April 19, 2024

അകാലത്തിൽ പൊലിഞ്ഞു പോയ പൊൻതാരകം

0
Img 20210620 Wa0019.jpg
അകാലത്തിൽ പൊലിഞ്ഞു പോയ പൊൻതാരകം 

വെള്ളമുണ്ട എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എം മമ്മു മാസ്റ്റർ ശ്രീലത ടീച്ചറെ ഓർമിക്കുമ്പോൾ… 
കേരളത്തിൽ തന്നെ അറിയപെടുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കോളേജ് അധ്യാപികയായിരുന്നു ശ്രീലത ടീച്ചർ. വയനാട്ടിലെ അറിയപെടുന്ന സാംസ്ക്കാരിക പ്രവർത്തകനും കറകളഞ്ഞ കോൺഗ്രസ്കാരനുമായ ദേശീയ അധ്യാപക ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററുടെയും ചന്ദ്രമതി ടീച്ചറുടെയും മൂന്ന് പെൺകുട്ടികളിൽ മൂത്ത മകൾ.
കുറിപ്പുകാരൻ എട്ടാം തരത്തിൽ പഠിക്കാൻ വെള്ളമുണ്ട സ്കൂളിൽ എത്തിയപ്പോൾ അവർ പത്താം ക്ലാസ്സിൽ. അപാര പഠിപ്പിസ്റ്റുകളും ഞങ്ങൾക്കൊക്കെ പ്രോചോദകരുമായ പത്തു പതിനഞ്ച് പേരിൽ ഒരാൾ. പ്രസംഗ മത്സരത്തിലും അല്ലാത്ത സന്ദർഭങ്ങളിലും സ്കൂൾ സ്റ്റേജിൽ സാഗര ഗർജനം നടത്തി വിസ്മയിപ്പിച്ച രണ്ട് പേരിൽ ഒരാൾ. കെ എസ് യു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരി. എല്ലാറ്റിനുമപ്പുറം ബാലജന സഖ്യത്തിന്റെ ഉത്തര മേഖലാ സെക്രട്ടറി. ഞങ്ങളൊക്കെ ആദരവോടെ കണ്ടിരുന്ന ആ പ്രിതിഭ പിന്നീട് കേരളത്തിൽ തന്നെ അറിയപെടുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കോളേജ് അധ്യാപികയായി. കവിത എഴുത്തും സാമൂഹിക പ്രവർത്തനവും കൊണ്ട്‌ കുട്ടികൾക്കും കോളേജ് മാനേജ്മെന്റിനും നാട്ടിലെ സാധാരണക്കാർക്കും പ്രിയപ്പെട്ട അധ്യാപിക. അകാലത്തിൽ പൊലിഞ്ഞു പോയ വെള്ളമുണ്ടയുടെ പൊൻതാരകമായിരുന്ന ശ്രീലത ടീച്ചറെ കുറിച്ചാണ്. 
  1979 ഇൽവെള്ളമുണ്ട ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പാസ്സായതിന് ശേഷം കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് മലയാളത്തിൽ ഡിഗ്രിയും പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് കഴിഞ്ഞ് നിൽക്കുന്ന സമയം. കോളേജ് അധ്യാപിക ആവാനുള്ള വലിയ ആവേശവുമായി നടന്ന കാലം. എയ്ഡഡ് കോളേജുകളിൽ ഏതെങ്കിലും ഒന്നിൽ ക്യാപിറ്റേഷൻ നൽകി അധ്യാപിക നിയമനം വാങ്ങാനായിരുന്നു കുടുംബത്തിന്റെ താല്പര്യം. പക്ഷേ ടീച്ചർ അതിന് എതിരായിരുന്നു. 
വീടിനു മുന്നിൽ തന്നെയുള്ള വയനാട്ടിലെ തന്നെ പഴയ വായനശാലകളിൽ ഒന്നായിരുന്ന ചെറുകര റിനൈസൻസ് ലൈബ്രറിയിലെ വായിച്ചു തീർത്ത പുസ്തകങ്ങൾ അത് നിർമ്മിച്ചെടുത്ത ആദർശ ബോധം ടീച്ചറെ അതിന് അനുവദിച്ചില്ല. 
ആയിടക്കാണ് വയനാട് മുസ്ലിം യതീംഖാനയുടെ കീഴിലുള്ള ഡബ്ല്യു എം ഒ കോളേജിൽ മലയാളം അധ്യാപക ഇന്റർവ്യു വിളിക്കുന്നത്. മാധവൻ മാഷിന്റെയും കുടുംബത്തിന്റെയും നിർബന്ധത്തിന് വഴങ്ങി കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വേറെയും ഉണ്ടായിരുന്നിട്ടും മാനേജ്‌മന്റ് ശ്രീലത ടീച്ചറെ നിയമിക്കുന്നു. പിന്നീട് ആ തീരുമാനം കോളേജിനും വലിയ നേട്ടമായി മാറി. കോളേജിൽ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപിക കോളേജിന്റെ അഭിമാനമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിൽ മാത്രമല്ല അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കുന്നതിലും ടീച്ചർ വിജയിച്ചിരുന്നു. അവരുടെ വ്യക്തിപരമായ സങ്കടങ്ങളിലും കൂടി ഇറങ്ങി ചെന്ന് അവരെ ചേർത്ത് പിടിച്ചു ഏവരെയും അതിശയിപ്പിച്ചു. എല്ലാറ്റിനും പിന്തുണയുമായി ഭർത്താവ് ശിവരാജ് കൂട്ടിനുണ്ടായിരുന്നത് ടീച്ചർ വലിയ കരുത്തായി. അദ്ദേഹം മുട്ടിലിൽ ഉറവ് എന്ന സംരഭവുമായി വയനാട്ടിൽ തന്നെയുണ്ട്.
നാട്ടിലും ടീച്ചർ ഒരത്ഭുതമായിരുന്നു. കയ്യിലുള്ളതൊക്കെ പാവങ്ങൾക്ക് നൽകുമായിരുന്നു. ഒരിക്കൽ വീടിനടുത്തുള്ള ആദിവാസി കോളനിയിലെ ഒരു പാവം സ്ത്രീ മാനന്തവാടി ആശുപതിയിൽ അഡ്മിറ്റായിരുന്നു. അവര്‍ക്ക് എല്ലാ ദിവസവും ആഹാരം എത്തിച്ചു കൊടുത്തിട്ടായിരുന്നു ടീച്ചർ കോളേജിൽ പോയിരുന്നത്. 
കോളേജിൽ ഏറ്റവും നല്ല കൂട്ടായി വയനാടിന്റെ സ്വന്തം കവയത്രി നന്ദിതയും ഉണ്ടായിരുന്നു. നന്ദിതയുടെ ഒരു പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീലത ടീച്ചറായിരുന്നു. കട്ടക്ക് നിൽക്കുന്ന രണ്ട് പ്രതിഭകൾ ഇംഗ്ലീഷ്‌ മലയാളം ഡിപാർട്‌മെന്റുകളിൽ വന്നത്‌ ഏറ്റവും ഗുണകരമായത് വിദ്യാര്ഥികളാക്കായിരുന്നു. ഇടക്ക് ജീവിതത്തിൽ നിന്ന് തന്നെ സ്വയം വിരമിച്ചു പോയതാണ് നന്ദിത ടീച്ചർ. നന്ദിതയുടെ വിയോഗം ശ്രീലത ടീച്ചറെ വല്ലാതെ അസ്വസ്ഥതയാക്കിയിരുന്നു. 
പത്ത് വർഷം കോളേജ് അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. അതിനിടക്കാണ് അർബുദം അപശകുനമായി വന്നത്‌. കീമോയും മരുന്നും തളർത്തിയെങ്കിലും ക്രമേണെ ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ്. കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ചുമതലയുമുണ്ടായിരുന്നു. അവസാനം ഒരു എൻ എസ് എസ് ക്യാമ്പിനിടയിൽ വീണ്ടും പുറം വേദനയുടെ രൂപത്തിൽ രോഗം തിരിച്ചു വന്നു. പിന്നീടത് ആ പ്രതിഭയുടെ ജീവനും കൊണ്ടു പോയി. മകൻ സിദ്ധാർഥിനെയും ഭർത്താവിനെയും തനിച്ചാക്കി ആ മഹാ പ്രതിഭ കുറെ നല്ല ഓർമ്മകൾ ബാക്കിയാക്കിയാക്കി വിടപറഞ്ഞു. മകൻ പൂനാ ഐസെറിൽ നിന്ന് പിജി കഴിഞ്ഞ് സ്വിറ്റസർലണ്ടിൽ പി എച്ച് ഡി ചെയ്യുകയാണ്. 
ടീച്ചറുടെ സ്മരണാർത്ഥം അവരുടെ കോളേജിലും അവരുടെ പ്രിയപ്പെട്ട വായന ശാലകളായ ചെറുകര റിനൈസൻസ് ലൈബ്രറിയും മാനന്തവാടി പഴശ്ശി ലൈബ്രറിയും അനുസ്മരണ പരിപാടികളും വിവിധ അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിയെങ്കിലും വെള്ളമുണ്ട ഹൈ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘവും അവരുടെ സ്മരണകളെ ഓർത്തെടുക്കാനുള്ള പരിപാടി ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നുണ്ട്.  
    വായിച്ചതു കൊണ്ട് മാത്രം വളർന്ന ഒരാൾ. താൻ വായിച്ചതിൽ നിന്ന് ലഭിച്ച ഉൾകാഴ്ച്ചകളൊക്കെ സമൂഹത്തിനു കൂടി പകർന്നു നല്കാൻ ശ്രമിച്ചു വിജയിച്ച ഞങ്ങളുടെ പൂർവ വിദ്യാർത്ഥിയെ ഓർത്തു അഭിമാനിക്കുന്നു. അവരെ ഓർത്തെടുക്കാനായി വായനാ ദിനം തന്നെ തിരഞ്ഞെടുക്കാൻ തോന്നി. പ്രിയപ്പെട്ട സഹോദരീ താങ്കൾ ഇട്ടേച്ചു പോയ നന്മകളൊക്കെ താങ്കളുടെ കുട്ടികളിലൂടെ ഇനിയും പ്രകാശം പരത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *