April 20, 2024

പട്ടിക വര്‍ഗ്ഗക്കാരുടെ കടം എഴുതി തള്ളല്‍ പദ്ധതി തയ്യാറാക്കുന്നു

0


  പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലേറ്റ  ആഘാതവും  സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് ജില്ലയിലെ ഉപജീവന മാര്‍ഗ്ഗം നഷ്ടപെട്ട പട്ടിക വര്‍ഗ്ഗക്കാരുടെ കടം എഴുതി  തള്ളാന്‍  പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍  എന്നിവിടങ്ങളില്‍ നിന്നെടുത്ത കടം എഴുതി തള്ളുന്നതിനാണ് പ്രൊപ്പോസല്‍ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെയും മേപ്പാടി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെയും  വായ്പ കുടിശ്ശികയുള്ളവരുടെ  വിവരങ്ങള്‍  ലീഡ് ബാങ്കില്‍ നിന്നും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വകുപ്പ് അധികൃതര്‍ ശേഖരിക്കും. വായ്പാ വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാകും  പ്രൊപ്പോസലിന്റെ  അന്തിമ രൂപം തയ്യാറാക്കുക. കടം എഴുതി തള്ളുന്നതിന് വ്യക്തിഗത അപേക്ഷകള്‍ നല്‍കുകയോ ട്രൈബല്‍ ഓഫീസില്‍ വരികയോ ചെയ്യേണ്ടതില്ലെന്ന്  കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷിദ് ചെമ്പന്‍തൊടിക അറിയിച്ചു. 2006 ഏപ്രില്‍ 1  മുതല്‍  2016 മാര്‍ച്ച് 31 വരെ   തിരിച്ചടവ് കാലാവധി കഴിഞ്ഞ്  കുടിശ്ശികയായ കടങ്ങള്‍  2015-16 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. സമാനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി   തയ്യാറാക്കുന്നത്. 
       2006 ഏപ്രില്‍ 1  മുതല്‍  2016 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍  തിരിച്ചടവ് കാലാവധി കഴിഞ്ഞ്  കുടിശ്ശികയായിട്ടുള്ളതും  മുതല്‍ , പലിശ , പിഴ പലിശ , മറ്റ്  ചെലവുകള്‍  എന്നിവ ഉള്‍പ്പെടെ ഒരു ലക്ഷം വരെയുള്ള  വായ്പകള്‍ എഴുതി തള്ളുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. ലോണ്‍ എടുത്ത വ്യക്തി പട്ടികവര്‍ഗ്ഗക്കാര നായിരിക്കണം. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ പദ്ധതിയുടെ  പ്രയോജനം ലഭിക്കുകയുള്ളൂ. ഒരു ലക്ഷം രൂപയില്‍ അധികം വരുന്ന കേസുകളില്‍  അധികം വരുന്ന തുക ബാങ്കുകള്‍/ ധനകാര്യ  സ്ഥാപനങ്ങള്‍  ഇളവ് ചെയ്യാന്‍ തയ്യാറുള്ളവയും പരിഗണിക്കും. ഒരു ലക്ഷത്തില്‍ അധികരിച്ച തുക ബന്ധപ്പെട്ട ബാങ്കില്‍ / ധനകാര്യ സ്ഥാപനത്തില്‍ അടക്കാന്‍ തയ്യാറുള്ള ഗുണഭോക്താക്കളെയും  പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ അധികരിച്ച തുക തിരിച്ചടക്കാനുള്ള സന്നദ്ധത അറിയിക്കേണ്ടതാണ്. ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ലിസ്റ്റിലുള്ളവരെയാണ് പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നത് എന്നതിനാല്‍  തങ്ങളുടെ പേര് ബാങ്ക് നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗുണഭോക്താക്കള്‍ ഉറപ്പ് വരുത്തുണം. കാര്‍ഷിക വായ്പ , വിദ്യാഭ്യാസ വായ്പ , സ്വയം തൊഴില്‍ വായ്പ (വ്യക്തിഗത  വായ്പകള്‍),   വിവാഹ ആവശ്യത്തിനുള്ള വായ്പകള്‍  സ്വര്‍ണ പണയത്തിനുള്ള വായ്പകള്‍ എന്നിവയിലുള്ള  കുടിശ്ശികകളാണ് പരിഗണിക്കുന്നത്. സംഘങ്ങളുടെ പേരിലെടുത്ത വായ്പകള്‍ പരിഗണിക്കുന്നതല്ല. വ്യക്തിഗത വായ്പകള്‍ മാത്രമാണ് പരിഗണിക്കുന്നത്. 2016 മാര്‍ച്ച് 31 ന്   തിരിച്ചടവ് കാലാവധി കഴിയാത്ത  വായ്പകള്‍ പരിഗണിക്കുന്നതല്ല. കേന്ദ്ര, സംസ്ഥാന  സര്‍ക്കാര്‍  വകുപ്പുകള്‍ , മറ്റ്  പൊതുമേഖല സ്ഥാപനങ്ങള്‍ , ബോര്‍ഡ് , കോര്‍പ്പറേഷനുകള്‍  അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , ബാങ്കിങ് മേഖല , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,  എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബങ്ങളുടെയും വായ്പകള്‍ പരിഗണിക്കുന്നതല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *