April 18, 2024

വയനാട്ടിലുണ്ടൊരു പൈതൃക ഗ്രാമം തൃക്കൈപ്പറ്റയെന്ന സുന്ദര നാട്…

0
Img 20210907 Wa0020.jpg
റിപ്പോർട്ട് : അഖില ഷാജി
കൽപ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റയിലെത്തിയാൽ അതൊരു ലോകമാണ്. പ്രകൃതിയും മനുഷ്യനും ഇഴചേർന്നുള്ള പൈതൃക നാട്. മുളകൾകൊണ്ടും ചൂരലുകൾകൊണ്ടും കരകൗശല വസ്തുക്കളുടെ മായാലോകമൊരുക്കി തൃക്കൈപ്പറ്റ പൈതൃകഗ്രാമം. സാംസ്കാരിക വകുപ്പിനു കീഴിൽ 
സ്വയം സഹായ സംഘമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന മൂന്ന് വർഷം പിന്നിട്ട പൈതൃക ഗ്രാമം വിവിധ തരം ഉൽപ്പന്നങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ്. അൻപതിനു മുകളിൽ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് പൈതൃക ഗ്രാമത്തിൽ നിർമ്മിക്കുന്നത്. സ്ഥാപനത്തിന്റെ പ്രസിഡൻ്റായ ചന്ദ്രശേഖരൻ തമ്പിയുടെ നേതൃത്വത്തിലാണ് ഉൽപന്നങ്ങളുടെ വിൽപ്പനയും സ്ഥാപന നടത്തിപ്പും നടന്നു പോകുന്നത്.
പപ്പടം കുത്തി മുതൽ ഒരു വീട്ടിലെ അടുക്കളയിലേക്ക് വേണ്ട മിക്ക സാധനങ്ങളും ഇവിടെനിന്ന് ലഭ്യമാകും. അലങ്കാരത്തിന് പൂക്കൊട്ട, പലഹാര പാത്രങ്ങൾ , ബാസ്ക്കറ്റ്, പഴങ്ങൾ നിറച്ചു വെക്കുന്ന പാത്രങ്ങൾ, ലാമ്പ് ഷേഡുകൾ, അലങ്കാര വീടുകൾ എന്നിവയെല്ലാം പൈതൃക ഗ്രാമത്തിൽ തയ്യാറാണ്. ചൂരൽ കൊണ്ടുണ്ടാക്കിയ കുട്ടികൾക്ക് ഇരിക്കാവുന്ന ചെറിയ കസേരകൾ, വലിയ കസേരകൾ, സ്റ്റൂട്ടുകൾ,ആടുന്ന കസേരകൾ, ഊഞ്ഞാലുകൾ, സോഫാ സെറ്റുകൾ, ടേബിളുകൾ ,വലിയ ചൂരൽ കട്ടിൽ എന്നിവയെല്ലാം പൈതൃക ഗ്രാമത്തിലുണ്ട്. ഉണ്ടാക്കിയെടുത്ത ഉൽപ്പന്നങ്ങളിൽ ചെറിയ രീതിയിലുള്ള പെയിൻറിംഗ് ജോലികളും ചെയ്യുന്നത് ഇവർ തന്നെയാണ്. ഓർഡർ ചെയ്യുന്നതിനനുസരിച്ചുള്ള വസ്തുക്കളും ഇവിടെനിന്ന് നിർമ്മിച്ചു കൊടുക്കുന്നുണ്ട്.
യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെ കൈകൾകൊണ്ട് തന്നെ നിർമ്മിക്കുന്നു എന്നുള്ളതാണ് ഉൽപ്പന്നങ്ങളുടെയെല്ലാം പ്രത്യേകത. 17 സ്ത്രീകളും 3 പുരുഷന്മാരുമടക്കം 20 പേരാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ചൂരൽ കസേരകൾ 4 ദിവസം കൊണ്ടും കട്ടിൽ പോലുള്ള വലിയ ഉൽപ്പന്നങ്ങൾ ഒരാഴ്ചക്ക് മുകളിലെടുത്തുമാണ് നിർമ്മിക്കുന്നത്. വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ നിന്നുമാണ് മുളയുൽപ്പന്നങ്ങളിൽ പരിശീലനം ലഭിച്ചവരാണ് എല്ലാവരും. എല്ലാവരുടെയും ജീവിതമാർഗവും ഇതുതന്നെയാണ്. മുള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ആന മുളയും ചൂരൽ ഉൽപ്പന്നങ്ങൾക്കായി ഐരണി, റാഡാംങ് , കെട്ടുന്നതിനുള്ള പോളി എന്നീ വ്യത്യസ്ത ചൂരലുകളുമാണ് ഉപയോഗിക്കുന്നത്. ആന്ധ്ര പ്രദേശ്, ആസാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുമാണ് മുളയും ചൂരലും എത്തിക്കുന്നത്. പശ്ചിമബംഗാൾ സ്വദേശിയും ചൂരൽ ഉല്പ്പന്ന നിർമാണത്തിൽ അഗ്രഗണ്യനുമായ നരേഷ് റോയിയാണ് ചൂരൽ ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ 30 വർഷം വരെ ഈട് നിൽക്കുന്നതാണ് ചൂരൽ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ. പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഉൽപ്പന്നങ്ങളായതിനാൽ എല്ലാവർക്കും ഉപയോഗിക്കാൻ സുഖമാണെന്നും നല്ല ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് പൈതൃക ഗ്രാമത്തിൽനിന്നും വിൽക്കുന്നതെന്നും ചന്ദ്രശേഖരൻ തമ്പി ന്യൂസ്‌ വയനാടിനോട് പറഞ്ഞു. 2018-19 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ഗ്രാമീണമേഖലയിലെ ദാരിദ്ര നിർമ്മാർജനത്തിന് വേണ്ടിയാണ് പൈതൃകഗ്രാമം പദ്ധതി ആരംഭിച്ചത്. ആദിവാസി മേഖലയിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും ഏറെ ഉപകാരപ്രദമാകുന്ന പദ്ധതി
കൊറോണ പ്രതിസന്ധിയിൽ മറ്റുള്ള മേഖലയെപോലെ പ്രതിസന്ധിയിലാണ്. വിൽപ്പന കുറവാണ് പ്രധാന പ്രശ്നം. വരുമാനം തീരെ കുറവാണ് ലഭിക്കുന്നത്. പകുതി പേരാണ് ഇപ്പോൾ ജോലിക്ക് വരുന്നത്. കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ നല്ല പരിശീലനവും കോവിഡ് പ്രതിസന്ധി മറികടന്ന് കാര്യങ്ങൾ വീണ്ടും പഴയ രീതിയിൽതന്നെ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയിലാണിവർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *