ആദിവാസി കുടുംബങ്ങൾ വീട് നിർമ്മിക്കുന്നത് വനം വകുപ്പ് തടഞ്ഞു
സി.വി.ഷിബു.
കൽപ്പറ്റ:
വന്യമൃഗശല്യത്തെ തുടർന്ന് വനം വകുപ്പ് മാറ്റി പാർപ്പിച്ചസ്ഥലത്ത് ആദിവാസി കുടുംബങ്ങൾ വീട്
നിർമ്മിക്കുന്നത് വനം വകുപ്പ് തടഞ്ഞു.
കാട്ടുനായ്ക്ക വിഭാഗത്തിലെ രണ്ട് കുടുംബങ്ങൾ ദുരിതത്തിലായി.
തിരുനെല്ലിഗ്രാമ പഞ്ചായത്തിലെ അരണപ്പാറ മദ്ധ്യപ്പാടി കോളനിയിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളുടെ വീട് നിർമ്മാണമാണ് വനം വകുപ്പ് തടഞ്ഞത്.
സുനിത രമേശൻ ,ജാനു ബാലൻ എന്നിവരുടെ വീടുകൾ നിർമ്മാണം തുടങ്ങിയ ശേഷമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വനം വകുപ്പ് തടഞ്ഞത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് കുടുംബങ്ങൾക്കും മാസങ്ങൾക്ക്മുൻപ് വീട് അനുവദിച്ചത്. എഗ്രിമെന്റ് വെക്കുകയും വീട് നിർമ്മാണം തുടങ്ങുകയും ചെയ്തു.
രണ്ട് കുടുംബങ്ങൾക്കും തൊണ്ണൂറായിരം രൂപ വീതം ലഭിക്കുകയും തറയുടെ പ്രവ്യത്തി പൂർണ്ണമായും പൂർത്തിയാവുകയും ചെയ്ത ശേഷമാണ് ഇപ്പോൾ വീട് നിർമ്മാണം വനം വകുപ്പ് തടഞ്ഞത്.
മൂന്ന് സെന്റ് ഭൂമി പോലും ജാനു ബാലനും, സുനിതാ രമേശനും ഇല്ല. അടുത്തടുത്താണ് ഇരുവരുംവീട് നിർമ്മാണം തുടങ്ങിയത്.
കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇവിടെ കുടുംബസമേതം താമസിക്കുന്ന സുനിത ക്കും, ജാനുവിനും എന്തിനാണ് വനം വകുപ്പ് വീട് നിർമ്മാണം തടഞ്ഞതെന്ന് അറിയില്ല. വീട് നിർമ്മാണം നിർത്തിവെക്കണമെന്ന് വനപാലകർ പറഞ്ഞുവെന്നും കാരണം ചോദിച്ചപ്പോൾ ഒന്നും മറുപടി നൽകിയില്ലെന്നും ജാനുവും സുനിതയും പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി സുനിത രമേശനും കുടുംബവും താമസിക്കുന്ന ഏത് സമയത്തും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ സാദ്ധ്യതയുള്ള പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച കൂരക്കുള്ളിലാണ്.
സുനിതയും ഭർത്താവ് രമേശനും താമസിക്കുന്നത്.
ജാനുവും ഭർത്താവ് ബാലനും മക്കളായ ബിജു, ബിനു, 9-ാം ക്ലാസ് വിദ്യാത്ഥിനി വിനീഷ, ആറാം ക്ലാസ് വിദ്യാത്ഥിനി വിചിത്ര എന്നിവർ താമസിക്കുന്നത് നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്തതും നിന്നാൽ തല മുട്ടുന്നതുമായ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച കൂരക്കുള്ളിലാണ്.
മദ്ധ്യപ്പടി കാട്ടു നായ്കോളനിയിൽ 25 ലേറെ വീടുകളുണ്ട്. ഇപ്പോൾ ആറോളം വീടുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.സുനിത, ജാനു, എന്നിവരുടെ വീട് നിർമ്മാണത്തിന് മാത്രം വനം വകുപ്പ് തടസ്സം നിൽക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് നാട്ടുകാരായ കെ.സന്തോഷ്.പി.സി.കണ്ണനും പറഞ്ഞു.
സുനിത, ജാനു എന്നിവരും മറ്റ് ആറ് കുടുംബങ്ങളുംനേരത്തേ മദ്ധ്യപ്പാടി കോളനിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള മല്ലികപ്പാറ കുന്നിലാണ് താമസിച്ചിരുന്നത്. എന്നാൽ വനത്താൽചുറ്റപ്പെട്ട മല്ലികപ്പാറ കുന്നിൽ വന്യമൃഗങ്ങളുടെ ആക്രമം നിത്യസംഭവമായിരുന്നു.
ജാനുവിന്റെ ഭർത്താവ് ബാലന്റെ പിതാവ് വെള്ളു (60) വിനെ ഏഴ് വർഷം മുൻപ് കാട്ടാന ചവിട്ടി കൊല്ലുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് മല്ലിക പാറയിലെ എട്ട് കുടുംബങ്ങളെയും അവിടെ നിന്നും മാറ്റി പാർപ്പിക്കുകയായിരുന്നു.
ജാനു, സുനിത, അടക്കമുള്ള മൂന്ന് കുടുംബങ്ങളെ മദ്ധ്യപ്പാടി കാട്ടുനായ്ക്കകോളനിയിലും ,മറ്റ് അഞ്ച് കുടുംബങ്ങളെ മറ്റിടങ്ങളിലും വനം വകുപ്പ് മാറ്റി പാർപ്പിച്ചു.
വനം വകുപ്പ് മാറ്റി പാർപ്പിച്ച സ്ഥലത്ത് സുനിതയും, ജാനുവും വീട് നിർമ്മിക്കുന്നത് തടഞ്ഞ വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.





Leave a Reply