അംഗീകാരങ്ങളുടെ നിറവിൽ വയനാട് എൻജിനിയറിംഗ് കോളേജ്
മാനന്തവാടി: പഠനരംഗത്തും, സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മാതൃകയാവുകയാണ് വയനാട് ഗവ. എൻജിനിയറിംഗ് കോളേജ്. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അംഗീകാരങ്ങളുടെ നിറവിലാണ് ഇന്ന് കോളേജ്. നാഷണൽ ബോർഡ് ഓഫ് അക്രഡിഷന്റെ (എൻ.ബി.എ.) അംഗീകാരമാണ് ഇതിൽ ഏറ്റവും പ്രധാനം. സാങ്കേതിക പoന മേഖലയിലെ ഗുണമേന്മയ്ക്ക് നൽകുന്ന അംഗീകാരമായ എൻ.ബി.എ.കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വിഭാഗത്തിനാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേയും , യു.എസിലേയും എൻജിനിയറിംഗ് കോഴ്സുകൾക്ക് ഒപ്പമെത്തക്കവിധമുള്ള അന്താരാഷ്ട്ര നിലവാരതുല്യത ഇതുവഴി ലഭിക്കും. ബിരുദ പഠനത്തിനു ശേഷം ഉപരിപഠനത്തിനായും ജോലിക്കായും വിദേശത്തേക്ക് പോകുന്നവർക്ക് ഇത് ഏറെ സഹായമാവും. ബയോ മെഡിക്കൽ ഇമേജ് പ്രൊസസിംഗ് ഗവേഷണ കേന്ദ്രം, ഹൈ പെർഫോർമൻസ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവ കോളേജിന്റെ അകാദമിക് നേട്ടങ്ങളാണ്.
കായിക രംഗത്തും ഏറെ മുന്നിലാണ് കോളേജ് . ഒരേ ഇനത്തിൽ തുടർച്ചയായി നാല് വർഷം ത്രോയിൽ കണ്ണൂർ സർവകലാശാല ചാമ്പ്യനായ വിദ്യാർത്ഥിനി നീനു തോമസ് ഈ വർഷത്തെ കണ്ണൂർ സർവകലാശാല മികച്ച വനിതാ അത്ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ, വനിതാ യോഗാഭ്യാസത്തിലും , പുരുഷ വിഭാഗം ബാഡ്മിന്റണിലും നിലവിലിൽ കണ്ണൂർ സർവകലാശാല റണ്ണർ അപ്പാണ് കോളേജ് ടീം.
കേരള സാങ്കേതിക സർവകലാശാലയുടെ റിസർച്ചർ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. വരുൺ ഗോപിയാണ്. സാമൂഹ്യ സേവന രംഗത്ത് ജില്ലയിലെ വിവിധ വകുപ്പുകളുമായി ചേർന്ന് കോളേജ് എൻ.എസ്.എസ്.യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒരു കോടി രൂപയോളം മൂല്യം വരുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പുനർജനി സപ്തദിന ക്യാമ്പിലൂടെ എൻ.എസ്.എസ്.യൂണിറ്റുകൾ നടത്തി. എല്ലാ ശനിയാഴ്ച കളിലും മാനന്തവാടി താലൂക്കിൽ പാലീയേറ്റീവ് കെയർ വീട് സന്ദർശനം, ആദിവാസി കോളനികളിലെ ആരോഗ്യ, വിദ്യഭ്യാസ, ശുചിത്വ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. ഇത്തരം പ്രവർത്തികൾക്കുള്ള അംഗീകാരമായി സാങ്കേതിക വിദ്യഭ്യാസ മേഖലയിലെ ഈ വർഷത്തെ മികച്ച എൻ.എസ്.എസ്.യൂണിറ്റിനുള്ള പുരസ്കാരം, മികച്ച പ്രോ ഗ്രോം ഓഫീസർ, മികച്ച വളണ്ടിയർ , പുനർജനി പ്രത്യേക പുരസ്കാരം, ജൈവ കാർഷിക പുരസ്കാരം, ജെൻസീസ് അവാർഡ് തുടങ്ങിയവ എൻ.എസ് .എസ്.യൂണിറ്റിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി ആബിദ് തറവട്ടത്തിനേയും, മികച്ച വളണ്ടിയറായി കെ.എ. അബ്ദുൾ വാസിഹിനേയും തിരഞ്ഞെടുത്തു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമായി സഹകരിച്ച് ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.റ്റി. ഇ.) നടത്തുന്ന സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എ.ഐ.സി.റ്റി.ഇ. നൽകിയ പുരസ്കാരവും കോളേജിന് ലഭിച്ചു. എ.ഐ.സി.റ്റി ഇ. വൈസ് ചെയർമാൻ ഡോ. എം. പി. പൂണിയയിൽ നിന്നും പ്രിൻസിപ്പൽ ഡോ.കെ.എം. അബ്ദുൾ ഹമീദ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
യുവജനങ്ങൾക്കായി അ ഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗോം, ടാലി സോഫ്റ്റ് വെയർ പരിശീലനം, വെൽഡിംഗ് പരിശീലനം, കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് പരിശീലനം എന്നിവയും കോളേജിൽ നടന്നുവരുന്നു.






Leave a Reply