ഇത് വെറുമൊരു ചക്കയല്ല ഒരു ഒന്നൊന്നര ചക്കയാണ്….!
ഇത് വെറുമൊരു ചക്കയല്ല ഒരു ഒന്നൊന്നര ചക്കയാണ്….!
അങ്കിത വേണുഗോപാൽ
വയനാട്ടിൽ ഭീമൻ ചക്ക തുടരെ എല്ലാ വർഷവും അത്ഭുതം തീർക്കുകയാണ്. ഇത്തവണ എടവക ഗ്രാമപഞ്ചായത്തിലാണ് 56.90 കിലോഗ്രാം തൂക്കം വരുന്ന വരിക്ക ചക്ക പറിച്ചത്.ചക്ക സീസൺ ആയാൽ എല്ലാവരും സന്തോഷത്തിലാണ് എന്നാൽ ഇത്തവണ വേനൽ മഴ തകർത്തു പെയ്തപ്പോൾ വയനാട്ടിലെ എല്ലാ കർഷകരും നിരാശയിലായിരുന്നു. പലരും ഇപ്പോഴും വിഷമത്തിൽ തന്നെ. കൊറോണയും മഴയും കർഷകരെ വലിയ രീതിയിൽ തളർത്തിയിട്ടുണ്ട്. എന്നാൽ ഈ നിരാശയിലും വലിയൊരു സന്തോഷം കണ്ടെത്താൻ പുളിക്കുന്നിൽ വാസുവിന് സാധിച്ചിട്ടുണ്ട്. തന്റെ 65 സെന്റ് വരുന്ന സ്ഥലത്ത് വാഴയും കപ്പയും ആണ് വാസുവിന്റെ പ്രധാന കൃഷി.കുറഞ്ഞ കരസ്ഥലം മാത്രമുള്ള വാസുവിന്റെ തൊടിയിൽ നിന്നുമാണ് ഇത്തവണ 56.90കിലോ ഗ്രാം വലിപ്പമുള്ള ഭീമൻ ചക്ക കിട്ടിയത് . കഴിഞ്ഞ ദിവസമാണ് വാസുവിന്റെ തൊടിയിൽ ഇത്രയും വലിപ്പമുള്ള ചക്ക കണ്ടത്. അയൽവാസികളായ യുവാക്കൾ ചേർന്ന് ചക്ക പറിയ്ക്കുകയും ചെയ്തു. കഴിഞ്ഞകൊല്ലം ഇതേ സമയം തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി കുറിച്യാ തറവാട്ടിലെ തോട്ടത്തിൽ 57.90 കിലോഗ്രാം തൂക്കത്തോടെ ചക്ക ചരിത്രം കുറിച്ചിരുന്നു. എന്നാൽ ഇത്തവണ തൊട്ടടുത്തുള്ള എടവക ഗ്രാമപഞ്ചായത്തിലാണ് ഭീമൻ ചക്ക സ്ഥാനം പിടിച്ചിരിക്കുന്നത്. തന്റെ തോട്ടത്തിൽ ഇത്രയും വലിയ ചക്ക ഉണ്ടായതിൽ സന്തോഷമുണ്ടെങ്കിലും തന്റെ കൃഷിക്കോ മറ്റോ പഞ്ചായത്തിൽ നിന്നും മറ്റ് സഹായങ്ങൾ ഒന്നുമില്ലന്നാണ് ഇവർ പറയുന്നത്. വാസുവിന്റെ ഭാര്യയും കർഷക തന്നെയാണ് രണ്ട് മക്കളാണ് വാസുവിനുള്ളത്. പറമ്പിൽ ഉണ്ടായ വരിക്കചക്ക കാണാൻ ധാരാളം പേർ എത്തുകയും ചെയ്തു.





Leave a Reply