തന്റെ ജീവനായ രണ്ടാനകൾക്ക് വേണ്ടി മൂന്നേക്കർ സ്ഥലം വിറ്റ ആനപ്രേമി


Ad
റിപ്പോർട്ട് : അഖില ഷാജി 
കാക്കവയൽ: ജീവിതം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇക്കാലത്ത് രണ്ടാനകൾക്ക് വേണ്ടി മൂന്നേക്കർ സ്ഥലം വിറ്റ ഒരാന പ്രേമിയുണ്ട് വയനാട്ടിൽ. കാക്കവയൽ സ്വദേശിയായ വടക്കേക്കര വി എം രാജപ്പനാണ് ഒരായുസ്സ് മുഴുവൻ ആനക്ഷേമത്തിന് വേണ്ടി ചിലവഴിക്കുന്നത്. കുട്ടിക്കാലത്ത് ആനയോടുള്ള ഇഷ്ടം കാരണം കുടുംബത്തിൽനിന്ന് ഒരാനയെ വാങ്ങി നൽകി. പീന്നീട് രാജപ്പൻ്റെ ജീവിതം മുഴുവൻ ആനക്കൊപ്പമായിരുന്നു. ജീവനായ റാണിയും റീനയുമാണ് ഇപ്പോൾ രാജപ്പൻ്റ ഉടമസ്ഥതയിലുള്ളത്. ജില്ലയിലിന്ന് അവശേഷിക്കുന്ന നാട്ടാനകൾ ഇവർ മാത്രമാണ്.
വിവിധ മത്സരങ്ങളിൽ ഗജറാണി പട്ടം കിട്ടിയ റാണി 20 വർഷമായും, റീന 40 വർഷമായും രാജപ്പൻ്റെ കൂടെയാണ്. ഇരുവർക്കും 6 പാപ്പാൻമാരാണുള്ളത്. കോവിഡ് സാഹചര്യത്തിൽ മാറിമാറിയാണ് പാപ്പാന്മാർ ആനയെ പരിചരിക്കുന്നത്. ചിലവെത്രയായാലും ഇരുവരെയും ഉപേക്ഷിക്കാൻ രാജപ്പൻ തയ്യാറല്ല. അതിന് രാജപ്പന് ന്യായമുണ്ട്. “എൻ്റെ വിവാഹം കഴിഞ്ഞിട്ട് 33 വർഷമേ ആയിട്ടുള്ളൂ. ഭാര്യയും മക്കളുമുണ്ടാവുന്നതിന് മുമ്പേ എനിക്കാനയുണ്ട്. എൻ്റെ മരണം വരെ അവരെൻ്റെ കൂടെയുണ്ടാകും” രാജപ്പൻ പറഞ്ഞു. പേരുവിളിച്ച് “ഒരുമ്മ താ ” എന്നു പറഞ്ഞാൽ മതി തുമ്പിക്കൈയും ഉയർത്തി രണ്ടുപേരുമിങ്ങെത്തും. പിന്നീട് സ്നേഹപ്രകടനമായിരിക്കും. പ്രതിദിനം ആറായിരത്തോളം രൂപയാണ് രണ്ടാനകളെ വളർത്താൻ ചിലവ്. പനമ്പട്ടയാണ് ഇഷ്ടഭക്ഷണം. ഇരുവരെയും സംരക്ഷിക്കാൻ പലപ്പോഴായി മുന്നേക്കർ സ്ഥലം വിൽക്കേണ്ടി വന്നു. അതൊന്നും നഷ്ടമായി രാജപ്പന് തോന്നുന്നില്ല. കോവിഡിന് മുമ്പ് എഴുന്നള്ളിപ്പിനും പരിപാടികൾക്കുമെക്കെ ശ്രദ്ധാകേന്ദ്രമായിരുന്നു റാണിയും റീനയും. ഉത്സവങ്ങളും മറ്റും ഇല്ലാതായതോടെ ലഭിച്ചിരുന്ന വരുമാനവും നിലച്ചു. ഇപ്പോൾ ഇരുവരുടെയും വ്യായാമത്തിന് വേണ്ടി ദിവസവും 10 കിലോമീറ്റർ നടത്തിക്കലാണ് പതിവ്. ആരോഗ്യ പരിപാലനത്തിന് പുറമേ ദേഹരക്ഷയും ചെയ്യാറുണ്ടെന്നും രാജപ്പൻ ന്യൂസ്‌ വയനാടിനോട് പറഞ്ഞു 
ശരിയായ സമയങ്ങളിൽ മരുന്നും നൽകാറുണ്ട്. നാട്ടാനകളെ ടൂറിസവുമായി ബന്ധിപ്പിക്കണമെന്നാണ് രാജപ്പൻ്റെ അഭ്യർഥന. ടൂറിസത്തിന് വളരെയധികം പ്രാധാന്യമുള്ള സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആന സവാരി ആരംഭിക്കുന്നത് ആനയുടമകൾക്ക് സംരക്ഷണ മാർഗ്ഗമാകും. ആനസവാരിക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സഞ്ചാരികൾക്ക് ഇവിടുന്ന് തന്നെ സവാരി നടത്താനാകുമെന്നും എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും കൂടെയായ രാജപ്പൻ പറയുന്നു.
ജില്ലാ മോണിറ്ററിങ് കമ്മിറ്റിക്ക് രാജപ്പൻ അപേക്ഷ നൽകിയിട്ടുണ്ട്. അനുകൂലമായ മറുപടിക്കായി പ്രതീക്ഷിച്ചിരിക്കുകയാണ്.ആനസവാരിക്കായി 4 മാസത്തെ പരിശീലനം റാണിയും റീനയും നേടിയിട്ടുമുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും നാട്ടാനകൾ കുറഞ്ഞ ജില്ലയാണ് വയനാട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *