സംഭരണം സംസ്കരണം വിപണനം എന്നിവയ്ക്ക് ഊന്നൽ നൽകി കർഷക വരുമാനം വർദ്ധിപ്പിക്കും: കൃഷിമന്ത്രി പി.പ്രസാദ്


Ad
സംഭരണം സംസ്കരണം വിപണനം എന്നിവയ്ക്ക് ഊന്നൽ നൽകി കർഷക വരുമാനം വർദ്ധിപ്പിക്കും: കൃഷിമന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : സംസ്ഥാനത്ത് കർഷക വരുമാനം 50 ശതമാനമെങ്കിലും വർദ്ധിപ്പിച്ച് കർഷകന് അന്തസായ ജീവിതനിലവാരം ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകും. കാർഷികോത്പാദക കമ്പനികൾ രൂപീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് സൂചിപ്പിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണം സീസണോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച 2000 കർഷക ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരും പങ്കെടുക്കുകയുണ്ടായി.
 മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി ഇതിനകം തന്നെ 25 കാർഷികോത്പാദന കമ്പനികൾ രൂപീകരിക്കുന്നതിന് നടപടി ആയിട്ടുണ്ട്. ഉത്പന്നങ്ങൾ യഥാസമയം സംഭരിച്ച് വിപണനം ചെയ്യുന്നതിനായിരിക്കും വകുപ്പിൻ്റെ പദ്ധതികളിലും മുൻതൂക്കം. വിളവ് കൂടി എന്ന പ്രശ്നത്താൽ കർഷകർക്ക് യാതൊരു ബുദ്ധിമുട്ടും ഇനി നേരിടേണ്ടി വരില്ല. അതിനുള്ള ഇടപെടലുകൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ഒരു ഇടപെടലാണ് ഓണം പോലുള്ള ഉത്സവ സീസണുകളിൽ നടത്തുന്ന കർഷക ചന്തകൾ. കർഷകരിൽ നിന്നും അവർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ കർഷകർക്ക് ലഭിക്കുന്ന വിലയേക്കാൾ 10 മുതൽ 20 ശതമാനം വരെ അധിക വില നൽകി സംഭരിച്ച് ഉൽപ്പാദകർക്ക് വിപണിവിലയെക്കാൾ 30 ശതമാനംവരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് കർഷക ചിന്തകളിലൂടെ നടത്തുന്നത്. ഓണസമൃദ്ധി 2021 എന്ന പേരിൽ ആരംഭിക്കുന്ന 2000 കർഷക ചന്തകൾ ആഗസ്റ്റ് 17 മുതൽ 20 വരെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
 കാർഷിക ഉത്പാദന രംഗത്ത് സംസ്ഥാനം വളരെ മുൻപന്തിയിലാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അഭിപ്രായപ്പെട്ടു. പഴം-പച്ചക്കറി മേഖലയിലെ പ്രധാന പ്രശ്നം വിപണനമാണ്. കിട്ടുന്ന വിലയ്ക്ക് കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ട്. ഇതിന് മാറ്റം വരുത്തുവാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും അധ്യക്ഷൻ സൂചിപ്പിച്ചു.
 പ്രതിസന്ധിഘട്ടത്തിലും ജനങ്ങളെ ചേർത്തു പിടിച്ചുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വിദ്യാർഥികളടക്കം എല്ലാവർക്കും കിറ്റു വിതരണം സർക്കാർ നടപ്പിലാക്കുന്നു. രാജ്യത്തിന് മാതൃകയായുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും മന്ത്രി പറഞ്ഞു .കർഷക കൂട്ടായ്മകൾ ഉല്പാദിപ്പിച്ച നാടൻ ഉൽപ്പന്നങ്ങൾ കർഷക പ്രതിനിധിയായ ആനാട്ടെ കർഷകൻ പുഷ്കരൻ നായർ മന്ത്രി ശിവൻകുട്ടിയ്ക്ക് കൈമാറുകയും ചെയ്തു.
 ഓണസമൃദ്ധി കർഷക ചന്തകളുടെ ആദ്യ വിൽപന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൽപ്പന്നങ്ങൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സൗഹൃദ കൃഷിയിലൂടെ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ കുളത്തൂരിലെ കർഷകനായ മോഹനനിൽ നിന്നും കൃഷിമന്ത്രി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ ,ഡെപ്യൂട്ടി മേയർ പി കെ രാജു , ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ സജീവ് , വി.എഫ്.പി.സി.കെ സി.ഇ.ഒ ശിവരാമകൃഷ്ണൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. കൃഷി വകുപ്പ് ഡയറക്ടർ ഡോ കെ വാസുകി ഐഎഎസ് ചടങ്ങിന് സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ അലിനി ആന്റണി നന്ദിയും അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *