IMG-20220805-WA00712.jpg

എ.ബി.സി.ഡി നൂല്‍പ്പുഴ : ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ഫുള്‍ സര്‍ട്ടിഫിക്കറ്റ്


AdAd
നൂൽപ്പുഴ : ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് (എ.ബി.സി.ഡി) അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാവുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുന്നതോടൊപ്പം രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും ക്യാമ്പയിനിലുണ്ട്. നൂല്‍പ്പുഴ പഞ്ചായത്തിലെ 3500 കുടുംബങ്ങളില്‍ നിന്നുളള 17000 ത്തോളം വരുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എ.ബി.സി.ഡി ക്യാമ്പയിന്‍ ഗുണകരമാകും. 
വയനാട് ജില്ല ഭരണകൂടവും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തും പട്ടികവര്‍ഗ്ഗ വികസന വകുപ്പും, അക്ഷയ കേന്ദ്രവും മറ്റു സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് ക്യാമ്പയിന്‍ നടത്തുന്നത്. കേരള ഗ്രാമീണ്‍ ബാങ്ക് കല്ലൂര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മൂലങ്കാവ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സഹകരണത്തേടെ നടക്കുന്ന ക്യാമ്പ് ഇന്ന് (ശനിയാഴ്ച്ച) സമാപിക്കും. 20 അക്ഷയ കൗണ്ടറുകളിലൂടെയും പൊതുവിതരണ വകുപ്പ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് , ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ആയിരത്തിലധികം അപേക്ഷകളില്‍ രണ്ട് ദിവസങ്ങളിലായി നടപടിയെടുത്തു. ക്യാമ്പില്‍ 3000 ത്തില ധികം സേവനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വകുപ്പിലെ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, വൈസ് പ്രസിഡന്റ് ഉസ്മാന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ പ്രമോദ്, ഐ ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, ജെറിന്‍.സി.ബോബന്‍ എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 
നായ്ക്കട്ടി മദ്രസ്സ ഹാളില്‍ തുടങ്ങിയ ക്യാമ്പ് സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, സുല്‍ത്താന്‍ ബത്തേരി കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, എസ്.ടി പ്രമോട്ടര്‍മാര്‍, ഊരുമിത്രങ്ങള്‍, ആനിമേറ്റര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്‌സ് അധ്യാപകര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സഹായികളായി പ്രവര്‍ത്തിക്കുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.