March 28, 2024

ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: രാഹുൽ ഗാന്ധി.

0
Img 20190417 Wa0147
തിരുവമ്പാടി: തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയ്‌ക്കൊപ്പം ഞാനിന്ന് ഊണു കഴിച്ചു. ഞാനവരോടു ചോദിച്ചു, നിങ്ങളുടെ അഛനും അമ്മയും എന്തു ചെയ്യുകയാണെന്ന്. അവര്‍ പറഞ്ഞു, തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുകയാണെന്ന്. എനിക്ക് ഐഎഎസ് ലഭിച്ചത് അതുകൊണ്ടാണെന്നും. 
ഈ തൊഴിലുറപ്പു പദ്ധതിയെയാണ് പ്രധാനമന്ത്രി കുറ്റം പറഞ്ഞു നടക്കുന്നത്. ഈ പദ്ധതിയെയാണ് രാജ്യത്തിന് അപമാനമാണെന്നു പറയുന്നതും പരിഹസിക്കുന്നതും. അദ്ദേഹത്തിനു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാനത തത്വംപോലും അറിയില്ല. തൊഴിലുറപ്പു പദ്ധതികൊണ്ടുവന്നതു കോണ്‍ഗ്രസാണ്. അടിസ്ഥാന വരുമാന പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതും കോണ്‍ഗ്രസ് തന്നെ. തൊഴിലുറപ്പും ന്യായും വഴി കോണ്‍ഗ്രസ് ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കുമെന്നും നീണ്ട കരഘോഷങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.  തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
ഞാന്‍ നിങ്ങളോട് ആത്മബന്ധം ആഗ്രഹിക്കുന്ന മകനോ സഹോദരനോ സുഹൃത്തോ ആവാനാണ് ആഗ്രഹിക്കുന്നതെന്ന മുഖവുരയോടെയാണ്  അദ്ദേഹം പ്രസംഗം ആരംഭിച്ചത്.  സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും ആയിരക്കണക്കിനു ശ്രീധന്യമാരുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാക്കിക്കളഞ്ഞത്. അവരുടെ ജീവിതങ്ങള്‍ തിരിച്ചു പിടിക്കണം. അതിനായി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തും. അടിസ്ഥാന വരുമാന പദ്ധതിയിൽ പ്രതിവർഷം ഒരു കുടുംബത്തിന് 72,O00 രൂപ ഉറപ്പാക്കും. കര്‍ഷകര്‍ക്കു പ്രത്യേകമായി കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. ഒരു കര്‍ഷകനും ഇനി വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ജയിലില്‍ പോവേണ്ടി വരില്ല. ജനങ്ങളുടെ പണം ബാങ്കുകളില്‍ സ്വരൂപിച്ച് സമ്പന്നര്‍ക്കു വായ്പ നല്‍കി അവരെ സുരക്ഷിതമായി രാജ്യം വിടാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അനുവദിക്കില്ല. വായ്പ തിരിച്ചടക്കാതെ മുങ്ങിയ  മുഴുവന്‍ സമ്പന്നരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. 
കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ കാരണം കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിലകുറഞ്ഞു. റബര്‍ മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതുകാരണം കേരളത്തില്‍ റബറിനു വിലയിടിഞ്ഞു. വയനാടിനെ ആഗോള ടൂറിസം കേന്ദ്രമായി മാറ്റും. ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധന വിഷയത്തിന് പരിഹാരം കാണും. ഭാഷയിലോ പൈതൃകത്തിലോ സംസ്കാരത്തിലോ ദക്ഷിണേന്ത്യക്ക് എന്താണ് കുറവുള്ളത്? എന്നാൽ, ചിലർക്ക് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്നില്ല. ഒറ്റ ഭാഷ, ആശയം, ചിന്ത എന്നതാണ് അവരുടെ ലക്ഷ്യം. വൈവിധ്യങ്ങൾ അവർ ആഗ്രഹിക്കുന്നില്ല.  അതുകൊണ്ടാണ് താൻ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും  രാഹുൽ ഗാന്ധി പറഞ്ഞു. 
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മില്ലി മോഹൻ, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല, സി.പി ചെറിയമുഹമ്മദ്  തുടങ്ങിയവർ സംസാരിച്ചു. ജ്യോതി വിജയകുമാർ പ്രസംഗം പരിഭാഷപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *