ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക; എ.കെ.എസ്.ടി.യു.


Ad
ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക; എ.കെ.എസ്.ടി.യു.
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാനാകാതെ, ഓൺലൈൻ അധ്യയനം തുടങ്ങിയെങ്കിലും ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളേയും ഇതിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടില്ല. ഗോത്രവിഭാഗം കുട്ടികൾ അടക്കം പഠനസാമഗ്രികളുടെ അഭാവം മൂലവും മൊബൈൽ റെയ്‌ഞ്ച് ഇല്ലാത്തതിനാലും ഓൺലൈൻ പഠനത്തിന്റെ  ഭാഗമാകാൻ കഴിയാത്ത ധാരാളം കുട്ടികൾ ജില്ലയിലുണ്ട്. സ്‌കൂളുകൾ നൽകുന്ന ഏകദേശ ഡാറ്റകൾക്കപ്പുറത്തെ കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ  കൈവശം ഇല്ല എന്നതാണ് വസ്തുത. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഇല്ലാത്തവർ, ടി.വി. ഇല്ലാത്തവർ, ഇവ രണ്ടും ഇല്ലാത്തവർ, ഡിവൈസ് ഉണ്ടായിട്ടും റെയ്‌ഞ്ച് പ്രശ്‍നം കാരണം പഠനം തുടങ്ങാൻ കഴിയാത്തവർ എന്നിങ്ങനെ കൃത്യമായ ഡാറ്റ ശേഖരിക്കുകയും പ്രശ്ന പരിഹാരത്തിനുള്ള അടിയന്തിര ഇടപെടൽ ജില്ലാ ഭരണകൂടം നടത്തുകയും വേണം. നേരത്തെ മേളകൾക്കായി സമാഹരിച്ച തുക, യൂണിഫോം ഇനത്തിൽ ചിലവാക്കേണ്ട തുക എന്നിവ ഉപയോഗപ്പെടുത്തി പദ്ധതി തയ്യാറാക്കി കുട്ടികൾക്ക് ലാപ്ടോപ്പ് പോലെയുള്ള പഠനസാമഗ്രികൾ നൽകാൻ സാധിക്കും.
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ അഭാവം പഠന പുരോഗതി വിലയിരുത്തുന്നതിലും പഠനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഒരു പ്രശ്നമായി നിൽക്കുന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇല്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്ഥലത്തില്ലാത്തതും പ്രശ്നമാണ്. ജില്ലാ പഞ്ചായത്തും വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നില്ല. ജില്ലാ വിദ്യാഭ്യാസ സമിതി അടിയന്തിരമായി വിളിച്ച് ചേർത്ത് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. മിക്ക സ്കൂളുകളിലും അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥാപന മേധാവി ഇല്ലാത്ത ധാരാളം സ്‌കൂളുകളും ഉണ്ട്. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഫിക്സേഷൻ നടത്തി അധ്യാപക തസ്തികകൾ പുനർനിർണയിച്ച് ട്രാൻസ്ഫറും പുതിയ നിയമനവും ഉടൻ നടത്തേണ്ടതാണ്. താത്കാലിക അധ്യാപകനിയമനം നടത്തുന്നതിനാവശ്യമായ ഇടപെടീലും ഉണ്ടാകണം. മേൽ വിഷയങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അടിയന്തിര ഇടപെടീൽ ഉണ്ടാകണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *