April 25, 2024

കെസ്‌റു- സ്വയം തൊഴില്‍ പദ്ധതി: 55 അപേക്ഷകള്‍ക്ക് അംഗീകാരം

0
Img 20210928 Wa0057.jpg
കൽപ്പറ്റ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ബാങ്ക് മുഖേന നടപ്പിലാക്കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതിയില്‍ വായ്പയ്ക്കായി അപേക്ഷിച്ച 55 സംരംഭകര്‍ക്ക് ജില്ലാ സമിതി അംഗീകാരം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭത്തിന്റെ പ്രായോഗികത, വരുമാന സാധ്യത എന്നിവ പരിശോധിച്ച ശേഷമാണ് അപേക്ഷകള്‍ക്ക് ജില്ലാ സമിതി അംഗീകാരം നല്‍കിയത്. അംഗീകരിച്ച അപേക്ഷകള്‍ ജില്ലാ സമിതിയുടെ ശുപാര്‍ശയോടെ അപേക്ഷകര്‍ ആവശ്യപ്പെടുന്ന സര്‍വ്വീസ് ഏരിയ ബാങ്കിലേക്ക് അയക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്.ഇ) എന്നിവര്‍ അടങ്ങുന്നതാണ് ജില്ലാ സമിതി. 
പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന വ്യക്തിഗത സംരംഭ പദ്ധതിയാണ് കെസ്‌റു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 21നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പയ്ക്കായി അപേക്ഷിക്കാം. ബാങ്കുകളുടെ സഹകരണത്തോടെ നിബന്ധനകള്‍ക്ക് വിധേയമായാണ് വായ്പ നല്‍കുക. വായ്പാ തുകയുടെ 20 ശതമാനമാണ് സബ്‌സിഡി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള തൊഴിലവസരങ്ങള്‍ക്ക് വായ്പ തടസ്സമാവില്ല. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കെ. ഗോപിനാഥ്, ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍. സുനില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ എ.എസ്. ജെസ്സിമോള്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജറെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി.ആര്‍. കലാവതി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്.ഇ) ടി. അബ്ദുല്‍ റഷീദ് തുടങ്ങിയവരാണ് അപേക്ഷകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. പരിപാടിയില്‍ ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.പി. അനുമോദ്, പി.കെ. സുനില്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *