March 29, 2024

എന്‍എസ്എസ് കുട്ടികളെ മര്‍ദ്ദിച്ച് പ്രതികള്‍ക്ക് ജാമ്യം-പോലീസ് ഒത്തുകളിച്ചതായി ആരോപണം

0
.
വെള്ളമുണ്ട;ക്രിസ്‌തുമസ് ദിനത്തില്‍ മദ്യപിച്ച് വിദ്യാലയത്തില്‍ കയറി അദ്ധ്യാപകനെയും 9 കുട്ടികളെയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടികളെയുള്‍പ്പെടെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.സംഭവത്തില്‍ വെള്ളമുണ്ട പോലീസ് പ്രതിചേര്‍ക്കപ്പെട്ട കാരക്കാമല സ്വദേശികളായ നാല് പേര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്..കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ വെച്ച് കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്.സ്‌കൂള്‍ കോമ്പൗണ്ടില്‍ ജീപ്പുമായെത്തിയ പ്രതികള്‍ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റിനോട് ചേര്‍ന്ന സ്ഥലത്ത് നിന്നുകൊണ്ട് പരസ്പരം സംസാരിക്കുന്നത് ചോദ്യം ചെയ്ത അദ്ധ്യാപകനോട് കയര്‍ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കുട്ടികളെയുള്‍പ്പെടെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കുട്ടികള്‍ പൊലീസില്‍ മൊഴിനല്‍കിയത്.മര്‍ദ്ദനമേറ്റകുട്ടികളില്‍ നാല് പേരുടെ കൈക്ക് സാരമായ പരുക്കാണ് സംഭവിച്ചത്.ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ദിവസങ്ങളോളമുണ്ടായിരുന്നു.ഇവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്‌തെങ്കിലും സംഭവ ദിവസമോ അടുത്ത ദിവസമോ പ്രതികളെ പിടികൂടാനുള്ള യാതൊരു നീക്കവും പോലീസ് നടത്തിയിരുന്നില്ല.കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതികളുടെ ബന്ധുക്കള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിക്കില്ലെന്നുറപ്പായതോടെ പ്രതികളെ ഒളിപ്പിക്കുകയായിരുന്നു.പ്രതികള്‍ക്കെതിരെ സെഷന്‍സ് കോടതിയില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമെ പോലീസ് ചുമത്തിയിരുന്നുള്ളു.കുട്ടികളെ വടി കൊണ്ടടിച്ചു,സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി,അദ്ധ്യാപകന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നിവ മാത്രമായിരുന്നു പ്രധാനകുറ്റമായി ചേര്‍ത്തത്. പിന്നീട് പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതോടെ ഇവരെ പിടികൂടാനുള്ള നീക്കവും പോലീസ് ഉപേക്ഷിച്ചന്നാരോപണമുണ്ട്.മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പ്രതികളുടെ പേര് വിവരം പോലും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പോലീസ് തയ്യാറാവാത്തതും സംശയം ജനിപ്പിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *