പൊഴുതന: കാട്ടാനശല്യം രൂക്ഷം; പൊറുതിമുട്ടി സേട്ടുക്കുന്ന് നിവാസികള്‍


Ad
പൊഴുതന: സേട്ടുക്കുന്നില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. പൊഴുതന പഞ്ചായത്തിലെ സേട്ടുക്കുന്നിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കൃഷി ആന പൂര്‍ണമായും നശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും പ്രദേശത്ത് കാട്ടാനകളെയത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. ഓരോ തവണ ആനയിറങ്ങുമ്പോഴും കൃഷി നശിപ്പിക്കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടാകുന്നത്. രാത്രി സമയത്ത് പുറത്തിറങ്ങാന്‍ തന്നെ ആളുകള്‍ ഭയപ്പെടുകയാണ്. രാത്രിയില്‍ ഇറങ്ങുന്ന ആന നേരം പുലര്‍ന്നതിന് ശേഷമാണ് കാട് കയറുന്നത്. ഈ സമയം കൊണ്ട് എല്ലാം നശിപ്പിച്ചിരിക്കും. കാട്ടാനകളെ തുരത്താനായി നിര്‍മിച്ച വൈദ്യുതി വേലി കാര്യക്ഷമമല്ലാത്തതാണ് ആന ശല്യത്തിന് കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പ്രശ്‌നത്തില്‍ പരിഹാരമാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും അനുകൂല നടപടികള്‍ സ്വീകരിച്ചിട്ടില്ല. വൈദ്യുതവേലികളും പ്രവര്‍ത്തനക്ഷമമല്ല. മരം വീണും കാട്ടുവളളികള്‍ പടന്നും ചാര്‍ജ് ഇല്ലാതെയും പലയിടത്തും പ്രവര്‍ത്തനരഹിതമാണ്. ആനയെ തുരത്തണമെങ്കില്‍ വേലിയില്‍ ഫുള്‍ ചാര്‍ജ് അനിവാര്യമാണ്. ഇതിനായ് വൈദ്യുത വേലിയുടെ നിരീക്ഷണത്തിനായി വാച്ച്മാനെ നിയമിക്കണമെന്നും താല്ക്കാലിക പരിഹാരമായി പ്രവര്‍ത്തനക്ഷമമല്ലാത്ത വൈദ്യുതവേലിയിലെ കേടുപാടുകള്‍ പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം റെയില്‍പ്പാളവേലിയോ റോപ്പ് ഫെന്‍സിംഗോ സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
മേപ്പാടി പ്രദേശത്തും കാട്ടാന ശല്യം രൂക്ഷമാകുകയാണ്. പുഴമൂല, കാപ്പിക്കാട്, ആനക്കാട് പ്രദേശങ്ങളില്‍ കാട്ടാന ശല്യത്തിന് അറുതിയില്ല. വനം വകുപ്പ് ചെമ്പ്രമല കാട്ടിലേക്ക് തുരത്തിയ ആന തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെത്തിയത് വീണ്ടും ഭീതിയിലാക്കിയിരുന്നു. ആനയെ പ്രതിരോധിക്കാന്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *