April 25, 2024

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

0
Img 20210623 083647.jpg
സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി
സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇതിൽ പഴുതടച്ച അന്വേഷണം നടത്തും.
രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. സ്വന്തം മക്കളെ വിൽപ്പനച്ചരക്കാക്കരുത്. വിവാഹത്തെയും കുടുംബജീവിതത്തെയും വ്യാപാരക്കരാറായി തരംതാഴ്ത്തരുത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആൺകുട്ടികളിലുണ്ടാക്കരുത്. ഭർത്താവിന്റെ പീഡനം സഹിച്ച് കഴിയേണ്ടവളാണെന്ന ചിന്ത പെൺകുട്ടികളിലും സൃഷ്ടിക്കരുത്. സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകൾ സമൂഹത്തിന് ആവശ്യമായ സമയമാണിത്. ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കോൺഫ്‌ളിക്റ്റ് റെസല്യൂഷൻ സെൻറർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ  സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം നിലവിലുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം  ഉപയോഗിക്കാം. ഇത്തരം പരാതികളുളളവർക്ക്  aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയയ്ക്കാം. പരാതി അറിയിക്കാനുള്ള മൊബൈൽ നമ്പർ 9497996992 ജൂൺ 23 മുതൽ നിലവിൽ വരും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 9497900999, 9497900286.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറിൽ ജൂൺ 23 മുതൽ പരാതികൾ അറിയിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *