷ്ണഗിരിയില്‍ കൈകൊടുത്ത് ഡേവ് വാട്ട്‌മോറും ചന്ദ്രകാന്ത് പണ്ഡിറ്റും
കല്‍പ്പറ്റ:രഞ്ജി ക്രിക്കറ്റില്‍ ഫൈനല്‍ സ്വപ്‌നവുമായി വയനാട്ടിലെ കൃഷ്ണഗിരിയില്‍ കേരളവും വിദര്‍ഭയും പോരടിക്കുമ്പോള്‍ കേന്ദ്ര കഥാപാത്രങ്ങളായി രണ്ടു പ്രതിഭാധനര്‍. കേരളത്തിന്റെ പരിശീലകന്‍ ഡേവ്‌നെവല്‍ ഫ്രെഡറിക് വാട്ട്‌മോറും വിദര്‍ഭയുടെ ആശാന്‍ ചന്ദ്രകാന്ത് സീതാറാം പണ്ഡിറ്റും. ഇരുവരെയും ഒന്നിച്ചു കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കണ്ടവരുടെ ചിന്തയില്‍ ഇരമ്പിയതു ഗതകാല ക്രിക്കറ്റ് പോരാട്ട സ്മരണകള്‍.
ശ്രീലങ്കയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ കളിച്ച് പേരെടുത്ത ബാറ്റ്‌സ്മാനാണ് ഡേവ് വാട്ട്‌മോര്‍. 1980കളില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റില്‍ തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുംബൈക്കാരന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്. 64 വയസുള്ള ഡേവിനും 57ല്‍ നടക്കുന്ന ചന്ദ്രകാന്തിനും ക്രിക്കറ്റ് വെറും കളിയല്ല, ജീവശ്വാസമാണ്. അനുഭവത്തില്‍നിന്നു ആര്‍ജിച്ചതാണ് ഇരുവരും പരിശീലകരെന്ന നിലയില്‍ ഉലകളില്‍ ഊതിക്കത്തിക്കുന്ന ക്രിക്കറ്റ് തന്ത്രങ്ങള്‍.
1986നും 1992നും ഇടയില്‍ ദേശീയ ടീമിനുവേണ്ടി അഞ്ച് ടെസ്റ്റും 36 ഏകദിനവും കളിച്ചിട്ടുണ്ട് ചന്ദ്രകാന്ത്. കളി നിര്‍ത്തി കളിപ്പിക്കാന്‍ തുടങ്ങിയ ചന്ദ്രകാന്തിന്റെ ശിക്ഷണത്തിലാണ് 2003ലും 2004ലും മുംബൈ രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്. 2018ല്‍ വിദര്‍ഭ രഞ്ജി ചാമ്പ്യ•ാരായതും ചന്ദ്രകാന്തിന്റെ പരിശീലന മികവിലാണ്.
നിനച്ചിക്കാതെയാണ് ഡേവ് വാട്ട്‌മോര്‍ കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ പരിശീലകനായത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, സിംബാബ്‌വേ ദേശീയ ക്രിക്കറ്റ് ടീമുകളുടെ ആശാനായിരുന്നു ഡേവ്. 2010-11ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ശിക്ഷണം നല്‍കിയിട്ടുണ്ട്. 1962ല്‍ രക്ഷിതാക്കള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടിയേറിയശേഷമാണ് ഡേവ് ക്രിക്കറ്റ് കാര്യമാക്കിയത്. 1975ല്‍ സൗത്ത് ആഫ്രിക്കയില്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായി പാഡണിഞ്ഞ അദ്ദേഹം വര്‍ഷങ്ങളോളം ദേശീയ ടീമിന്റെ ഭാഗമായിരുന്നു. വലംകയ്യന്‍ ബാറ്റ്‌സ്മാനായ ഡേവ് ഏഴ് ടെസ്റ്റും ഒരു ഏകദിനവുമാണ് ദേശീയ ടീമിനുവേണ്ടി കളിച്ചത്. വിദേശ ടീമുകളുടെ പരിശീലകനെന്ന നിലയില്‍ ധാരാളം ദുരനുഭവങ്ങളും നേരിടേണ്ടിവന്ന ഡേവ് കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പുണ്യമായി മാറുകയാണ്.
ചുരത്തിനും മുകളിലെ കൃഷ്ണഗിരിയിലേക്കു നോക്കുന്ന ക്രിക്കറ്റ് ആരാധകരുടെ ചോദ്യം ഇതാണ്: വാട്ട്‌മോറോ, ചന്ദ്ര കാന്തോ? ഇതിനു അടുത്ത ദിവസം മറുപടിയാകും.





Leave a Reply