April 19, 2024

വയനാട് ജില്ലയില്‍ മഴക്കാല രോഗപ്രതിരോധം ഊര്‍ജിതമാക്കും.

0

    മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍മപരിപാടിയുമായി ജില്ലാ ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്ലാന്റേഷന്‍ ഉടമകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നിലവിലെ സാഹചര്യങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു. പകര്‍ച്ച വ്യാധികള്‍ കാര്യക്ഷമമായി തടയുകയും മരണം ഇല്ലാതാക്കുകയുമാണ് പ്രധാന ലക്ഷ്യം. 50 കുടുംബങ്ങള്‍ക്ക് ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന ആനുപാതം കാര്യക്ഷമമാക്കണമെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. വാര്‍ഡു തലത്തില്‍ ശുചിത്വ സമിതി ചേരാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ യോഗം ചേരണം. ശുചിത്വ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിക്കാത്ത സാഹചര്യം ഗുരുതരമായ പിഴവാണെന്നും കളക്ടര്‍ ശ്രദ്ധയില്‍പ്പെടുത്തി. 

   വിവിധ മേഖലയിലെ ആരോഗ്യ വിഷയങ്ങള്‍ അതാത് വകുപ്പുകള്‍ സമയോചിതമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. കൂടാതെ ആവശ്യമായ പ്രതിരോധ മുന്നൊരുക്കങ്ങളും ചെയ്യണം. വാട്ടര്‍ അതോറിട്ടി ശുദ്ധജലം ലഭ്യമാക്കണം. വിദ്യാലയങ്ങളോട് ശുചിത്വം പാലിക്കാനും പ്രത്യേക ശുചിത്വ ബോധവത്ക്കരണ അസംബ്ലി ചേരാനും നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പ് അയല്‍ സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണം. സന്നദ്ധ സംഘടകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെ ഡ്രൈ ഡേ, ശുചിത്വ ഹര്‍ത്താല്‍ എന്നിവ ആചരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കും. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരാതെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ ബോധവത്ക്കരണം ശക്തമാക്കും. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണം. അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കടക്കം അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങളും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും പ്ലാന്റേഷന്‍ പ്രതിനിധികള്‍ക്ക് യോഗം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ  റിപോര്‍ട്ട് ചെയ്ത മരണസംഖ്യ 14 ആണ്. ഇവരില്‍ നാലുപേര്‍ പനി ബാധിച്ചു മരിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ വിവിധ പകര്‍ച്ചവ്യാധികളാലും മരിച്ചു. രണ്ടുപേര്‍ വീതം എലിപ്പനി, എച്ച് വണ്‍ എന്‍വണ്‍, ചെള്ള് പനി, കുരങ്ങുപനി എന്നിവ ബാധിച്ചും ഓരോ ആള്‍ വീതം ചിക്കന്‍ഫോക്‌സും ഹെപറ്റൈറ്റ്‌സ് ബിയും ബാധിച്ചു മരിച്ചു. ഈ വര്‍ഷം ഇതുവരെ 60,082 പനി കേസുകളും 10,742 വയറിളക്ക കേസുകളും റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. 
2018-ല്‍ ആകെ റിപോര്‍ട്ട് ചെയ്തത് 14 മരണങ്ങളായിരുന്നു. ഇതില്‍ ഏഴു പേര്‍ എലിപ്പനി മൂലമാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും.      

     യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ, മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹീം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്ലാന്റേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *