മാനന്തവാടി വഴി മൈസൂറിലേക്കുള്ള റെയിൽപാത യാഥാർത്ഥ്യമാക്കണമെന്ന് റെയിൽവേ മന്ത്രിയോട് കെ.മുരളീധരൻ എം.പി.
തലശേരിയിൽ നിന്ന് മാനന്തവാടി വഴി മൈസൂറിലേക്കുള്ള പരിസ്ഥിതി സൗഹൃദ റെയിൽപാത യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കബനി നദിക്കു സമാന്തരമായി 11.5 കിലോമീറ്റർ ദൂരം തുരങ്കം നിർമ്മിച്ച് മാനന്തവാടി, കേണിച്ചിറ, പുൽപ്പള്ളി, സർഗുർ, കോട്ട കഡക്കോള വഴി കടന്നുപോകുന്ന പാതയെ കർണാടക സർക്കാരും അനുകൂലിക്കുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതം, നാഗർഹോള ദേശീയ ഉദ്യാനം, ബന്ദിപ്പൂർ കടുവാ സങ്കേതം, വയനാട് വന്യമൃഗ സങ്കേതം എന്നിവ ഒഴിവാക്കിയാണ് പാത. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരാണ് പാതയുടെ സാദ്ധ്യത കണ്ടെത്തിയത്. ആദ്യ റെയിൽ മന്ത്രിയായ ലാൽബഹാദൂർ ശാസ്‌ത്രി പദ്ധതിയിൽ താത്പര്യം കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. പദ്ധതി നടപ്പായാൽ പാലക്കാട് റൂട്ടിലെ റെയിൽ ഗതാഗതത്തിന് ആശ്വാസമാകും. കൊങ്കൺറെയിൽവേ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ടും എസ്‌റ്റിമേറ്റും സമർപ്പിച്ചു.
പെട്ടെന്ന് മൈസൂറിലെത്താൻ പാത പ്രയോജനകരമായതിനാൽ റെയിൽവെ പിന്തുണയ്‌ക്കുമെന്ന് റെയിൽവെ മന്ത്രി അറിയിച്ചു.
വടകര മണ്ഡലത്തിൽ ഉൾപ്പെട്ട തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനുകളുടെ ആധുനികവത്‌ക്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിനുള്ള 25കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തലശ്ശേരി റെയിൽവെ സ്‌റ്റേഷനിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച റെയിൽവെ സ്‌റ്റേഷന്റെ ഭാഗമായ 50 ഏക്കർ സ്ഥലം ഉപയോഗിക്കാതെ കിടക്കുകയാണ്. പ്രതിദിനം 12,000 യാത്രക്കാർ ഉപയോഗിക്കുന്ന തലശ്ശേരി സ്‌റ്റേഷന് ഏഴുലക്ഷം രൂപയുടെ വരുമാനമുണ്ട്.
ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വടകര സ്‌റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. കോട്ടക്കടവ്-അരങ്ങിൽ റെയിൽവെ ഗേറ്റിൽ അടിപ്പാത ഇല്ലാത്തത് നഗര വികസനത്തെ ബാധിക്കുന്നു. റിസർവേഷൻ സൗകര്യവും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ പ്ളാറ്റ്ഫോം നിർമ്മാണം വൈകുന്നതും ആവശ്യത്തിന് മേൽക്കൂര ഇല്ലാത്തതും യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. സ്‌റ്റേഷനിൽ കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.





Leave a Reply