April 19, 2024

കൽപ്പറ്റ: കേരള വിനോദ സഞ്ചാര മേഖല സുതാര്യമാക്കാൻ ഇനി മൊബൈൽ ആപ്പും

0
Img 20210912 Wa0023.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
വിനോദ സഞ്ചാര മേഖല കൂടുതൽ സുതാര്യമാക്കി ജനകീയ പദ്ധതികൾ ആവിഷ്കരിക്കുന്ന ഘട്ടത്തിൽ സഞ്ചാരി സൗഹാർദ മൊബൈൽ ആപ്പ് ഒരുക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്.
യാത്ര ചെയ്യേണ്ട സമയത്ത് സഞ്ചാരികൾ പ്രതീക്ഷിക്കുന്ന എല്ലാ സംശയങ്ങൾക്കും പരിഹാരമായാണ് വിനോദ സഞ്ചാര വകുപ്പ് ആപ്പ്. ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്താനും യാത്രാനുഭവങ്ങള്‍ രേഖപ്പെടുത്താനും ആപ്പിലൂടെ സാധിക്കും
 കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്നത്‌ കൂടിയാണീ ആപ്പ്. 
കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് ആപ്പ് പുറത്തിറക്കിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആപ്പ് പുറത്തിറക്കിയത്.
 
ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിന്‍റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആകര്‍ഷകമായ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ആഗോള തലത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ആപ്പിന്‍റെ സമാരംഭം വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. വേണു പറഞ്ഞു. ഈ ഉപയോക്തൃ-സൗഹൃദ ആപ്പ് തയ്യാറാക്കുമ്പോള്‍ ടൂറിസം മന്ത്രിയുടെ നേരിട്ടുള്ള സംഭാവന ഉണ്ടായിരുന്നു. ഉപയോക്താവ് സൃഷ്ടിക്കുന്ന ഉള്ളടക്കം ചേര്‍ക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. ഇത് ആപ്പിന് കൂടുതല്‍ വളരാനും വൈവിധ്യം നല്‍കാനും അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകര്‍ഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാനും 'കഥ സൃഷ്ടിക്കുക' എന്ന ഓപ്ഷനിലൂടെ സന്ദര്‍ശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്‍റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പില്‍ ഉണ്ടായിരിക്കും.
ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നൂതനമായ സവിശേഷതകളോടെ ആപ്പ് കൂടുതല്‍ നവീകരിക്കും. അടുത്ത ഘട്ടത്തില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് അന്വേഷണം നടത്താന്‍ കഴിയുന്ന രീതി ഉള്‍പ്പെടുത്തും.
 
ലോകമെങ്ങും വിനോദ സഞ്ചാരമേഖല സാങ്കേതിക സാധ്യതകള്‍ തേടുകയാണ്. ഭാഷയുടെയും ദേശത്തിന്‍റെയും വൈവിധ്യങ്ങള്‍ ഒരു പ്രതിബന്ധമാകാതെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനും ടൂറിസം ആകര്‍ഷണങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസത്തിന്‍റെ മൊബൈല്‍ ആപ്പ് പുതിയ സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.
 
കേരളത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്ലറ്റുകള്‍ ആപ്പിലൂടെ കണ്ടെത്താനാകും. റെസ്റ്റോറന്‍റുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങള്‍ കണ്ടെത്താം.
 
ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതിക സാധ്യതകള്‍ കൂടി ചേരുമ്പോള്‍ ഒരു ഗെയ്മിംഗ് സ്റ്റേഷന്‍റെ സ്വഭാവങ്ങള്‍ കൂടിയുണ്ടാവുന്ന ആപ്പിന് ലോകമെങ്ങുമുള്ള യാത്രികരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news