April 20, 2024

മാനന്തവാടി നഗരസഭ വസ്തുനികുതി: യു.ഡി.എഫ് ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ഭരണസമിതി.

0
Img 20200120 Wa0143.jpg
മാനന്തവാടി: മാനന്തവാടി നഗരസഭ 600 ഇരട്ടി വര്‍ദ്ധനവോടെ വസ്തുനികുതി വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന പ്രചരണം വാസ്തവവിരുദ്ധെമെന്ന് നഗരസഭാ ഭരണ സമിതി അംഗങ്ങൾ മാനന്തവാടിയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.  മാനന്തവാടി പഞ്ചായത്ത് മാറി നഗരസഭ ആയശേഷം .ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം 17-12-2016 തിയ്യതിയിലെ 171/16 ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനപ്രകാരമാണ്  വസ്തുനികുതി പരിഷ്കരണം നടപ്പാക്കിയത്.  ആയത്പ്രകാരം പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സ്ക്വയര്‍ മീറ്ററിന് 6 രൂപ ആയിരുന്നത് 10 രൂപയാക്കി നിശ്ചയിച്ചു.  സംസ്ഥാനത്തെ മറ്റ് നഗരസഭകളില്‍ വാങ്ങുന്ന നികുതി നിരക്കുകള്‍ തമ്മില്‍ താരതമ്യപഠനം നടത്തിയാണ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ച് ഗവ.അനുമതി വാങ്ങിയത്.  നമ്മുടെ ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് 10 രൂപയും കല്‍പ്പറ്റയില്‍ 12 രൂപയുമാണ് നികുതി നിരക്ക്.  കേരളത്തിലെ ആകെയുളള 87 മുനിസിപ്പാലിറ്റികളില്‍ എവിടെയും 10 രൂപയില്‍ താഴെ നിരക്കില്ല.  യു.ഡി.എഫ് ഭരിക്കുമ്പോഴാണ് കല്പറ്റയില്‍ 12 രൂപ നിശ്ചയിച്ചത്.  
06-03-2019 ലെ സര്‍ക്കാര്‍ ഉത്തരവ് (സാധ)540/2019 ത.സ്വ.ഭ.വ.നമ്പര്‍ പ്രകാരം നഗരസഭകളിലെ നികുതി കുടിശ്ശിക 01-04-2016 മുതല്‍ നടപ്പില്‍ വരുത്തണം എന്നതാണ്.  2017-18 മുതല്‍ മാനന്തവാടി നഗരസഭ പുതുതായി നിര്‍മ്മിക്കപ്പെട്ട എല്ലാ കെട്ടിടങ്ങള്‍ക്കും പുതുക്കിയ നിരക്ക് വാങ്ങി വരുന്നു.  നാളിതുവരെയായി പൊതുജനങ്ങളും പ്രതിപക്ഷവും ഇക്കാര്യത്തില്‍ പരാതി ഒന്നും പറഞ്ഞിട്ടില്ല.  31-12-2019 ന് മുമ്പായി എല്ലാ നഗരസഭകളും നികുതി പരിഷ്കരണം പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്ന ബഹു.നഗരകാര്യ ഡയറക്ടറുടെ നിര്‍ദ്ദേശം കാര്യക്ഷമമായി നടപ്പാക്കുമ്പോള്‍ എല്ലാ തരത്തിലുമുളള കെട്ടിടങ്ങളുടെയും തറവിസ്തീര്‍ണ്ണം  അനുസരിച്ച് നികുതി ലഭ്യമാക്കി നഗരസഭയില്‍ നിന്നുമുളള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതിനും കഴിയും.  ഇങ്ങനെ വരുമ്പോള്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കേണ്ടതായും വരും എന്നുളളത് യു.ഡി.എഫിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരെ വിറളിപ്പിടിപ്പിക്കുന്നു.
660 സ്ക്വയര്‍ഫീറ്റ്വരെയുളള 4000 ത്തിനടുത്ത് വാസഗൃഹങ്ങള്‍ മാനന്തവാടി നഗരസഭയില്‍ പൂര്‍ണ്ണമായും നികുതിയില്‍ നിന്നും  ഒഴിവാക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യവും മൂടി വെക്കുകയാണ്.  2016 കാലയളവില്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ച നികുതി ബഹു.സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിധേയമയി നടപ്പാക്കുക മാത്രമേ ചെയ്തിട്ടുളളു (മുന്‍കാല പ്രാബല്യം ഉള്‍പ്പെടെ) എന്നതാണ് യാഥാര്‍ത്ഥ്യം.
നികുതി പരിഷ്കരണം പൂര്‍ത്തികരിച്ച് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നാല്‍ പൊതുജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ നികുതി അടക്കുവാനും വിവിധ തരം സര്‍ട്ടിഫിക്കറ്റുകള്‍ (ഓണര്‍ഷിപ്പ്, റസിഡന്‍ഷ്യല്‍/ബി.പി.എല്‍) തുടങ്ങിയവയും ലൈസന്‍സ് ഫീസ്, നഗരസഭ നല്‍കുന്ന മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം വിരല്‍ തുമ്പിലാക്കാനും കഴിയും.   ആയതിന് തടയിടാനാണ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നികുതി നിരക്ക്  പഴയ പഞ്ചായത്ത് നിരക്കിലേക്ക് കൊണ്ടുപോകുമെന്ന പച്ചക്കളം പ്രചരിപ്പിക്കുന്നത്.  യാതൊരു തരത്തിലും നഗരസഭ ആയി മാറാന്‍ പാകപ്പെടാതിരുന്ന മാനന്തവാടിയെ നിര്‍ബന്ധപൂര്‍വ്വം നഗരസഭയാക്കി മാറ്റി ഇവിടുത്തെ ജനങ്ങളുടെ ജീവിതദുരിതം വര്‍ദ്ധിപ്പിച്ചത് യു.ഡി.എഫാണ്.  മാനന്തവാടി പഞ്ചായത്ത് വിഭജിച്ച് പയ്യമ്പളളി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നിട്ടും അന്നത്തെ യു.ഡി.എഫ് ഭരണസമിതിയും മാനന്തവാടി എം.എല്‍.എ യും മന്ത്രിയുമായിരുന്ന ജയലക്ഷ്മി ഉള്‍പ്പെടെ കോടി കണക്കിന് രൂപയുടെ വികസനം ലഭ്യമാക്കുമെന്ന് പറഞ്ഞ് വാശിയോടെ മാനന്തവാടിയെ നഗരസഭയാക്കി മാറ്റിയത്.  ഇന്നും പയ്യമ്പളളി വില്ലേജ് കേന്ദ്രീകരിച്ച് പഞ്ചായത്ത് വേണമെന്ന ആവശ്യം ന്യായവും ശക്തവുമാണ്.  
ഇന്ന് മാനന്തവാടിയുടെ കാര്‍ഷിക മേഖലയിലും ഗ്രാമീണ മേഖലയിലും വന്‍നഷ്ടം ഈ തീരുമാനം കൊണ്ട് ഉണ്ടായി എന്നതാണ് വസ്തുത.  തൊഴിലുറപ്പ് പദ്ധതിപ്രകാരം തന്നെ കോടികണക്കിന് രൂപയുടെ വരുമാന നഷ്ടം സംഭവിച്ചു.  മാനന്തവാടിയുടെ വ്യാപാര മേഖലയെയും ഇത് സാരമായി ബാധിച്ചു.  അടിസ്ഥാന വികസന രംഗത്ത് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സേവനം ഇല്ലാതായി.  വിദ്യാലയങ്ങളുടെ നടത്തിപ്പ് ഉള്‍പ്പെടെ വലിയ ബാധ്യതകളും നഗരസഭയ്ക്ക്  വന്നു ചേര്‍ന്നു.  ഇതിന്‍റെയെല്ലാം ഉത്തരവാദികള്‍ തങ്ങളാണെന്ന ജാള്യത മറച്ചുവെക്കാനും തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് സമരഭാസവുമായി യു.ഡി.എഫിലെ ഒരു വിഭാഗം ഇറങ്ങിതിരിച്ചിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.  
. വി.ആര്‍.പ്രവീജ് (ചെയര്‍പേഴ്സണ്‍, നഗരസഭ),
പി.ടി.ബിജു (വികസന സ്റ്റാന്‍റിംഗ്കമ്മിറ്റി ചെയര്‍മാന്‍). ശാരദ സജീവന്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ്കമ്മിറ്റി ചെയര്‍മാന്‍)
ലില്ലി കുര്യന്‍ (മരാമത്ത് സ്റ്റാന്‍റിംഗ്കമ്മിറ്റി ചെയര്‍മാന്‍) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *