April 17, 2024

വയനാട് അതിജീവനത്തിന്റെ പുതുചരിത്രം രചിച്ചെന്ന് ജില്ലാ ഭരണകൂടം

0
Img 20190720 Wa0041.jpg

കൽപ്പറ്റ: 
ദിവസങ്ങളോളം പെയ്‌തൊഴിയാതെ നിന്ന  മഴയില്‍ മുങ്ങിയ കൃഷിയിടങ്ങള്‍. ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും തകര്‍ന്ന വീടുകളും പാതകളും. ഒടുവില്‍ മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വാസസ്ഥലങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞു കൂടിയ മണലും ചെളിയും. ജില്ലയെ വലിയ സാമ്പത്തിക പ്രയാസത്തിലേക്ക് തളളിവിട്ട നാളുകളാണ് കഴിഞ്ഞ് പോയത്. ഇന്ന് ജില്ലയിലെ ബാധിതമായ 49 വില്ലേജുകള്‍ക്കും പറയാനുള്ളത് അതിജീവനത്തിന്റെ പുതിയ ചരിത്രം. പ്രളയത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ  മേഖലകളെല്ലാം ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. ജനകീയം അതിജീവനം പൊതുജനസംഗമ വേദിയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ ഇതിനെല്ലാം  അടിവരയിടുന്നു. 

ജില്ലയിലെ മൂന്ന് താലൂക്കുകളിലായി  272 ക്യാമ്പുകളാണ് പ്രളയകാലത്ത് തുറന്ന് പ്രവര്‍ത്തിച്ചത്. 9557 കുടുംബങ്ങളില്‍ നിന്നായി ആകെ 34158 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉല്‍പാദന,സേവന,അടിസ്ഥാന സൗകര്യ മേഖലകളിലായി 2251.11 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി തിട്ടപ്പെടുത്തി. പ്രളയബാധിതരായ 8079 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8.07 കോടി രൂപ  നല്‍കി. പ്രളയത്തില്‍ മരണപ്പെട്ട 9 പേരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം ആകെ 36 ലക്ഷം രൂപയും വിതരണം ചെയ്തു.പ്രളയത്തില്‍ നഷ്ടപ്പെട്ട ആവശ്യരേഖകള്‍ നല്‍കുന്നതിനായി നടത്തിയ അദാലത്തില്‍ 120 പേര്‍ക്ക് രേഖകള്‍ നല്‍കി.  പൂര്‍ണ്ണമായി തകര്‍ന്ന 843 വീടുകളില്‍ വകുപ്പുകള്‍ നേരിട്ടും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും 217 വീടുകള്‍ പുനര്‍നിര്‍മ്മിച്ചു.ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മാണം നടത്തുന്ന 407 വീടുകളില്‍ 354 വീടുകള്‍ക്ക് ഒന്നാം ഗഡുവും 197 വീടുകള്‍ക്ക് രണ്ടാം ഗഡുവും 184 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കി. വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ച 6210 പേരില്‍ 6138 പേര്‍ക്കും ധനസഹായം നല്‍കി. ഇത്തരത്തില്‍ പ്രളയബാധിതരുടെ പുനരധിവാസത്തിന്  46.71 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു. അതോടൊപ്പം പ്രളയത്തില്‍ തകര്‍ന്ന മക്കിമല സ്‌കൂള്‍ പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കുവാനും സാധിച്ചു. 

മൃഗപരിപാലനം:
     മൃഗപരിപാലന മേഖലയിലെ 894 കര്‍ഷകര്‍ക്ക് 97,96,800 രൂപ നഷ്ടപരിഹാരമായി നല്‍കി. നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ (എന്‍.എല്‍.എം) പദ്ധതി പ്രകാരം 46 കര്‍ഷകര്‍ക്ക് 506 ആടുകളെ വിതരണം ചെയ്തു. പ്രളയ ബാധിതരായ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പം 68.9 ടണ്‍ ടി.എം.ആര്‍ തീറ്റയും 29.050 ടണ്‍ കാലിത്തീറ്റയും 26 ടണ്‍ പച്ചപ്പുല്ലും 10.92 ടണ്‍ സൈലേജും 14.595 ടണ്‍ വൈക്കോലും 2000 കിലോഗ്രാം ധാതുലവണ മിശ്രിതവും 10 ടണ്‍ ചുണ്ണാമ്പും 2.5 ടണ്‍ ബ്ലീച്ചിംഗ് പൗഡറും സൗജന്യമായി വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് മാത്രം 583 ക്ഷീരകര്‍ഷകര്‍ക്ക് പ്രളയ സഹായം നല്‍കിയിട്ടുണ്ട്. എം.എസ്.ഡി.പി പദ്ധതിയിലൂടെ 180 പശു യൂണിറ്റും ഡോണേറ്റ് എ കൗ പദ്ധതിയിലൂടെ 55 കറവപശുകളെയും 250 കിടാരികളെയും പ്രളയ ബാധിതരായ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി. 1300 കിലോഗ്രാം മിനറല്‍ മിക്ചറും 66,000 കിലോഗ്രാം കാലിത്തീറ്റയും 25 ടണ്‍ സൈലേജും 25 ടണ്‍ ഗ്രീന്‍ ഫോഡറും 12 ടണ്‍ വൈക്കോലും ക്ഷീരസംഘങ്ങള്‍ വഴി സബ്‌സിഡിയായി 10,7000 കിലോഗ്രാം കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ് നേരിട്ട് ലഭ്യമാക്കി. 
         
 കൃഷി:
2018 ആഗസ്റ്റ് മുതല്‍ 2019 ജൂണ്‍ വരെ ജില്ലയില്‍ കൃഷി വകുപ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 27.66 കോടി രൂപ ചെലവഴിച്ചു. 16,566 കര്‍ഷകര്‍ക്ക് ദുരിതാശ്വാസ സഹായം നല്കി. പ്രളയത്തില്‍ കാര്‍ഷിക മേഖലയില്‍ ജില്ലയില്‍ 12,400 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായിരുന്നു. 1377 കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 3 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി. 2645 കര്‍ഷകര്‍ക്ക് നെല്‍വിത്ത് ലഭ്യമാക്കി. 1,21,000 കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. സോയില്‍ അമലിയോറന്‍സ് ഇന്‍ സെലക്ടഡ് ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 6223 കര്‍ഷകര്‍ക്ക് സഹായം നല്‍കി. 

 പാതകളുടെ നവീകരണം

പ്രളയത്തില്‍ ജില്ലയില്‍ തകര്‍ന്ന 495.85 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ നന്നാക്കി. ഇതിനായി ആകെ 35.16 കോടി രൂപ ചെലവാക്കി. തകര്‍ന്ന ആറ് പാലങ്ങള്‍ നന്നാക്കുന്നതിനായി 2.95 കോടി രൂപയും ചെലവാക്കി. ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള 7,288 കിലോമീറ്റര്‍ റോഡും എട്ട് പാലങ്ങളും പുനര്‍നിര്‍മ്മിച്ചു. ഗ്രാമപഞ്ചായത്തിന്റെ ബജറ്റില്‍ നിന്നും ഈ പ്രവൃത്തികള്‍ക്കായി 73,77,302 രൂപ ചെലവാക്കി. 
 ആരോഗ്യം:

പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും ഏഴ് സബ് സെന്ററുകളും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ആകെ 64.60 ലക്ഷം രൂപ ചെലവാക്കി. പൊഴുതന പി.എച്ച്.സിക്ക് 20 ലക്ഷവും മാടക്കുന്ന്, പേര്യ സബ് സെന്ററിനായി ആറ് ലക്ഷവും പെരിങ്ങോട് സബ് സെന്ററിന് ഏഴ് ലക്ഷവും മണിയങ്ങോട് സബ് സെന്ററിന് 4.20 ലക്ഷവും വാരാമ്പറ്റ-മൊതക്കര സബ് സെന്ററിന് അഞ്ച് ലക്ഷവും കേണിച്ചിറ സബ് സെന്ററിന് 11 ലക്ഷവും ചെലവാക്കി. പ്രളയാഘാതത്താല്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട 7562 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി.      

വൈദ്യുതി :

ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന്  52.4 കി.മീറ്റര്‍ വൈദ്യുത ലൈന്‍ വലിക്കുന്നതിന് 30,39,490 രൂപ ചെലവഴിച്ചു. 2000 ഓളം വൈദ്യുതി കണക്ഷനുകള്‍ക്ക് 16,24,000 രൂപയും 16 ട്രാന്‍സ്‌ഫോമറുകള്‍ പുന:സ്ഥാപിക്കുന്നതിന്  18,56,000 രൂപയും  ചെലവിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന 1849 വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ 85,79,360 രൂപയും വകുപ്പ് ചെലവഴിച്ചു.

 ഉജ്ജീവന വായ്പ പദ്ധതി :

കുടുംബശ്രീ മുഖേന പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുനരാരംഭിക്കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഉജ്ജീവന വായ്പ പദ്ധതി പ്രകാരം വിവിധ ബാങ്കുകള്‍ വഴി 2837 പേര്‍ക്ക് 22.75 കോടി രൂപ ജില്ലയില്‍ വായ്പയായി നല്‍കി. ഇതില്‍ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ മാത്രം 3.21 കോടി നല്‍കി. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 50.9 ലക്ഷവും വായ്പയായി ലഭ്യമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *