കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർജ് പ്ലാൻ; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ


Ad
കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർജ് പ്ലാൻ;

നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ

സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർജ് പ്ലാനും ചികിത്സയ്ക്കായി മാർഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന കോവിഡിനും കോവിഡാനന്തര പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗം കുട്ടികളെ അധികം ബാധിച്ചില്ല. ഇരു തരംഗത്തിലും 10 ശതമാനത്തിൽ താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാൻ സാധ്യതയില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ കോവിഡ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു. കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിയാത്തതും ഈ ആശങ്കയിക്ക് കാരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്ന സാഹചര്യമുണ്ടായാലും കുട്ടികളിൽ രോഗം വർധിക്കാൻ സാധ്യതയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി സർജ് പ്ലാനും ചികിത്സാ മാർഗരേഖയും തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. 
  നേരിയ (മൈൽഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയർ) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കുട്ടികൾക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. കോവിഡ് ബാധിച്ചാൽ ബഹുഭൂരിപക്ഷം കുട്ടികൾക്കും നേരിയ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടിൽ തന്നെ ചികിത്സിക്കും. കൂടുതൽ രോഗലക്ഷണമുള്ള കുട്ടികളെ തീവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കും. ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലാണ് ചികിത്സിക്കേണ്ടത്. മിതമായ രോഗലക്ഷണമുള്ളവരെ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റൻസി യൂണിറ്റ്) സൗകര്യവും ഓക്സിജൻ നൽകാൻ സൗകര്യവുമുള്ള ജില്ലാ, ജനറൽ ആശുപത്രികളിലേക്കാണ് മാറ്റുക. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയർ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കും. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കും.
അപൂർവം ചില കുട്ടികളിൽ കാണുന്ന കോവിഡാനന്തര പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യവും ചികിത്സാ മാർഗരേഖയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രോഗമുക്തിക്കു ശേഷം ഈ കുട്ടികളുടെ തുടർ ചികിത്സയ്ക്കാവശ്യമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന് അമ്മയിൽ നിന്നും രോഗം പകരുമെന്നതിനും തെളിവില്ല. മുലപ്പാലിൽ നിന്ന് രോഗം പകരുമെന്നതിനും തെളിവില്ല. അതിനാൽ കുട്ടികൾക്ക് മുലപ്പാൽ നൽകാം. അമ്മയിൽ നിന്നും വായുവിലൂടെ മാത്രമേ കുട്ടിക്ക് രോഗം പകരാൻ സാധ്യതയുള്ളു. മുലപ്പാൽ നൽകുന്ന സമയത്ത് അമ്മ എൻ 95 മാസ്‌ക് ധരിക്കണം. കൈകൾ സോപ്പുയോഗിച്ച് ഫലപ്രദമായി കഴുകിയതിന് ശേഷം മാത്രമേ പാൽ നൽകാവൂ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *