June 21, 2026

‘സ്പോട്ട് അലോട്ട്മെൻറ്: ആദിവാസി വിദ്യാർഥികളോടുള്ള വിവേചനം .

0
By ന്യൂസ് വയനാട് ബ്യൂറോ
‘സ്പോട്ട് അലോട്ട്മെൻറ്: ആദിവാസി വിദ്യാർഥികളോടുള്ള വിവേചനം’

കല്‍പറ്റ: പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത ആദിവാസി വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന സ്‌പോട്ട് അലോട്ട്മെൻറ് സമ്മേളനങ്ങള്‍ ആദിവാസികളോടുള്ള വിവേചനമാണെന്ന് ആദിവാസി സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മറ്റെല്ലാ വിഭാഗക്കാര്‍ക്കും പരമാവധി സീറ്റ് ഉറപ്പു വരുത്തിയതിനുശേഷം ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള അവസാനത്തെ പന്തി പ്രഹസനമാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാറില്ലെന്ന സാഹചര്യം കുറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യാറുണ്ട്. 
ഏറെ പിന്നാക്കം നില്‍ക്കുന്ന സാഹചര്യത്തില്‍നിന്നാണ് ഉന്നത പഠനം എന്ന മോഹവുമായി കുട്ടികള്‍ മുന്നോട്ടുവരുന്നത്. എന്നാല്‍ ഈ കുട്ടികളോട് നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഈ വര്‍ഷം ഒന്നാം അലോട്‌മെൻറില്‍ 24491 സീറ്റുകള്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തിനായി വകയിരുത്തിയിരുന്നു. എന്നാല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തിന് 16,234 സീറ്റാണുള്ളത്. ഇവര്‍ക്ക് അവകാശപ്പെട്ട ആറായിരത്തോളം സീറ്റുകള്‍ മറ്റുള്ളവര്‍ക്കായി വകമാറ്റി. എസ്.ടി വിഭാഗത്തിന് 8257 സീറ്റുകള്‍ മാത്രമാണ് നീക്കിവെച്ചതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 
ഇതര വിഭാഗക്കാര്‍ക്ക് വകമാറ്റിയ ചെറിയ ഒരു ശതമാനം സീറ്റുകള്‍ കൊണ്ട് വയനാട്, അട്ടപ്പാടി മേഖലയിലെ ആദിവാസി കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമായിരുന്നു. എന്നാല്‍ ഇതൊന്നുമുണ്ടായില്ല. ഈ വിവേചനത്തിനെതിരെ ആദിവാസി സംഘടനകള്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സീറ്റുകള്‍ വകമാറ്റിയ നടപടിക്കെതിരെ ദേശീയ പട്ടികവര്‍ഗ കമീഷന് പരാതി നല്‍കും. കൂടാതെ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി എം.പിയെ സമീപിക്കാനുമുള്ള ഒരുക്കത്തിലാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ 
ഗോത്രമഹാസഭ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, കേരള ആദിവാസി ഫോറം നേതാവ് എ. ചന്തുണ്ണി, രമേശന്‍ കൊയ്യാലിപ്പുര എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *