സുല്‍ത്താന്‍ബത്തേരി: രാത്രിയാത്രാ നിരോധനം: കുട്ട-ഗോണിഗുപ്പ ബദലാവില്ല; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് കത്ത് നല്‍കി


Ad
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട്-മൈസൂര്‍-കൊല്ലഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനത്തിലെ 19 കിലോമീറ്റര്‍ ദൂരത്തില്‍ 2009 മുതല്‍ നിലവില്‍ വന്ന രാത്രിയാത്ര നിരോധന വിഷയത്തില്‍ നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന കുട്ട-ഗോണിഗുപ്പ ബദല്‍പാതക്കുള്ള നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്നും പ്രായോഗിക പോംവഴികള്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, രാഹുല്‍ഗാന്ധി എം പി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. കുട്ട-ഗോണിക്കുപ്പ വഴിയുളള പാത എന്‍ എച്ച് 766ന് ബദല്‍പാതയല്ലെന്ന് കേരളസര്‍ക്കാര്‍ കര്‍ണാടക-കേന്ദ്ര സര്‍ക്കാരുകളേയും ദേശീയപാത അതോറിറ്റിയേയും അറിയിക്കുക, രാത്രിയാത്രാ നിരോധനമുളള 19 കീ.മി പ്രദേശത്ത് പെന്‍ച് നാഷണല്‍ പാര്‍ക്കിലെ ദേശീയ പാതയിലെ മാതൃകയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയോടും, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയോടും, കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിക്കുക, ബദല്‍പാത എന്ന നിര്‍ദ്ദേശത്തില്‍ കര്‍ണാടക-കേന്ദ്രസര്‍ക്കാരുകള്‍ ഉറച്ച് നിന്നാല്‍ കുട്ട-ഗോണിക്കുപ്പ ബദല്‍പാതക്ക് പകരം കേരള സര്‍ക്കാര്‍ പരിഗണനയിലുളള നാറ്റ്പാക്ക് റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും, ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെടുക എന്നീ നിര്‍ദേശങ്ങളും എം എല്‍ എ കത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട് .കുട്ട-ഗോണിക്കുപ്പ ബദല്‍പാത എന്‍.എച്ച.766ന് ഒരുകാരണവശാലും ബദലാവില്ല. കോഴിക്കോട് മുതല്‍ കേരളാതിര്‍ത്തിവരെയുളള പ്രദേശങ്ങളില്‍ നിന്ന് ഈ ബദല്‍ പാതവഴി മൈസൂരിലേക്കുളള യാത്രാസമയം നിലവിലെ പാതയെക്കാള്‍ രണ്ടര മണിക്കൂറിലധികം കൂടുതലാണ്. നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍പാതയിലേക്ക് മൈസൂര്‍ മുതല്‍ കല്‍പ്പറ്റ വരെയുളള 140 കിലോമീറ്ററോളം ദൂരമാണ് എന്‍.എച്ച് 766 ല്‍ നിന്ന് മാറ്റേണ്ടിവരിക. കൈനാട്ടി മുതല്‍ മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ബത്തേരി, ഗുണ്ടല്‍പേട്ട, ബേഗൂര്‍, നഞ്ചന്‍ഗോഡ് തുടങ്ങിയ പ്രധാനപ്പെട്ട പട്ടണങ്ങളും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും, ബദല്‍പാത വന്നാല്‍ ദേശീയ പാതയില്‍ നിന്നും ഒഴിവാക്കപ്പെടും. കുട്ട-ഗോണിക്കുപ്പ ബദല്‍പാതയും വയനാട് വന്യജീവി സങ്കേതത്തിലും നാഗര്‍ഹോള നാഷണല്‍ പാര്‍ക്കിലുമായി 19 കിലോമീറ്ററോളം വനത്തിലൂടെ തന്നെ കടന്ന് പോകുന്നതാണ്. ബന്ദിപൂര്‍ വനത്തിലെ നിരോധനമുളള 19 കിലോമീറ്റര്‍ ദൂരം മറികടക്കാനായി മൈസൂര്‍ മുതല്‍ കല്‍പ്പറ്റ വരെ 140 കീ.മീ.ദൂരത്തില്‍ ദേശിയപാത വഴിതിരിച്ച് വിടുന്നതിലെ അപ്രായോഗികതയും, ഈ പ്രശ്നം പരിഹരിക്കാനുളള പ്രായോഗിക മാര്‍ഗങ്ങളും സുപ്രീംകോടതിയുടെയോ, കേന്ദ്ര-കര്‍ണാടക സര്‍ക്കാരുകളുടെ മുമ്പാകെയോ ഫലപ്രദമായി നിദ്ദേശിക്കപ്പെട്ടിട്ടില്ല. എന്‍.എച്ച് 766 ലെ രാത്രിയാത്രാനിരോധനത്തിന് കാര്യക്ഷമമായ പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാനായി കേരള സര്‍ക്കാര്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിരുന്നതും, അവര്‍ 2014 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതുമാണ്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെയും, ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന്റെയും ഭാഗമായി കുട്ട-ഗോണിക്കുപ്പ പാത എന്‍.എച്ച് 766ന് ബദല്‍ പാതയായി നിശ്ചയിക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെട്ട് വരികയാണെന്നും ഇത് അപ്രായോഗികമാണെന്നും, സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇനിയെങ്കിലും ഇടപെടണമെന്നും എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *