തൊവരിമല ഭൂസമരം: സമര നേതാക്കൾക്കെതിരായ ഉപരോധം പിൻവലിച്ചു.
തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് 2019 ഏപ്രിൽ 24ന് തൊവരിമല സമരഭൂമിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം തടവറയിലടച്ച സമര നേതാക്ക ളായ എം.പി.കുഞ്ഞിക്കണാരൻ, രാജേഷ് അ പ്പാട്ട് എന്നിവർ വയനാട് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടും മറ്റൊരു സമര നേതാവായ മനോഹരൻ മേപ്പാടി റേഞ്ചിൽ പ്രവേശിക്കുന്നതും തടഞ്ഞു കൊണ്ടുള്ള ജാമ്യവ്യവസ്ഥയിലെ ഉപാധികൾക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് വിധി വന്നിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കൾക്ക് കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് ചെയ്ത് ഒര് മാസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2020 ജനുവരി : 15 നാണ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലെ ഉപാധികൾ ദുർബലപ്പെടുത്തി കൊണ്ടു് ജഡ്ജ് ആർ നാരായണ പിഷാരടി ഉത്തരവിട്ടിരിക്കുന്നത്. ജാമ്യത്തിലിറങ്ങി 10 മാസമായിട്ടും ജില്ലയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്ന ഹൈക്കോടതിയുടെ മെയ് 24നുള്ള ജാമ്യവ്യവസ്ഥയിലെ ഉപാധികൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്സമര നേതാക്കൾ അഡ്വ.രാജേന്ദ്രൻ മുഖേന ഹൈക്കോടതി ബഞ്ചിൽ സമർപ്പിച്ച ഹരജിയിലാണ് ആവശ്യം അനുവദിച്ചു കൊണ്ട് ജഡ്ജ് ആർ . നാരായണപിഷാരടി ഉത്തരവിറക്കിയിരിക്കുന്നതു്.
തൊവരിമലയിലെ സർക്കാർ ഭൂമിയിൽ കഴിഞ്ഞ വർഷം ഏപ്രിൽ 21നാണു് ആദിവാസികൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിതരായ കുടുംബങ്ങൾ പ്രവേശിച്ചു കൂടിൽ കെട്ടി സമരമാരംഭിച്ചത്.ഹാരി സൺ മലയാളം പ്ലാന്റേഷനിൽ നിന്ന് 19 70 ൽ സർക്കാർ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റഡ് ആന്റ് അസൈൻമെൻറ് ആകട് അനുസരിച്ച് ഏറ്റെടുത്ത ഭൂമിയാണിത്. അമ്പത് വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഭൂമി ആദിവാസികൾ ഉൾപ്പെടെ ഭൂരഹിതർക്ക് പതിച്ചു കൊടുക്കാത്ത സാഹചര്യത്തിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂരഹിതർ തൊവരിമല ഭൂമിയിൽ കയറി അവകാശം സ്ഥാപിച്ചത്.
ഏപ്രിൽ 24ന് ആദിവാസി കുടുംബങ്ങളടക്കമുള്ള ഭൂരഹിതരെ നിഷ്ഠൂരമായി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കുടിയിറക്കുകയായിരുന്നു. അന്നു മുതൽ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂരഹിതരും ആദിവാസികളും വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ കലക്ട്രേറ്റിൽ ആരംഭിച്ച സമരം ഇപ്പൊഴും തുടരുകയാണു്. ഭൂരഹിതർക്ക് ഭൂമി നല്കി സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനവരി 22 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നത് ഉൾപ്പെടെ സമരം ശക്തിപ്പെടുത്തുന്നതിനായി ഭൂസമര സമിതി തീരുമാനിച്ചിരിക്കയാണ്.





Leave a Reply