April 19, 2024

പോലീസ് അദാലത്ത്: പരാതികള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് ഡി.ജി.പി.

0
02 1.jpg
കൽപ്പറ്റ:
    പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലയിലെ നേരിട്ടെത്തി പരാതികള്‍ സ്വീകരിച്ചു.  ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന  സംസ്ഥാന പോലീസ് മേധാവിയുടെ അദാലത്തില്‍ 70 പരാതികള്‍ ലഭിച്ചു.  ആദിവാസി മേഖലയിലുമായി ബന്ധപ്പെട്ട  വിഷയങ്ങള്‍,  കുടുംബപ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം, ദുരൂഹ സാഹചര്യത്തിലുളള മരണങ്ങളുടെ പുനരന്വേഷണം, ജനങ്ങളുടെ സൈ്വര്യജിവിതത്തെ ബാധിക്കുന്ന മറ്റ് പൊതു വിഷയങ്ങള്‍ എന്നിവയാണ്   ലഭിച്ച പരാതികളിലെറെയും. പോലീസ് ആസ്ഥാനത്ത് നിന്നും പരിഹരിക്കേണ്ടവ ഒഴികെയുളളവയില്‍ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി.   ദൂരെയിടങ്ങളില്‍ നിന്നുളള പൊതുജനങ്ങള്‍ക്ക് ഡി.ജി.പിയെ നേരില്‍ കണ്ട് പരാതികള്‍ സമര്‍പ്പിക്കാനുളള ബുദ്ധിമുട്ട് മനസിലാക്കിയാണ് ജില്ലാതലങ്ങളില്‍ പോലീസ് അദാലത്ത് നടത്തുന്നത്. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതോടെ ജനങ്ങളും പോലീസും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയാണ്. 
      ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന പരാതികളില്‍ പോലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന്  ഡി.ജി.പി പറഞ്ഞു. ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്ക് കടുത്ത നടപടിയെടുക്കും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് സമയബന്ധിതമായി പരിഹരിക്കാന്‍ നടപടികളെടുത്താല്‍ കോളനികള്‍ കേന്ദ്രീകരിച്ചുളള  ബാഹ്യ ഇടപടലുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രൈബല്‍ കോളനികളിലെ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറക്കാനുളള ബോധവല്‍ക്കരണ നടപടികള്‍ ജനമൈത്രി പോലീസ്  ഊര്‍ജ്ജിതപ്പെടുത്തും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടിയെടുക്കുന്ന പരാതികളില്‍ പോലീസ് ഗൗരവ നടപടികള്‍ സ്വീകരിക്കും. ആചാരങ്ങളുടെ ഭാഗമായി  വിവാഹം കഴിച്ച ശേഷം ആദിവാസി യുവാക്കള്‍ പോക്‌സോ കേസുകളില്‍പ്പെട്ട് ജയിലില്‍ പോകേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമപരവും സാമൂഹികവുമായ വിഷയമാണിത്. ഇതുസംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് നിയമ ഭേദഗതി ആവശ്യമാണ്. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്  ഉന്നത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സമിതിയുടെ യോഗം ഫെബ്രുവരി 1 ന് ജില്ലയില്‍ ചേരുമെന്നും ഡി.ജി.പി പറഞ്ഞു.

     അദാലത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി  കെ സേതുരാമന്‍, ക്രെം ബ്രാഞ്ച് എസ്.പി ഡോ.എ. ശ്രീനിവാസന്‍, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, ഡി.വൈ.എസ്.പിമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *