April 19, 2024

അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും രാജവെമ്പാലയേക്കാള്‍ വിഷമാണെന്ന് കെ. സി വേണുഗോപാല്‍

0
Img 20190410 Wa0047
കല്‍പ്പറ്റ: ബി ജെ പി അധ്യക്ഷന്‍ അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും രാജവെമ്പാലയേക്കാള്‍ വിഷമാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനില്‍ ക്ഷണിക്കാതെ ചായകുടിക്കാന്‍ പോയയാളാണ് മോദി. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചുകൊണ്ടുള്ള അമിത്ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. വയനാട്ടില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് സിവില്‍സര്‍വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ ഒരുമിച്ച് ആഘോഷിച്ചവരാണ് നാം. അമിത്ഷായുടെ അന്ധത നിറഞ്ഞ കണ്ണുകള്‍ക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മോദിഭരണത്തില്‍ വന്‍ അഴിമതികളാണ് നടന്നിട്ടുള്ളത്. റാഫേലില്‍ റിവ്യൂഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ അഴിമതി നടന്നുവെന്ന് തന്നെ വ്യക്തമായിരിക്കുകയാണ്. എച്ച് എ എല്ലിനെ ഒഴിവാക്കി അനില്‍അംബാനിക്ക് നല്‍കിയതിലൂടെ 30,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പറയുന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അഫിഡവിറ്റ് ശരിയല്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന്റെ പേരിലും വന്‍ അഴിമതിയാണ് നടന്നത്. കള്ളപ്പണക്കാര്‍ വിദേശത്ത് സുഖവാസം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് കോടി തൊഴിലവസരമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി യുവാക്കളുടെ ഉള്ളജോലിയും കളഞ്ഞുകുളിക്കുകയായിരുന്നു. കര്‍ഷകര്‍ ഒരിക്കലുമില്ലാത്ത വിധം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ കൃഷിക്കാര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ദളിത് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലും സ്ത്രീസുരക്ഷയടക്കമുള്ള കാര്യങ്ങളിലും മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഇത്തരത്തില്‍ എല്ലാത്തരത്തിലും പരാജയമായിരുന്ന മോദി സര്‍ക്കാരിനെ കൊണ്ട് ഇതിനെല്ലാം ഉത്തരം പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ പ്രകടനപത്രിക കണ്ടപ്പോള്‍ അത്ഭുതം തോന്നി. നിയമനിര്‍മ്മാണം നടത്താമെന്നാണ് ഇപ്പോള്‍ പറയുന്നത്. ലോക്‌സഭയില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി ജെ പി മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഭരണം ക്വട്ടേഷന്‍സംഘങ്ങളെ സംരക്ഷിക്കുന്നതായിരുന്നു. കൊന്നൊടുക്കുന്നവര്‍ക്ക് ഇവിടെ സംരക്ഷണം നല്‍കുകയാണ്. സര്‍ക്കാരിന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിനായി രാഹുല്‍ഗാന്ധി ഒരിക്കല്‍ കൂടി ജില്ലയിലെത്തും. ജോതിരാധിത്യ സിന്ധ്യ, സച്ചില്‍ പൈലറ്റ്, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കള്‍ രാഹുല്‍ജിക്കായി ജില്ലയില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സാമ്പത്തികമേഖലയിലായാലും, ജി എസ് ടി, തൊഴിലവസരങ്ങള്‍, കാര്‍ഷികമേഖല, പിന്നോക്കവിഭാഗങ്ങളുടെ വികസനം എന്നിങ്ങനെ ഏത് കാര്യത്തിലായാലും മോദിക്ക് പറഞ്ഞ വാക്കുപാലിക്കാനായില്ലെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. പത്രസമ്മേളനത്തില്‍ എ. പി അനില്‍കുമാര്‍ എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ്ഹാജി, എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *