റേഡിയോഗ്രാഫറെ മാറ്റി; എച്ച് എം സി അംഗങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരെ ഉപരോധിച്ചു
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി നിയമിതയായ റേഡിയോഗ്രാഫറെ കല്‍പറ്റയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം എച്ച്എംസി അംഗങ്ങള്‍ ആരോഗ്യവകുപ്പ്് അധികൃതരെ ഉപരോധിച്ചു. സ്റ്റേറ്റ് റിവ്യൂ മിഷന്‍ അംഗങ്ങളായ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, കോഴിക്കോട് ഡിഎംഒ ഡോ. ജയശ്രീ എന്നിവരെയാണ് രാവിലെ തടഞ്ഞുവച്ചത്. 12 റേഡിയോഗ്രാഫര്‍മാരാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇതില്‍ ഏഴുപേര്‍ ദേശീയ ആരോഗ്യദൗത്യം (എന്‍എച്ച്എം) വഴി നിയമിതരായതാണ്. രണ്ടുപേരെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ചു. ശേഷിക്കുന്ന മൂന്നു തസ്തികയില്‍ പിഎസ്സി നിയമനമാണ്. രണ്ടുമാസം മുമ്പ് പിഎസ്സി നിയമനം വന്നപ്പോഴാണ് ഒരാളെ, ഒരു റേഡിയോഗ്രാഫര്‍ മാത്രമുള്ള കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ദേശീയപാതയോരത്ത് കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫമാരുടെ കുറവ് കാരണം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഇതര സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. നിരന്തര പരാതികളെത്തുടര്‍ന്ന് ഒരു റേഡിയോഗ്രാഫര്‍ കൂടി എത്തിയതോടെ ആശുപത്രി പ്രവര്‍ത്തനം സുഗമമാവും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികളിലും പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ഓരോ റേഡിയോഗ്രാഫര്‍മാരെ വീതം പിഎസ്സി നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി രണ്ടുപേര്‍ സുല്‍ത്താന്‍ ബത്തേരി ആശുപത്രിയിലുണ്ട്. പുല്‍പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച ഒരു റേഡിയോഗ്രാഫറാണുള്ളത്.





Leave a Reply