April 23, 2026

ഏഴ് തലമുറകൾക്കും ധീര ജവാൻമാർക്കും കോൺഗ്രസ് രക്ത സാക്ഷികൾക്കും പാപനാശിനിയിൽ ബലികർമ്മം ചെയ്ത് രാഹുൽ ഗാന്ധി.

0
IMG-20190417-WA0036
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു

കൽപ്പറ്റ: വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  പിതാവ്   മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും  മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും അടക്കം തന്റെ പുവ്വികരും പരേതരുമായ ഏഴ് തലമുറകളുടെ മോക്ഷത്തിന് വേണ്ടി തെക്കൻ കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പിതൃതർപ്പണ പൂജയും  പാപനാശിനിയിൽ ബലികർമ്മവും നടത്തി. കണ്ണൂരിൽ നിന്നും  രാവിലെ പത്തരയോടെ  തിരുനെല്ലി  എസ്.എ. യു.പി. സ്കൂളിലെ താൽകാലിക ഹെലിപാഡിൽ കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്  ഉമ്മൻ ചാണ്ടി,  കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ  ,പി. സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പം വന്നിറങ്ങിയ രാഹുൽ ഗാന്ധി റോഡ് മാർഗ്ഗം പ്രത്യേക വാഹനവ്യൂഹത്തിൽ   പഞ്ച തീർത്ഥം വിശ്രമ മന്ദിരത്തിൽ എത്തി.   ഹെലിപ്പാഡിൽ എ .ഐ .സി.സി. അംഗം പി.കെ. ജയലക്ഷ്മി, കെ.പി. സി.സി വൈസ് പ്രസിഡണ്ട് ലാലി വിൻസന്റ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാർ അഹമ്മദ്, സി.അബ്ദുൾ അഷ്റഫ് , പി.കെ. അസ്മത്ത്,  എക്കണ്ടി മൊയ്തുട്ടി, പി.കെ. അമീൻ, പടയൻ മുഹമ്മദ്, എം.സി. സെബാസ്റ്റ്യൻ,   ,ജേക്കബ്ബ് സെബാസ്റ്റ്യൻ, പി.വി. നാരായണവാര്യർ,  പി.വി. ജോർജ്,  എം.ജി. ബിജു,   കമ്മനമോഹനൻ,  കടവത്ത് മുഹമ്മദ്, കെ.ജെ. പൈലി, മാർഗരറ്റ് തോമസ്, ചിന്നമ്മ ജോസ്,  എ. പ്രഭാകരൻ മാസ്റ്റർ, അഡ്വ: എൻ.കെ. വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.  
        ക്ഷേത്രത്തിലേക്ക് പോകുന്നതിനായി ഗസ്റ്റ് ഹൗസ്  മുറ്റത്ത്  പ്രത്യേക വാഹനത്തിൽ വന്നിറങ്ങിയ രാഹുലിനെ എ.ഐ. സി.സി. നിരീക്ഷകൻ പി.വി. തങ്കബാലു, കെ.പി.സി.സി. ജനറൽ സെക്രട്ടറി   കെ.പി. അനിൽകുമാർ , മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ,  ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ   കെ.സി. സദാനന്ദൻ, ട്രസ്റ്റി  ദേവദാസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.  വിശ്രമമന്ദിരത്തിലെ മുറിയിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറി മുണ്ടും മേൽമുണ്ടും ധരിച്ചാണ്   പടികൾ കയറി  ക്ഷേത്ര മുറ്റത്തെത്തിയത്. ഓഫീസിലെത്തി പിതൃതർപ്പണ പൂജക്കുള്ള രശീതി വാങ്ങിയ ശേഷം നടയിൽ പ്രാർത്ഥന നടത്തി  പ്രതിജ്ഞയെടുത്തു. 
തുടർന്ന് പാപനാശിനിയിലേക്ക് പിതൃകർമ്മത്തിനായി നീങ്ങി.  ദേവസ്വം ട്രസ്റ്റി ദേവദാസ്  ,എക്സിക്യുട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, എ.ഐ. സി.സി. നിരീക്ഷകൻ  പി.വി. തങ്കബാലു   ,എ .ഐ . സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ , കെ.പി.സി.സി. ജനറൽ സെക്രട്ടറി   കെ.പി. അനിൽകുമാർ തുടങ്ങിയവർ പാപനാശിനിയിലേക്ക് അദ്ദേഹത്തെ അനുഗമിച്ചു. 
     പാപനാശിനിയിലെത്തിയ അദ്ദേഹം പിതാവിന്റെ മാതാവ് ഇന്ദിര ഗാന്ധി അടക്കമുള്ള ഏഴ് തലമുറകൾക്കും   പിതാവ് രാജീവ് ഗാന്ധിക്കും  ആദ്യം ബലി കർമ്മം ചെയ്തു. തുടർന്ന്  പുൽവാമ യിലും വിവിധ കാലഘട്ടങ്ങളിലും  സൈന്യത്തിൽ നിന്ന്  വീരമൃത്യു വരിച്ച ജവാൻമാർക്കും പിന്നീട്   കോൺഗ്രസ് പാർട്ടിയിൽ  രക്തസാക്ഷിത്വം വരിച്ച കൃപേഷും ശരത് ലാലും അടക്കമുള്ള എല്ലാവർക്കും അടക്കം വെവ്വേറെ പിണ്ഡം വെച്ച് പ്രാർത്ഥിച്ചു. പാപനാശിനിയിൽ കാർമ്മികനായ പയ്യന്നൂർ കരുവള്ളൂർ സ്വദേശി പയ്യള്ളിക്ക ഇല്ലത്ത്  ഗണേശൻ ഭട്ടതിരി ചൊല്ലി കൊടുത്ത സംസ്കൃത മന്ത്രോച്ചാരണങ്ങൾ രാഹുൽ ഏറ്റുചൊല്ലി.  പഞ്ച തീർത്ഥ കുളവും സന്ദർശിച്ച് വീണ്ടും ക്ഷേത്രത്തിലേക്ക് മടങ്ങി. നടയിലെത്തി പ്രാർത്ഥിച്ച ശേഷം      ക്ഷേത്രം മേൽശാന്തി  ഇ.എൻ. കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും  പ്രസാദവും നിവേദ്യവും സ്വീകരിച്ചു. ദക്ഷിണ നൽകിയായിരുന്നു മടക്കം.  അര മണിക്കൂർ കൊണ്ട് എല്ലാ ചടങ്ങുകളും കഴിഞ്ഞ്  ഹെലികോപ്റ്ററിൽ  ബത്തേരിയിലെ പൊതു സമ്മേളന സ്ഥലത്തേക്ക് പോയി. ക്ഷേത്ര ദർശനം കഴിഞ്ഞ് മുറിയിൽ പോയി വസ്ത്രം മാറ്റി വന്ന ശേഷം അടുത്ത് നിന്നവരെ അഭിവാദ്യം ചെയ്യുകയും  കോൺഗ്രസ് പ്രവർത്തകർക്ക് ഹസ്തദാനം നടത്തി കുറച്ച് പേർക്ക് സെൽഫിക്ക് പോസും ചെയ്താണ് മടങ്ങിയത്.    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *