March 29, 2024

ചോലാടിയിലേയും പരിസരങ്ങളിലേയും വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണണം; ആക്ഷന്‍ കൗണ്‍സില്‍

0
Img 20210923 Wa0009.jpg
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചോലാടിയിലേയും പരിസരങ്ങളിലേയും വന്യമൃശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍. മേപ്പാടി റേഞ്ചിലെ ബടേരി സെക്ഷനില്‍പ്പെട്ട ചോലാടി, ചെല്ലന്‍കോട്, മീന്‍മുട്ടി, കുട്ടന്‍കടവ് പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. കോഴിക്കോട്ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ പലപ്പോഴും കാട്ടാനയും, പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെത്തി ഗതാഗതം തടസ്സപ്പെടുത്തുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും, വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്ത സംഭവങ്ങള്‍ ധാരാളമാണ്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വന്യമൃഗങ്ങള്‍ ഭീഷണിയായിരിക്കയാണ്. ഒരു ഭാഗം തമിഴ്നാടും, മറുഭാഗം നിലമ്പൂര്‍ വനവും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. അതിനാല്‍ ഈ ഭാഗങ്ങളില്‍ നിന്നുമാണ് കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. 20 വര്‍ഷം മുമ്പ് താല്‍ക്കാലിക ഫെന്‍സിംഗിട്ടത് വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും പൂര്‍ണമായും നശിച്ചു. യാതൊരു പ്രതിരോധ സംവിധാനവും ഇപ്പോള്‍ ഇവിടെയില്ല. അതേസമയം പഞ്ചായത്തിലെ ചോലാടി, ചെല്ലങ്കോട് എന്നിവിടങ്ങളില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 12ലധികം കര്‍ഷകര്‍ക്കാണ് വര്‍ഷങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്. നഷ്ടപരിഹാരത്തിനായി വനം വകുപ്പില്‍ ഈ കുടുംബങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. നഷ്ടപരിഹാര തുക കാലോചിതമായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നിത്യേന ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ തമ്പടിച്ച് കാപ്പി, കവുങ്ങ്, കുരുമുളക്, തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ടൂറിസ്റ്റ് പദ്ധതികളിലും റിസോര്‍ട്ടുകളുമെല്ലാം പ്രവര്‍ത്തിച്ചിരുന്ന ഘട്ടത്തില്‍ വന്യമൃഗശല്യത്തിന് താരതമ്യേന കുറവുണ്ടായിരുന്നു. നിരവധി തവണ പരാതി നല്‍കുകയും, ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 100 മീറ്റര്‍ തൂക്ക് ഫെന്‍സിംഗ് ഏര്‍പ്പെടുത്തിയെങ്കിലും ഇതും ഫലം ചെയ്തില്ല. ആവശ്യത്തിനുള്ള പോസ്റ്റുകള്‍ സ്ഥാപിക്കാതെ പുഴയോരത്തെ മരത്തിലൂടെയായിരുന്നു ഇവ സ്ഥാപിച്ചത്. മരച്ചില്ലകള്‍ വീണും, മറ്റും കാരണം ഫെന്‍സിംഗ് തകര്‍ന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും, അറ്റകുറ്റപണികള്‍ക്കും പ്രദേശവാസികള്‍ മാസത്തിലൊരിക്കല്‍ രംഗത്തുണ്ട്. ഈ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടത്താന്‍ നേരത്തെ നിലവിലുണ്ടായിരുന്ന മീന്‍മുട്ടി സംരക്ഷണ സമിതി പുനരുജ്ജീവിപ്പിച്ച് നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മീന്‍മുട്ടി മുതല്‍ കൂട്ടംകടവ് വരെ നാല് കിലോമീറ്റര്‍ തൂക്ക് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നിര്‍ദ്ദിഷ്ട വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ സി വൈ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ ദീപ ശശികുമാര്‍, പി അയ്യൂബ്, ജോസ് എ യു അങ്ങാടിയത്ത്, ജോണ്‍സണ്‍ അങ്ങാടിയത്ത്, പി എം മാത്യു ചെറുകാലില്‍, അജീഷ് ഊരോത്ത്, യു ബാലന്‍ ഉണിക്കാട് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *