April 26, 2024

വിവാദം ചൂടുപിടിച്ചു: അട്ടിമറി ശ്രമങ്ങള്‍ക്ക് താക്കീതായി റയില്‍വേ ആക്ഷന്‍ കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി.

0
1.jpg
ബത്തേരി: കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി മൈസൂറിലേക്ക് പുതിയ ബദല്‍ പാതകള്‍ കൊണ്ടുവന്ന് ദേശീയപാത 766 അടച്ചുപൂട്ടിക്കാനും നഞ്ചൻഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനും വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ താക്കീതായി സുല്‍ത്താന്‍ ബത്തേരിയില്‍ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി.  
കേരള സര്‍ക്കാര്‍ മൂന്ന് ബദല്‍പാതകള്‍ സുപ്രീം കോടതിയില്‍ നിര്‍ദ്ദേശിക്കാനായി സത്യവാങ്മൂലം തയ്യാറാക്കി എന്‍.എച്ച് 766 അടച്ചുപൂട്ടുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.  ഇതില്‍ മാനന്തവാടി-ബാവലി- മൈസൂര്‍ റോഡ് ബദല്‍പാതയായി കേരള സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുകയും വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തതായും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ കരട് സത്യവാങ്മൂലത്തില്‍ പറയുന്നു.  കടുവാ സങ്കേതത്തിന്‍റെ ഉള്‍പ്രദേശത്തുകൂടി പോകുന്നതിനാല്‍ നിലവിലെ ദേശീയപാത 766 പകരമായി പുതിയ പാത വികസിപ്പിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്‍റെ മറവിലാണ് കേരള സര്‍ക്കാര്‍ മൂന്ന് ബദല്‍പാതകള്‍ നിര്‍ദ്ദേശിച്ചത്.  സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തുകയും സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് ദുരുപയോഗം ചെയ്ത് ബദല്‍പാതക്ക് അനുകൂലമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.  ഒരു ലോബി മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് ബദല്‍പാതക്കു വേണ്ടി കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ആക്ഷന്‍ കമ്മറ്റി ആരോപിച്ചു.
ധര്‍ണ്ണ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.  കേരളാ സര്‍ക്കാര്‍ തയ്യാറാക്കിയ ബദല്‍ പാതാ നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.  സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നതിലും അത് തയ്യാറാക്കുന്നതിലും ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാകുന്നത്.  പിഴവുകള്‍ വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നത് സംശയാസ്പദമാണ്.  സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സത്യവാങ്മൂലം തയ്യാറാക്കിയശേഷം എം.എല്‍.എമാരോട് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത് സുപ്രീം കോടതിയില്‍നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ എം.എല്‍.എമാരുടെ മേല്‍ പഴി ചാരുന്നതിനു വേണ്ടിയാണ്.   
യോഗത്തില്‍ അഡ്വ:പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.  കെ.എല്‍.പൗലോസ്, അഡ്വ:ടി.എം.റഷീദ്, വി.മോഹനന്‍, പി.പി.അയ്യൂബ്, ലക്ഷ്മണന്‍ മാസ്റ്റര്‍, പി.വൈ.മത്തായി, കെ.ശരീഫ്, സി.കെ.ഹാരിഫ്, പ്രശാന്ത് മലവയല്‍, കെ.പി.യൂസഫ് ഹാജി, വര്‍ഗ്ഗീസ്, കരുണാകരന്‍ ചെട്ടി, സംഷാദ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, മോഹനന്‍ നവരംഗ് എന്നിവര്‍ പ്രസംഗിച്ചു.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *