ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണം; ഡി.വൈ.എഫ്.ഐ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


Ad
സുൽത്താൻ ബത്തേരി: അഴിമതിപ്പണം കൈപ്പറ്റുന്നതിന് ദൃക്സാക്ഷിയാണെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നിരവധിയായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുൻപ് പല തവണ വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഇപ്പോൾ കെ.പി.സി.സി എക്സികുട്ടീവ് അംഗവും മുൻ ഡിസിസി അദ്ധ്യക്ഷനുമായ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ ഐ.സി ബാലകൃഷ്ണന്റെ അഴിമതിയുടെ തെളിവുകൾ തൻറെ കൈവശമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡണ്ടിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന അദ്ദേഹത്തിന്റെ പരാമർശത്തിലൂടെ വ്യക്തമാവുന്നത് കോൺഗ്രസ് നേതൃത്വം അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാണ്.
 നിരവധി ഉദ്യോർത്ഥികളിൽ നിന്ന് ജോലി വാഗ്ദാനം നൽകി ഡിസിസി പ്രസിഡണ്ടായിരിക്കെ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തൽ വന്നിരുന്നു. ഇതിനെയെല്ലാം ശരിവയ്ക്കുന്നതാണ് പി.വി.ബാലചന്ദ്രന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ ധാർമ്മികമായും നിയമപരമായും എം.എൽ.എ സ്ഥാനത്ത് തുടരാൻ ഐ.സി ബാലകൃഷ്ണന് അർഹതയില്ല. 
ഈ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
  ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ജില്ലാ ജോയിൻറ് സെക്രട്ടറി ലിജോജോണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റിയംഗം TP ഋതുഷോബ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് കെ വെെ നിധിൻ സ്വാഗതവും, ബ്ലോക്ക് കമ്മറ്റിയംഗം സുർജിത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ ലിൻസൺ ജോസഫ്, സിബിൽ ബാബു എന്നിവർ നേതൃത്വം നൽകി.
   ഐ.സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ സമരം ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *