April 17, 2024

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു; ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

0
Img 20210921 Wa0050.jpg
വൈത്തിരി: ഗ്രാമപഞ്ചായത്തിലെ ലക്കിടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം ജില്ലാ കലക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനാണ് ജില്ലാ കലക്ടര്‍ എന്‍ ഊരിലെത്തിയത്. ഇപ്പോള്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ്, സെക്രട്ടറി പി.കെ ഇന്ദിര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, എന്‍. ഊര് സെക്രട്ടറി ഇന്‍ചാര്‍ജ് മണി എ., സെക്രട്ടറി വി. ബാലകൃഷ്ണന്‍, സി.ഇ.ഒ ശ്യാം പ്രസാദ് പി.എസ്, നിര്‍മ്മിതി ആര്‍ക്കിടെക്ട് എമില്‍ കെ.കെ, തുടങ്ങിയവര്‍ പങ്കെടുത്തു. 
വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അിവുകളും കോര്‍ത്തിണക്കി ഈ മേഖലയുടെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉണര്‍വ്വും ലക്ഷ്യമിട്ടിട്ടുള്ളതാണ് എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി തേയില എസ്‌റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. വയനാട്ടിലെ തനത് ഉത്പന്നങ്ങള്‍ എന്‍ ഊരിലെ വിപണിയില്‍ ലഭ്യമാവും. 
ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ബ്ലോക്കുകളാണ് ഇവിടെ നിര്‍മ്മിച്ച് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തത്. ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കാഫ്റ്റീരിയ, വെയര്‍ ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ടൂറിസം വകുപ്പിന്റെ തുക ചെലവഴിച്ച് ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെറിറ്റേജ് വാക്ക് വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ പണി പൂര്‍ത്തിയായി വരുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണം ഏറ്റെടുത്തത്.
പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നതോടെ 50 പേര്‍ക്കു നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. 
ജില്ലയിലെ ഗോത്ര വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ഗോത്ര പൈതൃകത്തിന്റെ സംരക്ഷണവും അവരുടെ തനത് കലകള്‍, വാസ്തുവിദ്യകള്‍ തുടങ്ങിയവയുടെ പുതിയ തലമുറയിലേക്കുള്ള മൊഴിമാറ്റമാണ് പൈതൃക ഗ്രാമത്തിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല വസ്തുക്കള്‍, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങള്‍, ശില്‍പ്പകല, ചിത്രകല, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ വിപണിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ ഗോത്ര പാരമ്പര്യ സ്വയംതൊഴില്‍ മേഖലകളില്‍ പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, എന്‍.ജി.ഒ, വിവിധ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളിലൂടെ തനത് ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതോടെ വാണിജ്യ രംഗത്തേ്ക്ക് ഗോത്ര വര്‍ഗക്കാരെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *