April 25, 2024

വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെയും റോഡ്‌ഷോ: ഒപ്പം ചേർന്ന് പ്രിയങ്കയും

0
Img 20190404 Wa0055
സി.വി.ഷിബു
കല്‍പ്പറ്റ : രാഹുലിന്റെ വരവോടെ യഥാര്‍ത്ഥത്തില്‍ വയനാട് ഇളകിമറിഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍
നിന്നുപോലും രാഹുലിനെ കാണാന്‍ ആയിരങ്ങള്‍ എത്തി. പത്തു മണിക്കായിരുന്നു
രാഹുലും പ്രിയങ്കയും കല്‍പ്പറ്റയില്‍ എത്തുമെന്ന്
അറിയിച്ചിരുന്നതെങ്കിലും പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍
വിക്രം മൈതാനിയില്‍ നിന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ എസ്.കെ.എം.ജെ.
ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍
വന്നിറങ്ങിയത്. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മുകുള്‍ വാസ്‌നിക്,
കെ.സി.വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,
പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അനൂപ്
ജേക്കബ്, ഷിബു ബേബി ജോണ്‍, ജോസ് കെ.മാണി, സി.പി.ജോണ്‍, ഡി. ദേവരാജന്‍,
ലതിക സുഭാഷ്, പി.കെ.ജയലക്ഷ്മി തുടങ്ങിയ സംസ്ഥാന നേതാക്കളും ഡി.സി.സി.
പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. , എന്‍.ഡി.അപ്പച്ചന്‍,
കെ.എല്‍.പൗലോസ്, തുടങ്ങി വിവിധ ജില്ലാനേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ
സ്വീകരിച്ചു. പിന്നീട് തുറന്ന വാഹനത്തില്‍ കയറി നാമനിര്‍ദ്ദേശ പത്രിക
നല്‍കാനായി കലക്‌ട്രേറ്റിലേക്ക് പതിനൊന്നരയോടെ കലക്‌ട്രേറ്റിലെത്തിയ
അദ്ദേഹം അര മണിക്കൂറിന് ശേഷം പത്രിക നല്‍കി അതേ വാഹനത്തില്‍
പുറത്തേക്കിറങ്ങി. നേരത്തെ നിശ്ചയിച്ചിരുന്നത് പഴയ ബസ് സ്റ്റാന്റ് മുതല്‍
കനറാ ബാങ്ക് വരെ റോഡ് ഷോ നടത്താനായിരുന്നു. എന്നാല്‍ ജനബാഹുല്യം നിമിത്തം
വാഹനവ്യൂഹം തിരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിവില്‍ സ്‌റ്റേഷനില്‍
നിന്ന് ബൈപാസ് വഴി പുതിയ ബസ്റ്റാന്റും കടന്നാണ് റോഡ്‌ഷോ നഗരത്തെ
വലംവെച്ചത്. അപ്രതീക്ഷിതമായി പലര്‍ക്കും അതിനാല്‍ തന്നെ രാഹുലിനേയും
പ്രിയങ്കയേയും കാണാനും ആശംസകള്‍ നേരാനും അഭിവാദ്യം അര്‍പ്പിക്കാനും
സാധിച്ചു.
വാഹനത്തിന് മുന്നിലും പിന്നിലുമായി ജനങ്ങള്‍ ആവേശത്തോടെ അണിനിരന്നു.
പ്രകോപനപരമായ മുദ്രാവാക്യങ്ങളൊന്നുമില്ല. ചൗക്കിദാര്‍ ചോഡ്‌ദോ രാഹുല്‍
ഗാന്ധി സിന്ദാബാദ് എന്ന ഒരേ മുദ്രാവാക്യം മാത്രമാണ് അണികള്‍ ആവേശത്തോടെ
വിളിച്ചത്. കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം ഒരു ലക്ഷത്തിലധികം
ആളുകള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ ഘടകകക്ഷികളുടെ
പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഹെലികോപ്ടറില്‍ കയറുന്നതുവരെ
അനുഗമിച്ചിരുന്നു. തിരിച്ച് റോഡ് ഷോ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹവും
പ്രിയങ്കയും എസ്.കെ.എം.ജെ.സ്‌കൂളിലെ ക്ലാസ് മുറിയിലാണ് ജലപാനത്തിന് ശേഷം
വിശ്രമിച്ചത്. അതിന്‌ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ഉച്ചക്ക് ഒന്നരയോടെ അതേ
ഹെലികോപ്ടറില്‍ വയനാട്ടില്‍ നിന്ന് ഇരുവരും തിരിച്ചു. മണിക്കൂറുകള്‍
കഴിഞ്ഞാണ് നഗരത്തില്‍ തടിച്ചുകൂടിയ ജനം പിരിഞ്ഞുപോയത്. റോഡ്‌ഷോയില്‍ കണ്ട
ആവേശം തുടര്‍ന്നും ഉണ്ടായാല്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും
ഇരട്ടിയാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഫോട്ടോ . സി.വി.ഷിബു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *